മേയർ പദവിയോ പഠനമോ പ്രധാനം

തിരുവനന്തപുരം മേയറായി സ്ഥാനമേറ്റ ആര്യാരാജേന്ദ്രൻ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. ഭാരിച്ച ഉത്തരവാദിത്തങ്ങളുള്ള ഉത്തരവാദിത്തങ്ങളുള്ള മേയർ പദവിയിലിരുന്നു കൊണ്ട് ആര്യക്ക് പഠനം പൂർത്തിയാക്കാനാവുമോ…? എഴുത്തുകാരനും ചിന്തകനുമായ ഡോ.എം. ആസാദിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്.

ഇരുപത്തിയൊന്നു വയസ്സുള്ള ഒരു പെണ്‍കുട്ടി തലസ്ഥാന നഗരത്തിലെ മേയറാവുന്നത് സന്തോഷകരമാണ്. ചരിത്രപ്രധാനമാണ് ഈ തീരുമാനം. എന്നാല്‍ ഒരു സന്ദേഹം ബാക്കി നില്‍ക്കുന്നു. ആര്യാ രാജേന്ദ്രനെ അഭിനന്ദിച്ചും ആശംസ നേര്‍ന്നും മാത്രമേ തുടങ്ങാനാവൂ. അതിവിടെ പ്രകാശിപ്പിക്കുന്നു. സി.പി.എമ്മിന് ഇത്ര വലിയ ഉത്തരവാദിത്തം ഏല്‍പ്പിക്കാന്‍ തോന്നിയ വിശ്വാസം തന്നെയാണ് ആര്യയുടെ തിളക്കം. ആര്യക്ക് അഭിവാദ്യം.

ആര്യ തിരുവനന്തപുരത്തെ ഒരു കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണെന്നു കേട്ടു. ഗണിതശാസ്ത്രമാണത്രെ വിഷയം. നഗരാദ്ധ്യക്ഷ പദവിയിലിരുന്നുകൊണ്ട് പഠനം മുന്നോട്ടു കൊണ്ടുപോവാന്‍ കഴിയുമോ? രണ്ടു പ്രധാന കാര്യങ്ങള്‍ ഒരുമിച്ചു നടത്തുക എളുപ്പമാവില്ല. മേയര്‍ പദവിയുടെ ഉത്തരവാദിത്തം ചെറുതല്ലല്ലോ. ഏതെങ്കിലും ഒന്ന് പൂര്‍ണ ഉത്തരവാദിത്തമായി തെരഞ്ഞെടുക്കുന്നതല്ലേ നല്ലത്…?

വിദേശ രാജ്യങ്ങളില്‍ തങ്ങളുടെ തൊഴില്‍ നില നിര്‍ത്തിക്കൊണ്ട് ഇത്തരം ഉത്തരവാദിത്തം നിര്‍വ്വഹിക്കാന്‍ കഴിയുമെന്ന് കേട്ടിട്ടുണ്ട്. അതു നല്ല കാര്യമാണ്. പക്ഷെ, നമ്മുടെ നാട്ടില്‍ ഇത്തരം പദവികളുടെ ഭാരം ഓഫീസ് സമയ പരിധിയില്‍ അവസാനിക്കാറില്ല. ഒട്ടും സമയം ബാക്കി കിട്ടിയെന്നു വരില്ല. അക്കാര്യം അറിയാവുന്നവരാണ് നേതാക്കളെല്ലാം. അപ്പോള്‍ ആര്യയുടെ ബിരുദ പഠനം താല്‍ക്കാലികമായി അവസാനിപ്പിക്കുന്ന തീരുമാനമാവുമോ ഇത്…?

ബിരുദപഠനത്തെക്കാള്‍ പ്രധാനമാണ് പാര്‍ട്ടി ഏല്‍പ്പിച്ച മേയര്‍ പദവിയെങ്കില്‍ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം. അത് ആര്യയുടെ തീരുമാനമാണ്. രാഷ്ട്രീയം തൊഴിലാവുന്നത് നല്ലതല്ലല്ലോ. ബിരുദം നേടാനും തുടര്‍സാദ്ധ്യത ഉറപ്പു വരുത്താനും ഈ സമയം പ്രധാനമല്ലേ? മേയര്‍ പദവിക്ക് വേറെയും യോഗ്യരില്ലാതെ വരില്ല. ആര്യക്ക് അവസരം ഇനിയും വരാമല്ലോ.

ഇങ്ങനെ എഴുതുമ്പോള്‍ സത്യമായും ഞാന്‍ എന്തിന് ഇങ്ങനെ ചിന്തിക്കുന്നുവെന്ന സന്ദേഹം എനിക്കുമുണ്ട്. ആര്യയെ എനിക്കു പരിചയമില്ല. പക്ഷെ അവരുടെ വിദ്യാഭ്യാസ ജീവിതത്തിനും ഭാവിക്കും പുതിയ ബാദ്ധ്യത ഗുണപരമാവുമോ എന്ന് ആലോചിച്ചു പോകുന്നു. തല്‍ക്കാലം കുറച്ചു മാസം മാത്രമുള്ള ചുമതലയാണെങ്കില്‍ തെറ്റില്ല. അഞ്ചു വര്‍ഷത്തേക്കാണെങ്കില്‍ ബിരുദം പാതിയില്‍ മുടങ്ങിയ നഷ്ടബോധത്തിലേക്ക് നിരാശയോടെ ഇറങ്ങാന്‍ ഇടവരാതിരിക്കട്ടെ.

‘തൊഴില്‍ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച യുവാവിന്റെ ചിന്തകള്‍’ പതിനെട്ടാം വയസ്സില്‍ എഴുതുമ്പോള്‍ തികഞ്ഞ രാഷ്ട്രീയ അവബോധം പ്രകടിപ്പിച്ച ആചാര്യരുടെ പ്രസ്ഥാനമാണ്. ഇരുപത്തിയൊന്നാം വയസ്സില്‍ ആ തീര്‍ച്ച ആര്യയ്ക്കും കാണാതിരിക്കില്ല. ഏറ്റെടുക്കുന്ന ഉത്തരവാദിത്തം ഏതായാലും വിജയിക്കട്ടെ. അനുമോദനങ്ങള്‍.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version