Lead NewsNEWSTRENDING

അതി നാടകീയം അറസ്റ്റ്,യുവാക്കൾക്ക് മാപ്പു നൽകി നടി

കൊച്ചി ലുലു മാളിൽ ഷോപ്പിങ്ങിന് എത്തിയ യുവനടിയെ അപമാനിച്ച കേസിൽ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത് നാടകീയമായി. പെരിന്തൽമണ്ണ സ്വദേശികളായ ആദിൽ,റംഷാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കളമശ്ശേരി സ്റ്റേഷനിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാൻ വേണ്ടി മലപ്പുറത്തുനിന്ന് വാഹനത്തിൽ വന്ന ഇരുവരെയും കുസാറ്റ് ജംഗ്ഷനിൽ വച്ച് വാഹനം തടഞ്ഞ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

നടിയെ മനപ്പൂർവ്വം അപമാനിക്കുകയോ പിന്തുടരുകയും ചെയ്തിട്ടില്ലെന്ന് ഇവർ പുറത്തിറക്കിയ വീഡിയോയിൽ പറയുന്നു. റംഷാദിന്റെ പിതാവിന്റെ പേരുള്ള കാറിന്റെ എസി നന്നാക്കുന്നതിന് തൃശ്ശൂരിലെ വർക് ഷോപ്പിൽ വാഹനം ഏൽപ്പിച്ച ശേഷം കൊച്ചിയിലെ ഒരു അഭിമുഖത്തിൽ പങ്കെടുക്കാനാണ് പോയതെന്നാണ് ഇവരുടെ വിശദീകരണം. മടക്ക ട്രയിനിന്റെ സമയം ആകുന്നതുവരെ ലുലുമാളിൽ ചിലവഴിക്കുകയായിരുന്നു എന്നും ഇവർ പറയുന്നു.

അതേസമയം പ്രതികൾക്ക് മാപ്പ് നൽകുന്നതായി നടി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. “ലുലുമാളിൽ സംഭവിച്ച കാര്യത്തിൽ മാപ്പു പറഞ്ഞവർക്ക് ഞാൻ മാപ്പു നൽകിയിരിക്കുന്നു. അടിയന്തര നടപടിയെടുത്ത പോലീസിനും പിന്തുണച്ച മാധ്യമങ്ങൾക്കും നന്ദി. പിന്തുണയുമായി എനിക്ക് പിന്നിൽ നിന്ന എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും മറ്റുള്ളവർക്കും നന്ദി. നിങ്ങളുടെ പിന്തുണയാണ് എനിക്കും കുടുംബത്തിനും തുണയായത്. സമാനമായ മാനസിക വ്യഥയോടെ രണ്ടു കുടുംബങ്ങൾ കൂടി കഴിയുന്നത് ഞാൻ മനസ്സിലാക്കുന്നു. സമാനമായ അനുഭവങ്ങൾ പങ്കു വെച്ചിട്ടുള്ളവരോടൊപ്പം ഞാൻ നിൽക്കുന്നു. നിങ്ങൾക്ക് ശക്തി കിട്ടട്ടേ എന്ന് ഞാൻ പ്രത്യാശിക്കുന്നു. “നടി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

Back to top button
error: