Lead NewsNEWS

ഷിഗെല്ല; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യമന്ത്രി

കേരളത്തില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.

ഷിഗെല്ല ബാക്ടീരിയകള്‍ വെളളത്തിലൂടെയാണ് മനുഷ്യശരീരങ്ങളിലേക്ക് എത്തിച്ചേരുന്നത്. അതിനാല്‍ തിളപ്പിച്ചാറിയ വെളളം കുടിക്കണം, കിണറുകള്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തണമെന്നും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണമെന്നും മന്ത്രി പറഞ്ഞു.

ഷിഗെല്ല ബാധിച്ച ആളുകളുടെ വിസര്‍ജത്തില്‍ നിന്ന് ബാക്ടീരിയ വെളളത്തില്‍ കലരാന്‍ ഇടയായാല്‍ ആ വെളളം തിളപ്പിച്ച് കുടിക്കാതിരിക്കുമ്പോള്‍ ശരീരത്തിലേക്ക് ഷിഗെല്ല ബാക്ടീരിയ വരാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് ജനസാന്ദ്രത കൂടുതലുളള പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ തിളപ്പിച്ചാറ്റിയ വെളളം മാത്രമേ കുടിക്കാവൂ എന്ന് മന്ത്രി പറയുന്നു.

അതേസമയം, ഷിഗെല്ല രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രതയാണ് ആരോഗ്യ വകുപ്പ് എടുത്തിരിക്കുന്നത്. വീടുകള്‍ കയറിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. അതേസമയം കോഴിക്കോട് ജില്ലയില്‍ രോഗ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം അന്‍പത് കവിഞ്ഞു.

കോഴിക്കോട് കോട്ടാംപറമ്പില്‍ പതിനൊന്ന് വയസുള്ള കുട്ടി ഷിഗെല്ല ബാധിച്ച് മരിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ചത്. പ്രദേശത്തെ 120 കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി.

കടലുണ്ടി, ഫറോക്ക്, പെരുവയല്‍, വാഴൂര്‍ പ്രദേശങ്ങളിലും ഷിഗെല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം ഒരാഴ്ച തുടര്‍ച്ചയായി ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. വീടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍. ശനിയാഴ്ച കോട്ടാംപറമ്പില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചിരുന്നു.

Back to top button
error: