Lead NewsNEWSTRENDING

എന്റെ ടീച്ചറമ്മ വിടവാങ്ങി: ടി. എന്‍ പ്രതാപന്‍

ടി.എന്‍ പ്രതാപന്‍ എംപിയും പ്രശസ്ത കവയത്രി സുഗതകുമാരി ടീച്ചറും തമ്മിലുളള ആത്മബന്ധത്തെക്കുറിച്ച് പ്രതാപനെഴുതിയ കുറിപ്പ്.

എന്റെ ടീച്ചറമ്മ വിടവാങ്ങി. ഭൂമിയാണ്, പ്രകൃതിയാണ് അമ്മയെന്ന് പഠിപ്പിച്ച സുഗതകുമാരി ടീച്ചർ ഇഹലോകത്തെ പൊടിയും പുകച്ചുരുളുകളും നിറഞ്ഞ വിധി വൃത്തങ്ങൾ കടന്ന് പരലോകത്തെ ഏതോ വടവൃക്ഷത്തിന്റെ കുളിരുള്ള തണലിലേക്ക് പോയി.

വലിയ ആത്മബന്ധമുണ്ടായിരുന്നു ടീച്ചറോട്. അനുപമമായ ഒരു ആത്മചൈതന്യം സുഗന്ധം പോലെ എപ്പോഴും ചുറ്റിലുള്ളവർക്ക് പകർന്നു നൽകിയിരുന്ന ഒരമ്മ. എന്നോട് സ്വന്തം മകനെന്ന പോലെയായിരുന്നു അവിടുത്തെ കരുതൽ. ഞാൻ എന്റെ അമ്മയെ കുറിച്ചെഴുതി അനശ്വര ഗസൽ ഗായകൻ ഉമ്പായി ആലപിച്ച “അമ്മേ അനുപമ സൗന്ദര്യമേ…” എന്ന ഗാനമായിരുന്നു എന്റെ കോളർ ട്യൂൺ. എന്നെ വിളിക്കുമ്പോൾ ആ പാട്ട് കേൾക്കാൻ തുടങ്ങിയതിൽ പിന്നെ എപ്പോൾ എന്തിന് വിളിച്ചാലും ആദ്യം അമ്മയുടെ ക്ഷേമം ആരായും. ഒരു കൂലിപ്പണിക്കാരിയായ എന്റെ അമ്മയെ കുറിച്ച് ടീച്ചറമ്മ കാണിക്കുന്ന സ്നേഹം എന്നെ വല്ലാതെ ഉലച്ചിരുന്നു.
ടീച്ചറമ്മയുടെ ഒരു പിറന്നാളിന് അവിടുത്തെ വീടായ വരദയിൽ ചെന്ന് ഞാനൊരു മരം നട്ടു നനച്ചിട്ടുണ്ട്. അതിപ്പോഴും അവിടെയുണ്ട്. ആ തണലിൽ ചെല്ലുമ്പോഴെങ്കിലും ഞാനെന്റെ ടീച്ചറമ്മയുടെ കുളിരുള്ള കരുതലേൽക്കുമായിരിക്കും. കൊടുങ്ങല്ലൂർ എം എൽ എ ആയിരിക്കുമ്പോൾ വലിയ അനാരോഗ്യത്തിന്റെ അവശതകൾക്കിടയിലും എന്റെ പരിസ്ഥിസ്തി സൗഹൃദ ഉദ്യമങ്ങൾക്ക് വഴികാട്ടിയെന്നോണം ടീച്ചറമ്മ വന്നിട്ടുണ്ട്. എസ്സെൻ പുരത്തെ കാവിൽ വന്ന് ആ പച്ചപ്പിന്റെ ശീതളച്ഛായയിലിരുന്ന് പ്രകൃതിയെന്ന അമ്മയെ പറ്റി ടീച്ചർ പറഞ്ഞു വെച്ച പൊരുളുകൾ ഇപ്പോഴും കാതിലുണ്ട്.

മണ്ണും മനുഷ്യനാണ് എന്റെ മതമെന്ന് പറയാൻ എനിക്ക് ത്രാണി നൽകിയത് എന്റെ ടീച്ചറമ്മയാണ്. മലയാളത്തിന്റെ മഹാകവിയത്രിക്ക്, മലയാളിയുടെ പരിസ്ഥിതി ബോധ്യങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത പോരാളിക്ക്, എന്റെ ടീച്ചറമ്മക്ക് കണ്ണീരോടെ യാത്രാമൊഴി.

Back to top button
error: