Lead NewsNEWS

വിവാദ കര്‍ഷകനിയമം; പ്രതിഷേധം ശക്തമാക്കാന്‍ കര്‍ഷകര്‍, അതിര്‍ത്തികള്‍ അടയ്ക്കുമെന്ന് സൂചന

കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ വിവാദ കര്‍ഷകനിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധം 25-ാം ദിവസത്തിലേക്ക് കടക്കുന്നു. ഈ കൊടും തണുപ്പിലും പോരാട്ട വീര്യം കൂട്ടാന്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്നുളള കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് തിരിച്ച് കഴിഞ്ഞു.

അതേസമയം, ഉത്തര്‍പ്രദേശിനും ഡല്‍ഹിക്കും ഇടയിലുളള അതിര്‍ത്തിയായ ഗാസിപുര്‍ അടയ്ക്കുമെന്ന നിലപാടിലാണ് കര്‍ഷകര്‍.

കേന്ദ്രത്തിനെതിരെ പൊരുതാന്‍ കൂടുതല്‍ കര്‍ഷകരെ രംഗത്തിറക്കാന്‍ മറ്റു സംസ്ഥാനങ്ങളിലെ കര്‍ഷ കൂട്ടായ്മകളുമായി പ്രക്ഷോഭകര്‍ ബന്ധപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച മഹാരാഷ്ട്രയില്‍ നിന്ന് അയ്യായിരത്തോളം കര്‍ഷകരാണ് സമരത്തില്‍ പങ്കുചേരാന്‍ എത്തിച്ചേരുന്നത്.

ഓള്‍ ഇന്ത്യ കിസാന്‍ സഭയുടെ (എഐകെഎസ്) നേതൃത്വത്തില്‍ നാസിക് ഗോള്‍ഫ് ക്ലബില്‍ ഒത്തുചേരുന്ന കര്‍ഷകര്‍ വാഹനജാഥയായി 1,200 കിലോമീറ്റര്‍ സഞ്ചരിച്ച് 24ന് ഡല്‍ഹിയില്‍ എത്തും. പഞ്ചാബ്, ഹരിയാന, യുപി എന്നിവയ്ക്കു പുറമേ മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും കര്‍ഷകരെത്തുന്നതോടെ ഡല്‍ഹിയിലേക്കുള്ള കൂടുതല്‍ പാതകള്‍ വരും ദിവസങ്ങളില്‍ തടയുമെന്നാണ് കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

2 ലക്ഷത്തോളം കര്‍ഷകരെയും നയിച്ച് ഈ മാസം 26നു രാജസ്ഥാനില്‍ നിന്നു ഡല്‍ഹിയിലേക്കു പ്രകടനം നടത്തുമെന്ന് ഭരണമുന്നണിയില്‍ അംഗമായ ആര്‍എല്‍പിയുടെ നേതാവ് ഹനുമാന്‍ ബേനിവാള്‍ എംപി പ്രഖ്യാപിച്ചു. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മൂന്ന് പാര്‍ലമെന്ററി സമിതികളില്‍ നിന്നും അദ്ദേഹം രാജിവച്ചിരുന്നു.

Back to top button
error: