LIFETRENDING

”നീ കുമ്മാട്ടി കണ്ടിട്ടുണ്ടോ… തൃശ്ശൂരെ കുമ്മാട്ടിയല്ല, മുണ്ടൂരെ കുമ്മാട്ടി?”

നിൽ നെടുമങ്ങാടിൻ്റെ വിയോഗം മലയാളിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. ചെറിയ വേഷങ്ങളിലൂടെ കടന്നു വന്ന് വില്ലനായും സ്വഭാവനടനായും മലയാള സിനിമയിൽ തിളങ്ങിയ അനിലിൻ്റെ അഭിനയ ജീവിതത്തെക്കുറിച്ച് ജിതേഷ് മംഗലത്ത് തയ്യാറാക്കിയ കുറിപ്പ്.

 

‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ സംഘർഷം മുറ്റിനിൽക്കുന്ന ഒരു രംഗത്ത്, അനിൽ നെടുമങ്ങാടിന്റെ സി.ഐ.സതീഷ് എന്ന കഥാപാത്രം പൃഥ്വിരാജിന്റെ കോശിയോട് ചോദിക്കുന്ന ഒരു ചോദ്യമാണിത്. അതു വരെയും കോശിയുടെ മസ്കുലാനിറ്റിയിൽ അയാൾക്കോ കാണികൾക്കോ സംശയമില്ല.

ഒരു ദ്വന്ദ്വയുദ്ധത്തിൽ കോശിയേ ജയിക്കൂ എന്ന് സമകാലിക മലയാള സിനിമയുടെ നടപ്പു ശീലങ്ങൾ വെച്ച് കാണികൾ ചിന്തിച്ചുവെങ്കിൽ അവരെ കുറ്റം പറയാനും വയ്യ. അത്രയും വിഷമം പിടിച്ച ഒരു ഘട്ടത്തിലാണ് കോശിക്കൊരിക്കലും അയ്യപ്പൻ നായരെ അയാളുദ്ദേശിക്കുന്ന രീതിയിൽ ജയിക്കാൻ പറ്റില്ലെന്ന ഉറച്ച ബോധ്യം ആ സി.ഐയ്ക്ക് കാണികളിൽ ഉണ്ടാക്കേണ്ടത്.

ആ ഒരൊറ്റ ഡയലോഗ് കൊണ്ടാണ് കോശിയിൽ ആദ്യമായി ഭീതി അതിന്റെ സമസ്ത ഭാവത്തോടെയും ജനിക്കുന്നത്. ആ അർത്ഥത്തിൽ, ചിത്രത്തിലെ ഏറ്റവും വലിയ വാണിജ്യ ഘടകമായ അഡ്രിനാലിൻ റഷിലേക്കുള്ള ആദ്യ പമ്പിംഗ് കൂടിയാണ് ആ ഡയലോഗ്.

ഒരു തരത്തിലും പരസ്പരം വിട്ടു കൊടുക്കാത്ത, തുല്യ പ്രാധാന്യമുള്ള രണ്ട് നായക കഥാപാത്രങ്ങളുടെ ഇടയിൽ, അവരുടെ ആരുടെയെങ്കിലും സന്തത സഹചാരിയായിട്ടല്ലാതെയുള്ള ഒരു കാരക്ടർ മലയാളിക്ക് അത്രയ്ക്ക് പരിചയമുള്ളതല്ല.’അയ്യപ്പനും കോശിയും’ തിരശ്ശീലയെ അത്ര മേൽ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് നിറഞ്ഞാടുമ്പോൾ അവർക്കൊപ്പം കൈയടി മേടിക്കുകയാണ് സി.ഐ.സതീഷിലൂടെ അനിൽ നെടുമങ്ങാടും. പൂർവ്വമാതൃകകൾ അധികമില്ലാത്ത ഒരു പാത്ര നിർമ്മിതിയായിരുന്നു അയാളുടേത്. അയ്യപ്പൻ നായരുടെ മേലധികാരിയാണെങ്കിലും ഒരു പരിധിക്കപ്പുറം ഇൻക്ലിനേഷൻ അയാൾ അയ്യപ്പൻ നായരോടും കാണിക്കുന്നില്ല. സതീഷിന്റെ ലക്ഷ്യം ക്രമസമാധാനം മാത്രമാണ്. അതേ സമയം തന്നെ അയാൾ തനിക്കു താഴെയുള്ളവരെ കൂടെ നിർത്തുകയും അവർക്കു വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറുള്ളവനുമാണ്.

 

സസ്പെൻഷനിലാകുന്ന കോൺസ്റ്റബിളിന് പോകാൻ നേരം കാശു കൊടുക്കുന്ന അയാൾ അയ്യപ്പൻ നായർക്കു വേണ്ടി ആകാവുന്നിടത്തൊക്കെ സംസാരിക്കുന്നുമുണ്ട്. എല്ലാ അർത്ഥത്തിലും ചിത്രത്തിലെ മൂന്നാമൻ സതീഷാണ്.അനിലിനെപ്പോലെ താരതമ്യേന ജൂനിയറായ ഒരു നടൻ,90 കളിലാണെങ്കിൽ മുരളിയോ, തിലകനോ ചെയ്യുമായിരുന്ന ശക്തിയേറിയ ഒരു കഥാപാത്രത്തെ അനായാസമായി തിരശ്ശീലയിലേക്ക് പകർത്തുന്നത് ഈ സിനിമയിലെ ഏറ്റവും സുന്ദരമായ ദൃശ്യങ്ങളിലൊന്നാണ്.

തുടക്കത്തിൽ പറഞ്ഞ സംഭാഷണത്തിന്റെ ടോൺ തന്നെ അന്യാദൃശമാണ്. മുന്നറിയിപ്പിന്റെ കരിനിഴൽ വീണു കിടക്കുമ്പോഴും ടോണിൽ അതൊരിക്കലും മുന്നിട്ടു നിൽക്കുന്നില്ല. നടന്റെ മുഖത്തു വരുന്ന ഭാവമാണ് ആ സംഭാഷണത്തെ പൂരിപ്പിക്കുന്നത്. മുണ്ടൂർ മാടന്റെ ഭൂതകാലത്തെപ്പറ്റിയുള്ള അയാളുടെ വാചകങ്ങളോരോന്നും തന്നെ ചിത്രത്തിന്റെ ഓപ്പണിംഗ് ഫ്രെയിമിലെ രൗദ്രതക്കൊപ്പം നിൽക്കുന്നവയാണ്.

‘കമ്മട്ടിപ്പാട’ത്തിൽ ചെറിയൊരു സ്പേസിലെ ശ്രദ്ധേയമായ പ്രകടനമായിരുന്നു അനിലിന്റേതെങ്കിൽ ‘അയ്യപ്പനും കോശി’യിലും അത് കരിയർ ബ്രേക്കിന് സാധ്യതയുള്ള ടോപ് ക്ലാസ് പെർഫോമൻസാകുന്നു.

അനിൽ നെടുമങ്ങാടിനെ പോലെയുള്ള നടന്മാർ മുഖ്യധാരയിലേക്കു കടന്നു വരുന്നത് വളരെ ആഹ്ലാദകരമായ കാഴ്ച്ചയായി മാറുന്നത് അവ സാമ്പ്രദായികമായ കാഴ്ച്ചാ ശീലങ്ങളോടും, അഭിനയ സങ്കേതങ്ങളോടും കാണിക്കുന്ന തർക്ക സ്വഭാവം കൊണ്ടാണ്. അത്തരം കഥാപാത്രങ്ങൾക്ക് കിട്ടുന്ന കയ്യടി ഇത്തരം മാറ്റങ്ങൾക്ക് പ്രേക്ഷകൻ എത്രത്തോളം ദാഹിക്കുന്നുണ്ടായിരുന്നു എന്നുള്ളതിനുള്ള തെളിവ് കൂടിയാണ്. സിനിമയിലൊരിടത്ത് തന്നെ വെല്ലുവിളിക്കുന്ന, രഞ്ജിത്തവതരിപ്പിക്കുന്ന കോശിയുടെ അച്ഛൻ കഥാപാത്രത്തോട് സി.ഐ.സതീഷ് ഇങ്ങനെ പറയുന്നുണ്ട്:

“ഈ അയ്യപ്പനും കോശിയും സീസണൊന്ന് കഴിഞ്ഞോട്ടെ, എന്നിട്ടാകാം നമുക്ക്… ” ഒരു മുൻനിര നായക കഥാപാത്രത്തിന്റെ സ്വരവും, ഭാവവുമായിരുന്നു അതിന്. അതെ, അയ്യപ്പനും കോശിയും എന്ന സിനിമ ഏറ്റവും വലിയ ടേണിംഗ് പോയന്റാകുന്നത് ഈ നടന്റെ കരിയറിനായിരിക്കും, ഉറപ്പ്.

Back to top button
error: