NEWS

തോറ്റതിന്റെ കാരണം എന്തെന്ന് പറയൂ, മുല്ലപ്പള്ളിക്കും ചെന്നിത്തലയ്ക്കും എതിരെ രാഷ്ട്രീയകാര്യ സമിതിയിൽ ആഞ്ഞടിച്ച് നേതാക്കൾ

തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഇല്ലെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും രാഷ്ട്രീയകാര്യ സമിതിയിൽ ആവർത്തിച്ചപ്പോൾ നേതാക്കളുടെ രൂക്ഷ വിമർശനം. നേതൃത്വത്തിനെതിരെ ഏറ്റവും ശക്തമായി ആഞ്ഞടിച്ചത് കെ സുധാകരൻ ആണ്. വെൽഫെയർ പാർട്ടിയുമായുള്ള സഖ്യത്തെ കുറിച്ചായിരുന്നു കെ സുധാകരന്റെ പ്രധാന വിമർശനം. സംഘടന അഴിച്ചുപണിയണമെന്നും പ്രവർത്തിക്കാത്തവരെ മാറ്റണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള സ്ഥാനാർഥി നിർണായത്തിന് എതിരെയാണ് പിജെ കുര്യൻ രംഗത്തെത്തിയത്.

മാധ്യമങ്ങൾക്ക് മുമ്പിൽ പറഞ്ഞത് തങ്ങളോട് പറയേണ്ട എന്നായിരുന്നു നേതാക്കൾ വ്യക്തമാക്കിയത്. കണക്കുകൾ നിരത്തി ന്യായീകരിച്ച് തങ്ങളെ വിഡ്ഢികൾ ആക്കരുത് എന്ന് വി ഡി സതീശൻ പറഞ്ഞു. ചർച്ചകൾ പോലും കോൺഗ്രസിൽ പ്രഹസനമാണെന്നും വിഡി സതീശൻ ആരോപണമുന്നയിച്ചു.

പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ പരാജയത്തെ ചൊല്ലി പാർട്ടിയിൽ പരസ്യ വിമർശനങ്ങളും ശക്തമാകുകയാണ്. കെ സുധാകരൻ, രാജ്മോഹൻ ഉണ്ണിത്താൻ,എംകെ രാഘവൻ, പിജെ കുര്യൻ എന്നിവർ പരസ്യമായി നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു.

Back to top button
error: