Lead NewsNEWS

മന്‍ കി ബാത്തില്‍ യുവാക്കളെ പ്രശംസിച്ച് മോദി, കാര്‍ഷികനിയമത്തെക്കുറിച്ച് സംസാരിച്ചില്ല, പാത്രം കൊട്ടി പ്രതിഷേധിച്ച് കര്‍ഷകര്‍

രാജ്യത്തെ യുവാക്കളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ യുവാക്കളെ കാണുമ്പോള്‍ എനിക്ക് സന്തോഷവും ആശ്വാസവും തോന്നുന്നു. എന്റെ രാജ്യത്തെ യുവാക്കള്‍ക്ക് എന്തും ചെയ്യാന്‍ കഴിയുമെന്ന സമീപനമാണുള്ളത്. ഒരു വെല്ലുവിളിയും അവര്‍ക്ക് വളരെ വലുതല്ല. ഒന്നും അവരുടെ പരിധിക്കപ്പുറമല്ലെന്നും മോദി പറഞ്ഞു. പ്രതി മാസം റേഡിയോ പരിപാടിയായ മന്‍ കിബാത്തിലൂടെയായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

2020 ല്‍ ഉണ്ടായ പ്രതിസന്ധി പാഠം പഠിപ്പിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. അടുത്തവര്‍ഷം രോഗസൗഖ്യത്തിനാകും പ്രാധാന്യം. രാജ്യം സ്വയം പര്യപ്തതയുടെ പാതയിലാണെന്നും, നമ്മുടെ ഉത്പന്നങ്ങള്‍ പരമാവധി പ്രചരിപ്പിക്കുകയും, ഉപയോഗിക്കുകയും വേണമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, കര്‍ഷകര്‍ പ്രധാനമന്ത്രിയുടെ മന്‍ കീ ബാത് പ്രസംഗം ബഹിഷ്‌കരിച്ചു. സമരത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത് കര്‍ഷകര്‍ ബഹിഷ്‌കരിച്ചത്. പ്രധാനമന്ത്രി പ്രസംഗിക്കുമ്പോള്‍ കൈയടിച്ചും പാത്രം കൊട്ടിയുമാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്.

പ്രധാനമന്ത്രിയുടെ ഈ വര്‍ഷത്തെ അവസാനത്തെ മന്‍ കീ ബാത്തിന്റെ വേളയില്‍ പാത്രം കൊട്ടി പ്രതിഷേധിക്കാന്‍ കര്‍ഷകരെ പിന്തുണക്കുന്ന എല്ലാവരോടും കര്‍ഷകര്‍ അഭ്യര്‍ഥിച്ചിരുന്നു. കോവിഡ് പോരാളികള്‍ക്ക് പാത്രം കൊട്ടി ആദരവ് പ്രകടിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. പാത്രം കൊട്ടല്‍ തന്നെ പ്രധാനമന്ത്രിക്കെതിരായ സമരരീതിയാക്കുകയാണ് കര്‍ഷക നിയമത്തിനെതിരേ പ്രതിഷേധിക്കുന്ന കര്‍ഷകര്‍. സ്വന്തം മനസിലുള്ളത് പറയുകയല്ല, മറ്റുള്ളവര്‍ പറയുന്നതാണ് പ്രധാനമന്ത്രി കേള്‍ക്കേണ്ടതെന്ന് കര്‍ഷകര്‍ പറഞ്ഞു.

കേന്ദ്രവുമായി അടുത്ത ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ രൂക്ഷമായ സമരത്തിനൊരുങ്ങാന്‍ ഇരിക്കുകയാണ് സംഘടനകള്‍. അതേസമയം ഇത്തവണ കര്‍ഷകര്‍ക്ക് പിന്തുണയുമായി സമരത്തില്‍ മത്സ്യത്തൊഴിലാളികളും എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ടി.എന്‍. പ്രതാപന്‍ എം.പിയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി ഒന്നുമുതല്‍ ഏഴുവരെ മുഴുവന്‍ സംസ്ഥാനങ്ങളിലും തൊഴിലാളി-കര്‍ഷക ഐക്യം എന്ന മുദ്രാവാക്യത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് തീരുമാനം.

അതേസമയം, സമരം കടുപ്പിക്കാന്‍ കൂടുതല്‍ കര്‍ഷകര്‍ ഭക്ഷ്യധാന്യവും മറ്റും ശേഖരിച്ച് കര്‍ഷകര്‍ പഞ്ചാബില്‍ നിന്ന് പുറപ്പെട്ടു കഴിഞ്ഞുവെന്നാണ് അറിയാന്‍ സാധിക്കുന്നത്.

ചര്‍ച്ച പരാജയപ്പെട്ടാല്‍ 30-ന് കുണ്ട്‌ലി-മനേസര്‍-പല്‍വല്‍ ദേശീയപാതയില്‍ ട്രാക്ടര്‍ റാലി നടത്തുമെന്ന് കര്‍ഷകനേതാക്കള്‍ പ്രഖ്യാപിച്ചു. പുതുവത്സരാഘോഷം കര്‍ഷകര്‍ക്കൊപ്പം ആഘോഷിക്കാനും നേതാക്കള്‍ അഭ്യര്‍ഥിച്ചു. കേന്ദ്രസര്‍ക്കാരിനേതിരുള്ള വന്‍പ്രക്ഷോഭം അന്നേദിവസം നിശ്ചയിക്കുമെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളില്‍ ദേശീയപാതകളില്‍ ടോളുകള്‍ ബലം പ്രയോഗിച്ചു തുറക്കുന്ന ഇപ്പോഴത്തെ സമരം ഞായറാഴ്ചയ്ക്കുശേഷവും തുടരാനാണ് കര്‍ഷകരുടെ തീരുമാനം.

Back to top button
error: