Lead NewsNEWS

ഔഫ് വധക്കേസിന്റെ അന്വേഷണം പ്രത്യേക പൊലീസ് സ്‌ക്വാഡ് ഏറ്റെടുത്തു; ചുമതല കാസര്‍കോട് അഡീഷണല്‍ എസ്.പിക്ക്… ഒരാളെ കസ്റ്റഡിയിലെടുത്തു

കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കല്ലൂരാവി പഴയകടപ്പുറത്തെ അബ്ദുല്‍ റഹ്‌മാന്‍ ഔഫിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം പ്രത്യേക പൊലീസ് സ്‌ക്വാഡ് ഏറ്റെടുത്തു. കാസര്‍കോട് അഡീഷണല്‍ എസ്.പി സേവ്യറിനാണ് അന്വേഷണചുമതല. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി എം.പി വിനോദ്, സി.ഐ അനൂപ്കുമാര്‍ എന്നിവരും എസ്.ഐ, അഡീഷണല്‍ എസ്.ഐമാരും പ്രത്യേക സ്‌ക്വാഡിലെ അംഗങ്ങളാണ്.

കൊലപാതകവിവരമറിഞ്ഞ് കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ ചുമതല വഹിക്കുന്ന കണ്ണൂര്‍ പൊലീസ് ചീഫ് യതീഷ്ചന്ദ്ര വ്യാഴാഴ്ച രാവിലെ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. തുടര്‍ന്ന് അഡീഷണല്‍ എസ്.പി അടക്കമുള്ള പൊലീസുദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുകയും അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കുകയുമായിരുന്നു. ഔഫിനെ കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമാണോയെന്ന സംശയമുയര്‍ന്നതിനാല്‍ സമഗ്രമായ അന്വേഷണമാണ് ഈ കേസില്‍ നടക്കുന്നത്. അതിനിടെ കൊലപാതകവുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഔഫിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷുഹൈബിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. നാടിനെ നടുക്കിയ കൊലക്കേസിലെ പ്രധാന ദൃക്‌സാക്ഷിയാണ് ഷുഹൈബ്. ഔഫിനെ അക്രമിക്കുമ്പോള്‍ തടയാന്‍ ശ്രമിച്ച ഷുഹൈബിനും പരിക്കേറ്റിരുന്നു. കേസിലെ ഒന്നാംപ്രതിയായ മുഹമ്മദ് ഇര്‍ഷാദ് അക്രമത്തില്‍ പരിക്കേറ്റ് മംഗളൂരു ആസ്പത്രിയിലായതിനാല്‍ ഇര്‍ഷാദിനെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികള്‍ വൈകും.

Back to top button
error: