NEWS

ഗവര്‍ണറുടെ വിവേചനാധികാരം വ്യക്തിനിഷ്ഠമല്ല:എ.കെ ബാലന്‍

വിവാദ കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭ സമ്മേളനം ചേരാനുള്ള ആവശ്യം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തള്ളിക്കളഞ്ഞതോടെ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള മറ്റൊരു പോരാണ് ഉടലെടുത്തത്. ഗവര്‍ണറുടെ പ്രവര്‍ത്തിയില്‍ കേരളത്തിലെ പ്രതിപക്ഷമടക്കം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഡിസംബര്‍ 31 ന് സഭ ചേരാനുള്ള അനുവാദത്തിനായി സര്‍ക്കാര്‍ വീണ്ടും ഗവര്‍ണറെ സമീപിച്ചിരിക്കുകയാണ്. അടിയന്തരമായി സഭ ചേരേണ്ട ആവശ്യമില്ലെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്. പ്രസ്തുത വിഷയത്തില്‍ ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രി എ.കെ ബാലനാണിപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. ഗവര്‍ണറുടെ വിവേചനാധികാരം വ്യക്തിനിഷ്ടമല്ലെന്ന് എ.കെ ബാലന്‍ ആരോപിച്ചു. രാജ്ഭവന്‍ വിവാദങ്ങള്‍ക്കൊണ്ട് നിറയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്ന വ്യക്തിയുമായി കേരള സര്‍ക്കാരിന് പ്രശ്‌നമില്ലെന്നും എന്നാല്‍ അദ്ദേഹം കൈക്കൊള്ളുന്ന നടപടികളില്‍ വിയോജിപ്പുണ്ടെന്നും മന്ത്രി പറഞ്ഞു. ഗവര്‍ണര്‍ക്കെതിരെ സിപിഐ മുഖപത്രമായ ജനയുഗത്തിലും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഗവര്‍ണറെ കേരളത്തില്‍ നിയമിച്ചത് സംഘപരിവാര്‍ അജണ്ട നിറവേറ്റാനാണെന്നും മുഖപത്രത്തില്‍ ആരോപണമുണ്ട്.

Back to top button
error: