Lead NewsNEWS

വാഗമണ്‍ നിശാ പാര്‍ട്ടി: അന്വേഷണം സിനിമാ സീരിയല്‍ മേഖലയിലേക്കും

വാഗമണില്‍ നിശാപാര്‍ട്ടിയിലെ ലഹരിമരുന്ന് കേസിലെ അന്വേഷണം സിനിമ സീരിയല്‍ മേഖലകളിലേക്കും. പിടിയിലായ മോഡലിന് സിനിമ സീരിയല്‍ മേഖലയിലുളളവരുമായി ബന്ധമുണ്ടെന്നും അതിനാല്‍ നിരവധി പേരെ പാര്‍ട്ടികളിലേക്ക് എത്തിച്ചിരുന്നുവെന്നുമാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.

സംഘത്തിന് മയക്കുമരുന്ന് എത്തിക്കുന്നത് തൊടുപുഴ സ്വദേശി അജ്മലാണ്. സംഘത്തില്‍ കൊച്ചി സ്വദേശിയായ മോഡലും ഉണ്ട്. ഇവര്‍ വഴിയാണ് സിനിമാ മേഖലയിലേക്കുള്ള ബന്ധം. അതേസമയം, മോഡലിന് നേരത്തെ മുതല്‍ കൊച്ചിയിലെ ലഹരിമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

ലക്ഷങ്ങള്‍ വിലമതിക്കുന്ന ഏഴ് തരം ലഹരിമരുന്നുകളാണ് വാഗമണില്‍ നിന്ന് പിടിച്ചെടുത്തത്. എംഡിഎംഎ, എല്‍എസ്ഡി, കഞ്ചാവ്, എംഡിഎംഎയുടെ വകഭേദങ്ങളായ എക്സ്റ്റസി പില്‍സ്, എക്സറ്റസി പൗഡര്‍, ചരസ്സ്, ഹഷീഷ് എന്നിവയാണു പ്രതികളില്‍ നിന്നു കണ്ടെടുത്തത്. അറസ്റ്റിലായ 9 പ്രതികളുടെ വാഹനങ്ങളില്‍ നിന്നും ബാഗുകളില്‍നിന്നുമായാണ് ലഹരി വസ്തുക്കളെല്ലാം ലഭിച്ചത്.

കൊച്ചി വഴിയിലാണ് ലഹരിമരുന്ന് വാഗമണില്‍ എത്തിച്ചതെന്നാണ് സൂചന.
വാഗമണിലെ നിശാപാര്‍ട്ടിക്ക് നേതൃത്വം കൊടുത്തവര്‍ ഇതേരീതിയില്‍ കൊച്ചി, വയനാട് തുടങ്ങി പത്തിലധികം സ്ഥലങ്ങളില്‍ പാര്‍ട്ടി നടത്തിയതായി നേരത്തെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സംഘത്തിന്റെ ബുദ്ധികേന്ദ്രം പിടിയിലായ സല്‍മാനും നബീലുമാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. സല്‍മാനും നബീലും ചേര്‍ന്നാണ് വിവിധ ഇടങ്ങളില്‍ നിശാപാര്‍ട്ടി സംഘടിപ്പിച്ചത്.

പ്രതികള്‍ക്ക് അന്തര്‍ സംസ്ഥാന ലഹരിമരുന്ന് റാക്കറ്റ് സംഘങ്ങളുമായി ബന്ധമുണ്ടായിയിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ബെംഗ്ലൂരിവില്‍ നിന്ന് ആരാണ് ലഹരിമരുന്ന് ഇവര്‍ക്ക് നല്‍കിയിരുന്നതെന്നും കണ്ടെത്തും.

Back to top button
error: