Lead NewsNEWS

മോദിയുടെ പ്രസംഗം കര്‍ഷകരിലേക്കെത്തിക്കാന്‍ വന്‍ സന്നാഹവുമായി ബിജെപി

കൊടുംതണുപ്പിലും വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പോരാടുന്ന കര്‍ഷകരെ ശാന്തരാക്കാന്‍ ഇന്ന് പ്രധാനമന്ത്രി നേരിട്ടെത്തുന്നു. ഇന്ന് ഉച്ചയ്ക്കാണ് ഓണ്‍ലൈന്‍ വഴി മോദി രാജ്യത്തെ കര്‍ഷകരുമായി സംവദിക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കയല്ലാതെ മറ്റൊരു ചര്‍ച്ചയ്ക്കും തയ്യാറല്ല എന്ന് തീര്‍ത്ത് പറഞ്ഞിരിക്കുന്ന കര്‍ഷകരെ എന്ത് മന്ത്രമോദി മോദി സമരത്തില്‍ നിന്നും പിന്തിരിപ്പിക്കുമെന്ന കാര്യം കണ്ടറിയണം. കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ സാധ്യത വളരെ വിരളമാണെന്നിരിക്കെ എന്താവും മോദി കര്‍ഷകരോട് സംസാരിക്കുകയെന്ന കാര്യത്തില്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊട്ടാകെ ആകാംക്ഷയുണ്ട്.

മോദിയുടെ പ്രസംഗം എല്ലാവരിലും എത്തണമെന്ന വാശിയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ കാര്യങ്ങള്‍ നടപ്പാക്കുന്നത്. ലഘുലേഖകള്‍ പുറത്തിറക്കിയും, നഗരങ്ങളില്‍ വലിയ സ്‌ക്രീനുകള്‍ ഒരുക്കിയുമാണ് പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയുടെ പ്രസംഗം ജനങ്ങളിലേക്കെത്തിക്കാന്‍ തയ്യാറായിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്കാണ് മോദി 9 കോടി കര്‍ഷകരെ അഭിസംബോധന ചെയ്ത സംസാരിക്കുന്നത്.

പുതിയ കാര്‍ഷിക നിയമങ്ങളെക്കുറിച്ച് കര്‍ഷകരോട് സംവദിക്കുന്നതിനൊപ്പം പ്രധാനമന്ത്രി കിസാന്‍ പദ്ധതിയില്‍ നിന്നും 18,000 കോടി രൂപ അനുവദിക്കുകയും ചെയ്യും. പ്രധാനമന്ത്രിക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുക്കുവാന്‍ ആറ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്കും കേന്ദ്രമന്ത്രിമാര്‍ക്കും പാര്‍ട്ടി എംപി, എംഎല്‍എ മാര്‍ക്കും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയ്ക്കും അനുമതിയുണ്ട്.

മോദി കര്‍ഷകരോട് സംസാരിച്ചു തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് തന്നെ ജില്ലാതല പരിപാടികള്‍ സംഘടിപ്പിക്കുവാനും പാര്‍ട്ടി അധ്യക്ഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാര്‍ഷിക നിയമങ്ങളെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നതാണ് പ്രധാന ഉദ്ദേശം. പ്രാദേശിക ഭാഷകളില്‍ ലഘുലേഖ തയ്യാറാക്കി നല്‍കണമെന്നുള്ളത് ഇതിന്റെ ഭാഗമാണ്. കേന്ദ്രം നല്‍കിയിരിക്കുന്ന വിവരങ്ങളില്‍ യാതൊരുവിധ തിരുത്തലുകളും പാടില്ലെന്നും കര്‍ശന നിര്‍ദേശമുണ്ട്.

Back to top button
error: