Lead NewsNEWS

സ്വപ്നയെ കാണാന്‍ ഇനി കസ്റ്റംസിന്റെ അനുമതി വേണ്ട: ജയില്‍വകുപ്പ് , നടപടി കേസ് അട്ടിമറിക്കാനെന്ന് കസ്റ്റംസ്‌

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ കാണാന്‍ സന്ദര്‍ശകര്‍ക്ക് കസ്റ്റംസിന്റെ അനുമതി വേണ്ടെന്ന് ജയില്‍ വകുപ്പ്. ഒക്ടോബര്‍ 14ന് അട്ടക്കുളങ്ങര ജയിലില്‍ പ്രവേശിപ്പിച്ച സ്വപ്നയെ കാണാന്‍ ആഴ്ചയിലൊരിക്കല്‍ സന്ദര്‍ശകര്‍ക്ക് അനുമതി നല്‍കിയിരുന്നു.

സന്ദര്‍ശകര്‍ക്കൊപ്പം ജയില്‍വകുപ്പ് പ്രതിനിധിയും കസ്റ്റംസിന്റെ പ്രതിനിധിയും വേണമെന്നും നിര്‍ബന്ധമായിരുന്നു. എന്നാല്‍ ഇത് തെറ്റായ കീഴ്‌വഴക്കമാണെന്ന് കാണിച്ച് ജയില്‍ ഡിജിപി ഋഷിരാജ് സിങ് കഴിഞ്ഞദിവസം സര്‍ക്കുലര്‍ പുറത്തിറക്കി. ഇത് അട്ടകുളങ്ങര വനിതാ ജയില്‍ സൂപ്രണ്ടിനും പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനും അയച്ചിട്ടുണ്ട്.

1974ലാണ് കേന്ദ്രം കൊഫോപോസ നിയമം കൊണ്ടുവരുന്നത്. തൊട്ടടുത്ത വര്‍ഷം കേരളം അനുബന്ധ നിയമം പാസാക്കിയിരുന്നു. ഇതുപ്രകാരം പ്രതികളെ സന്ദര്‍ശിക്കാന്‍ പ്രത്യേക അനുമതി വേണ്ട. ജയില്‍ചട്ടം അനുസരിച്ച് അനുമതി നല്‍കാം. അതേസമയം, കേസ് അട്ടിമറിക്കാനുളള ശ്രമമാണ് ജയില്‍വകുപ്പ് നടത്തുന്നതെന്നാണ് കസ്റ്റംസിന്റെ ആരോപണം.

പുതിയ നീക്കം പ്രകാരം ആര്‍ക്കു വേണമെങ്കിലും സ്വപ്നയെ വന്നു കാണാം. ഒട്ടേറെ പേര്‍ വരാനിടയുണ്ട്. ഇത് കേസിനെ ബാധിക്കുമെന്നും കസ്റ്റംസ് പറയുന്നു. വിഷയത്തില്‍ കോടതിയെ സമീപിക്കാനുള്ള ശ്രമവും കസ്റ്റംസ് നടത്തുന്നതായാണ് പുറത്തുവരുന്ന സൂചന.

Back to top button
error: