Lead NewsNEWS

ഇഡി കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയ റെസിഉണ്ണി ശിവശങ്കരനുമായി അടുത്ത ബന്ധമുള്ള സ്ത്രീ, അധികാരസ്ഥാനങ്ങളിൽ കുടിയേറിയത് സംസ്ഥാനത്തെ ശക്തനായ മന്ത്രിയുടെ സഹായത്തോടെ, റെസിഉണ്ണിയെ ഇഡി തിരിച്ചറിയുമ്പോൾ

നയതന്ത്ര സ്വർണക്കടത്ത് കേസിൽ ഒരു പുതിയ കഥാപാത്രത്തിന്റെ പേരുകൂടി ഇഡി അവതരിപ്പിച്ചിരുന്നു. ശ്രീമതി റെസിഉണ്ണി എന്നാണ് ആ പേര്. എം ശിവശങ്കരനെ പ്രതി ചേർത്ത് സമർപ്പിച്ച പുതിയ കുറ്റപത്രത്തിൽ ആണ് ഈ പേര് വരുന്നത്.

പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സുമായി ബന്ധപ്പെട്ടും സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടും പുറത്തുവന്ന വാർത്തകളെക്കുറിച്ച് ശിവശങ്കർ ദിനംപ്രതി റെസിഉണ്ണിയുമായി ആശയവിനിമയം നടത്തിയിരുന്നു എന്നാണ് കുറ്റപത്രത്തിൽ ഉള്ളത്. എന്നാൽ ആരാണ് റെസിഉണ്ണി എന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടില്ല.

ഇതുവരെ മൊഴി രേഖപ്പെടുത്തുകയോ ചോദ്യംചെയ്യുകയോ ചെയ്ത ആളുകളുടെ പട്ടികയിൽ റെസിഉണ്ണിയുടെ പേരില്ല. സരിത്,സ്വപ്ന എന്നിവരെ കുറിച്ച് റെസിഉണ്ണിയുമായി ശിവശങ്കർ ദീർഘമായി ചാറ്റ് നടത്തുന്നുണ്ട്.

റെസിഉണ്ണി എന്ന കഥാപാത്രത്തെ ഇ ഡി തിരിച്ചറിഞ്ഞതായാണ് സൂചന.പഠനകാലം മുതൽ റെസിഉണ്ണിയുടെ ഭർത്താവ് ശിവശങ്കരന്റെ സുഹൃത്താണ്. വിഎസ് മുഖ്യമന്ത്രിയായിരിക്കെ ഭരണതലത്തിൽ നിർണായക ചുമതല വഹിക്കുന്ന ആളാണ് ഭർത്താവ്.ശിവശങ്കറിന്റെ പ്രത്യേക താല്പര്യത്തിൽ ഇവർ ചില പദ്ധതികളുടെ തലപ്പത്ത് എത്തി.

സംസ്ഥാനത്തെ ഒരു പ്രമുഖൻ ആയ മന്ത്രിയുമായി റെസിഉണ്ണിക്ക് അടുത്ത ബന്ധമുണ്ട് എന്ന് സൂചനയുണ്ട്. കുറച്ചുകാലം മന്ത്രിക്ക് സഹായിയായി പ്രവർത്തിച്ചിരുന്നു എന്നാണ് വിവരം.

ഒരു പ്രശസ്ത ഐഎഎസുകാരി സർക്കാരുമായുള്ള സഹകരണം നിർത്തി വീട്ടിൽ ഇരിക്കുന്നതിന് കാരണം ശിവശങ്കറും റെസിഉണ്ണിയുമാണെന്ന് ആരോപിക്കുന്നവർ ഉണ്ട്‌.ഇപ്പോൾ ദീർഘകാല അവധിയിൽ ആണ് ഇവർ. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അവധി എടുക്കൽ.

ഈ സ്ത്രീക്ക് സ്വർണക്കടത്തുമായി നേരിട്ട് ബന്ധമുണ്ടോ എന്ന കാര്യം ഇ ഡി പറയുന്നില്ല. എന്നാൽ ഇക്കാര്യങ്ങൾ ശിവശങ്കർ ഇവരുമായി ചർച്ച ചെയ്തിരുന്നു എന്ന സൂചന ഇ ഡി നൽകുന്നുണ്ട്.

Back to top button
error: