ഫഹദ് ഫാസിലിനൊപ്പം പാട്ടില്‍ ചേരാന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍

മലയാളത്തില്‍ സംവിധാനം ചെയ്തത് ആകെ രണ്ട് സിനിമകള്‍ മാത്രം. എന്നിട്ടും ഒരു സംവിധാനയകന്റെ ചിത്രത്തിനായി വര്‍ഷങ്ങളോളം പ്രേക്ഷകര്‍ കാത്തിരിക്കണമെങ്കില്‍ അയാളുടെ പേര് അല്‍ഫോണ്‍സ് പുത്രന്‍ എന്നായിരിക്കണം. നേരം എന്ന കൊച്ചു ചിത്രവുമായെത്തി പ്രേക്ഷക മനസില്‍ ഇടം പിടിച്ച പുത്രന്റെ രണ്ടാമത്തെ ചിത്രമായ പ്രേമം റെക്കോര്‍ഡ് കളക്ഷന്‍ നേടി മുന്നേറിയിരുന്നു. മലയാളത്തിന് പുറമേ തമിഴിലും ചിത്രം വലിയ വിജയമായിരുന്നു. നിവിന്‍ പോളി എന്ന താരത്തിന്റെ തമിഴ്‌നാട്ടിലെ പ്രേക്ഷക പ്രീതി വര്‍ധിപ്പിക്കുന്നതില്‍ പ്രേമം വലിയ പങ്ക് വഹിച്ചിരുന്നു. പ്രേമത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്റേതായി ഒരു സിനിമയ്ക്ക് വേണ്ടി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് 5 വര്‍ഷം തികയുകയാണ്.

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അല്‍ഫോന്‍സ് പുത്രന്‍ തന്റെ മൂന്നാമത്തെ ചിത്രം ഈയിടെ പ്രഖ്യാപിച്ചിരുന്നു. പാട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ നായകന്‍ ഫഹദ് ഫാസിലാണെന്ന് നേരത്തെ അറിയിച്ചിരുന്നു.

എന്നാല്‍ ഇപ്പോഴിത ചിത്രത്തില്‍ ഫഹദ് ഫാസിലിനൊപ്പം ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും എത്തുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്.

ചിത്രത്തിന്റെ ഒരു ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്. സക്കറിയ തോമസും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തെപ്പറ്റിയുള്ള മറ്റ് വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല. എന്തായാലും അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു ചിത്രവുമായി അല്‍ഫോന്‍സ് പുത്രന്‍ എത്തുമ്പോള്‍ പ്രതീക്ഷിക്കാനേറെയുണ്ട്. അക്കൂട്ടത്തില്‍ ഫഹദ് ഫാസിലും നയന്‍താരയും കൈകോര്‍ക്കുമ്പോള്‍ സംഭവിക്കാന്‍ പോവുന്നത് മറ്റൊരു ചരിത്രം എന്നല്ലാതെ ഒന്നുമാവില്ലെന്ന് പ്രതീക്ഷിക്കാം

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version