Lead NewsNEWS

കോവിഡ് പിടികൂടാത്ത ഭൂഖണ്ഡം ഇല്ല, അന്റാർട്ടിക്കയിലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

ബ്രിട്ടനിലെ കോവിഡ് വകഭേദത്തെക്കുറിച്ച് ലോകമാകെ ആശങ്കയിൽ ഉള്ള സമയത്ത് അന്റാർട്ടിക്കയിലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. അന്റാർട്ടിക്കയിൽ ചിലിയൻ റിസർച്ച് ബേസിൽ ജോലി ചെയ്യുന്ന 36 പേർക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതിൽ പത്ത് പേർ ചിലിയൻ പട്ടാളക്കാരും പത്തുപേർ തൊഴിലാളികളുമാണ്.

തിങ്കളാഴ്ചയാണ് ഇക്കാര്യം സ്ഥിരീകരിച്ചത് എന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായി ദ ഗാർഡിയൻ വെളിപ്പെടുത്തുന്നു. രോഗബാധ ഉണ്ടായ 36 പേരെയും ചിലിയിലേക്ക് തിരികെ കൊണ്ടു പോയതായും റിപ്പോർട്ടുകൾ പറയുന്നു. റിസർച്ച് ബേസിന് സഹായം നൽകാൻ ഉള്ള കപ്പലിലെ മൂന്നുപേർക്കും കോവിഡ് പോസിറ്റീവായി എന്നാണ് വിവരം. അവരും ചിലിയിലേക്ക് തിരിച്ചുപോയി.

കോവിഡ് ബാധയെത്തുടർന്ന് മിഷൻ അന്റാർട്ടിക്ക എന്ന പദ്ധതി നിർത്തിവെച്ചതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. രോഗം കൃത്യസമയത്ത് തിരിച്ചറിയാനായത് ഗുണം ചെയ്തെന്ന് ചിലിയൻ സൈന്യത്തെ ഉദ്ധരിച്ച് ഗാർഡിയൻ വ്യക്തമാക്കുന്നു.

Back to top button
error: