Lead NewsNEWS

സമൂഹത്തില്‍ പിന്തള്ളപ്പെട്ടുപോയവരെ കൈപിടിച്ചുയര്‍ത്തിയ ഭരണം: മുഖ്യമന്ത്രി

ലകാരണങ്ങളാല്‍ സമൂഹത്തില്‍ പിന്തള്ളപ്പെട്ടുപോയവരെ കൈപിടിച്ചുയര്‍ത്താനും ഒപ്പം നിര്‍ത്താനുമുള്ള നടപടികളാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരള കുതിപ്പിന് സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുമായി സംവദിക്കുന്ന കേരള പര്യടനത്തിന്റെ ഭാഗമായി കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സമൂഹത്തില്‍ പൊതുവായ വികസനം ഉണ്ടാകുമ്പോഴും പിന്തള്ളപ്പെട്ടുപോകുന്നവരുണ്ട്. ഇവരുടെ ഉന്നമനത്തിനും ക്ഷേമത്തിനും പ്രത്യേക പരിഗണനയാണ് നല്‍കിയത്. കൊവിഡ് മഹാമാരിയുടെ കാലത്ത് പ്രത്യേകമായി തന്നെ ഇത്തരം ജനവിഭാഗങ്ങളുടെ സംരക്ഷണത്തിന് നടപടികള്‍ സ്വീകരിച്ചു. എല്ലാവര്‍ക്കും കുടിവെള്ളമെത്തിക്കുക എന്ന ലഷ്യത്തോടെയുള്ള പദ്ധതികള്‍ നടപ്പിലാക്കിവരികയാണ്. ജലജീവന്‍ മിഷന്റെ ഭാഗമായുള്ള ഈ പ്രവര്‍ത്തനങ്ങള്‍ നല്ല വേഗത്തില്‍ പുരോഗമിക്കുന്നുണ്ട്.

പ്രകടനപത്രികയിലൂടെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണ അര്‍ഥത്തില്‍ നടപ്പിലാക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞു. പറഞ്ഞതില്‍ 570 കാര്യങ്ങളും നടപ്പിലാക്കാനായി. 30 എണ്ണമാണ് ബാക്കിയുള്ളത്. കേരളത്തില്‍ ഒരു സര്‍ക്കാരിനും നേരിടേണ്ടി വന്നിട്ടില്ലാത്ത മഹാദുരന്തങ്ങള്‍ ഒന്നിന് പുറകെ ഒന്നായി നേരിടേണ്ടി വന്നു. ഈ വെല്ലുവിളികള്‍ക്ക് മുമ്പില്‍ നിലവിളിച്ചിരിക്കുകയല്ല, ജനങ്ങളെ ഒപ്പം നിര്‍ത്തി അവയെ അതിജീവിക്കാനാണ് ശ്രമിച്ചത്.

മഹാപ്രളയം നാടിനെ ഏറെക്കുറെ തകര്‍ത്തുകളഞ്ഞു. ഇതിനെ തുടര്‍ന്ന് നാടിനെ പുനര്‍നിര്‍മിക്കേണ്ടതുണ്ടായിരുന്നു. കേവലമായ പുനര്‍നിര്‍മാണമല്ല, ഇനി ഒരു ദുരന്തമുണ്ടായാലും തകരാത്തവിധം പുനര്‍നിര്‍മിക്കാനാണ് ശ്രമിച്ചത്. അതിനായി ലോകത്ത് എങ്ങുമുള്ള വിശിഷ്ടമായ അറിവുകളും സാങ്കേതിക വിദ്യയും സ്വായത്തമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. നല്ല രീതിയില്‍ തന്നെ ഈ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനായി. ജനങ്ങളുടെ ഒരുമയും കൂട്ടായ്മയുമാണ് ഇതിന് സഹായകമായത്. സാമൂഹ്യ നീതിയില്‍ അധിഷ്ഠിതമായ സര്‍വ്വതല സ്പര്‍ശിയായ വികസനമെന്നതാണ് സര്‍ക്കാര്‍ നയം. എല്ലായിടവും ഒരു പോലെ വികസിക്കുകയാണ് ആവശ്യം. അത് കൂടുതല്‍ വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാലു മിഷനുകള്‍ അതിന്റെ തുടക്കമായിരുന്നു. ഇവിടെ കൃഷി കാര്യമായി ഉണ്ടെങ്കിലും എല്ലാ കാര്യങ്ങള്‍ക്കും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്നതാണ് നമ്മുടെ അവസ്ഥ. ഹരിത കേരള മിഷനിലൂടെ ഈ സ്ഥിതി തിരുത്താനാണ് നാം ശ്രമിച്ചത്. നാല് വര്‍ഷം കൊണ്ട് പച്ചക്കറി ഉല്‍പ്പാദനം ഏഴ് ലക്ഷം ടണ്ണില്‍ നിന്ന് 15 ലക്ഷം ടണ്ണിലെത്തി. 30000 ഹെക്ടര്‍ തരിശ് ഭൂമി കൃഷിഭൂമിയാക്കാന്‍ കഴിഞ്ഞു. ലൈഫ് മിഷനിലൂടെ രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കി. വീടില്ലാതിരുന്ന 10 ലക്ഷം മനുഷ്യര്‍ക്ക് സ്വന്തം വീട്ടില്‍ കിടന്നുറങ്ങാന്‍ കഴിയുന്നുവെന്നത് വലിയ നേട്ടമാണ്. കേസിന്റെയോ ആക്ഷേപങ്ങളുടെയോ പേരില്‍ ഈ പ്രവര്‍ത്തനം മന്ദീഭവിക്കാന്‍ പാടില്ല.
നമ്മുടെ വിദ്യാലയങ്ങള്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയരുന്നു. ഏത് പാവപ്പെട്ട കുട്ടിക്കും ഈ നാട്ടിലെ സമ്പന്നന്റെ കുട്ടികള്‍ പഠിക്കുന്ന അതേ നിലവാരത്തിലുള്ള സ്‌കൂളില്‍ പഠിക്കാന്‍ കഴിയുന്നു.

ആരോഗ്യമേഖലയില്‍ ആര്‍ദ്രം വലിയ കുതിപ്പുണ്ടാക്കി. കോവിഡ് മഹാമാരിയെ തുടര്‍ന്ന് വന്‍ വികസിത രാജ്യങ്ങള്‍ വരെ വിറങ്ങലിച്ചു നിന്നപ്പോള്‍ നമുക്ക് കൊവിഡിനെ മികച്ച രീതിയില്‍ നേരിടുന്നതിന് ഈ മുന്നേറ്റം സഹായകരമായി.

നഷ്ട കണക്കുകള്‍ മാത്രം കേള്‍പ്പിച്ചിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലേക്ക് വന്നു. സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കി മാറ്റാനായി. ഇതിനായി നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റം വരുത്തി. പുതിയ നിയമവും കൊണ്ടുവന്നു. സംസ്ഥാനത്തിന്റെ പൊതു അന്തരീക്ഷത്തില്‍ തന്നെ വലിയ മാറ്റം ഉണ്ടാക്കി. ഇതിന്റെ ഫലമായി ലോകത്തിലെ വന്‍കിട സ്ഥാപനങ്ങള്‍ കേരളത്തിലേക്ക് വരാന്‍ തയ്യാറാകുന്നു.

സൂക്ഷ്മ-ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തി.
നാട് ഇനിയും മുന്നോട്ട് പോകേണ്ടതായിട്ടുണ്ട്. അതിന് എന്തൊക്കെ ചെയ്യണമെന്ന കാര്യത്തില്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായങ്ങള്‍ തേടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി അധ്യക്ഷത വഹിച്ചു. സി.പി. ഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ സ്വാഗതം പറഞ്ഞു. മന്ത്രിമാരായ ഇ പി ജയരാജന്‍, കെ കെ ശൈലജ ടീച്ചര്‍, എംഎല്‍എമാരായ സി കൃഷ്ണന്‍, ജയിംസ് മാത്യു, ടി വി രാജേഷ്, മുന്‍ എംപിമാരായ പന്ന്യന്‍ രവീന്ദ്രന്‍, പി കെ ശ്രീമതി ടീച്ചര്‍, കഥാകൃത്ത് ടി പത്മനാഭന്‍, ബിഷപ്പ് അലക്‌സ് വടക്കുംതല, ബിഷപ്പ് ജോസഫ് പണ്ടാരശ്ശേരില്‍, സി.പി.ഐ എം കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദന്‍ മാസ്റ്റര്‍, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി കെ രാമചന്ദ്രന്‍, സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Back to top button
error: