Lead NewsNEWS

ദമ്പതികള്‍ പൊളളലേറ്റ് മരിച്ച സംഭവം; മക്കള്‍ക്ക് വീടും സ്ഥലവും വാഗ്ദാനം ചെയ്ത് യൂത്ത് കോണ്‍ഗ്രസ്‌

തിരുവനന്തപുരം: കുടിയൊഴിപ്പിക്കലിനിടെ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍
മക്കള്‍ക്ക് സ്ഥലവും വീടും വാഗ്ദാനം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്‌.

‘അവന്റെ ഉറ്റവര്‍ ജീവനോടെയിരിക്കുമ്പോള്‍ അവരെ സഹായിക്കാന്‍ നമ്മുക്ക് ആര്‍ക്കും സാധിച്ചില്ല.. ആ കുറ്റബോധത്തോടെ തന്നെ ഇവര്‍ക്കൊരു സ്ഥലവും വീടും ഒരു ഉത്തരവാദിത്തം എന്ന നിലക്ക് യൂത്ത് കോണ്‍ഗ്രസ്സ് ഏറ്റെടുക്കുന്നു’- ഷാഫി പറമ്പില്‍ കുറിച്ചു.

പൊലീസിന്റെ അമിത താല്‍പ്പര്യം നിറഞ്ഞ നടപടിയോട് ദുര്‍ബലമായ ചെറുത്തു നില്‍പ്പു നടത്തി കീഴടങ്ങുകയായിരുന്നു രാജനും അമ്പിളിയും. ദമ്പതികളുടെ മക്കളായ രാഹുലും രഞ്ജിത്തും ഇപ്പോള്‍ തനിച്ചാണ്. രാഹുല്‍ പഠനം നിറുത്തി വര്‍ക്ക്‌ഷോപ്പില്‍ ജോലിക്ക് പോകുകയാണ്. രഞ്ജിത് പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്.

ജനുവരി നാലുവെര സ്ഥലം ഒഴിയുന്നതിന് സാവകാശം നല്‍കികൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിന് വിരുദ്ധമായി പോലീസ് പ്രവര്‍ത്തിച്ചു. റവന്യൂ ഉദ്യോഗസ്ഥരാരും തന്നെ പോലീസിനൊപ്പം കുടിയൊഴിപ്പിക്കല്‍ നടപടികള്‍ക്കായി എത്തിയില്ലെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

ഇക്കഴിഞ്ഞ 22നായിരുന്നു സംഭവം. ഒരുവര്‍ഷം മുമ്പ് അയല്‍വാസി തന്റെ മൂന്ന് സെന്റ് പുരയിടം രാജന്‍ കൈയേറിയതായി കാണിച്ച് നെയ്യാറ്റിന്‍കര മുനിസിഫ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. അനുകൂല വിധി ലഭിച്ചതിനെ തുടര്‍ന്ന് വീട് ഒഴിപ്പിക്കാനെത്തിയപ്പോഴാണ് ദമ്പതികള്‍ തീകൊളുത്തിയത്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ രാജന്‍ ഭാര്യ അമ്പിളിയെ ചേര്‍ത്ത് പിടിച്ച് പെട്രോള്‍ ദേഹത്തൊഴിച്ച് ലൈറ്റര്‍ കത്തിക്കുകയായിരുന്നു. ലൈറ്റര്‍ തട്ടി മാറ്റാന്‍ പോലീസ് ശ്രമിക്കുന്നതിനിടെ ഇരുവരുടെയും ദേഹത്ത് തീപടര്‍ന്നു. വളരെ പ്രയാസപ്പെട്ട് തീ കെടുത്തി ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ രാവിലെയോടെ രാജനും വൈകുന്നേരത്തോടെ അമ്പിളിയും മരിച്ചു. തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഗ്രേഡ് എസ്‌ഐ അനില്‍കുമാറിനും പൊള്ളലേറ്റു.

ഒഴിപ്പിക്കല്‍ സംഭവത്തില്‍ പൊലീസിനെതിരെ ആരോപണവുമായി മകന്‍ രഞ്ജിത്ത് രംഗത്തെത്തി. നേരത്തേയും സ്ഥലം ഒഴിപ്പിക്കാനായി ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. പൊലീസിനെ പേടിപ്പിച്ച് പിന്‍തിരിപ്പിക്കാന്‍ മാത്രമാണ് അച്ഛന്‍ ശ്രമിച്ചത്. ഇരുവരുടെയും മരണത്തിന് കാരണം പൊലീസാണെന്നും മകന്‍ പറഞ്ഞു. തീപിടിത്തത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവം നടന്ന് 20 മിനിട്ടിന് ശേഷം ഇവര്‍ക്ക് അനുകൂലമായി സ്റ്റേ ലഭിക്കുകയും ചെയ്തു.

https://www.facebook.com/shafiparambilmla/posts/3707183085985297

Back to top button
error: