NEWS

കന്നിയങ്കത്തില്‍ വിജയം കുറിച്ച് രേഷ്മ

ദ്ദേശ തിരഞ്ഞെടുപ്പില്‍ അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി കന്നിയങ്കം കുറിച്ച രേഷമ മറിയം റോയ്ക്ക് വിജയം. തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയെന്നും ഇരുപത്തിയൊന്ന് വയസ്സ് പൂര്‍ത്തിയായി തൊട്ടടുത്ത ദിവസം നോമിനേഷന്‍ നല്‍കിയ കേരളത്തിലെ ആദ്യ സ്ഥാനാര്‍ത്ഥി എന്നുമുളള പേരിലൂടെ സമൂഹമാധ്യമങ്ങളില്‍ ഇടം നേടിയ താരമായിരുന്നു രേഷ്മ.

എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായ രേഷ്മയ്ക്ക് 450 വോട്ടുകള്‍ ലഭിച്ചപ്പോള്‍ മുന്‍ പഞ്ചായത്തംഗമായ യു.ഡി.എഫ്. സ്ഥാനാര്‍ഥി സുജാത മോഹന് 380 വോട്ട് മാത്രമാണ് നേടാനായത്. യു.ഡി.എഫിന്റെ സിറ്റിങ് സീറ്റാണ് രേഷ്മ മറിയം റോയ് പിടിച്ചെടുത്തത്.

വോട്ടവകാശം പതിനെട്ടാണെങ്കിലും തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കണമെങ്കില്‍ ഇരുപത്തിയൊന്ന് വയസ്സുതികയണം. നവംബര്‍ 18നാണ് രേഷ്മയ്ക്ക് 21 വയസ്സുതികഞ്ഞത്. നോമിനേഷന്‍ നല്‍കേണ്ട അവസാന തിയതി പത്തൊന്‍പതും.

രേഷ്മയുടെ പത്രിക സമര്‍പ്പണം അവസാന തീയതി വരെ നീളുമെങ്കിലും രേഷ്മ പ്രചരണ രംഗത്ത് നേരത്തെ തന്നെ സജീവമായി കഴിഞ്ഞിരുന്നു. തികഞ്ഞ വിജയപ്രതീക്ഷയില്‍ ചുറുചുറുക്കോടെ തന്നെയായിരുന്നു താരം.

ഡിഗ്രി പഠനകാലത്ത് എസ്എഫ്എയിലൂടെയാണ് രേഷ്മ രാഷ്ട്രീയത്തിലേക്ക് ചുവടുവെയ്ക്കുന്നത്. തുടര്‍ന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം, എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം, സിപിഐഎം ഊട്ടുപാറ ബ്രാഞ്ചംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ് അതിനിടെയാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സിപിഎം തീരുമാനിച്ചത്.

കൊവിഡ് വ്യാപന കാലത്ത് കോന്നി എംഎല്‍എയുടെ കൈത്താങ് പദ്ധതിയുടെ ഭാഗമായി തേങ്ങാ തിരുമ്മി നല്‍കാന്‍ എംഎല്‍എ ഓഫീസിലേക്ക് സഹായം അഭ്യര്‍ത്ഥിച്ചുവിളിച്ച വീട്ടമ്മക്ക് രേഷ്മ തേങ്ങാ തിരുമ്മി നല്‍കിയത് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഊട്ടുപാറ തുണ്ടിയാംകുളത്ത് റോയ് ടി മാത്യു-മിനി റോയ് ദമ്പതികളുടെ മകളാണ് രേഷ്മ.

Back to top button
error: