Lead NewsNEWS

തെരഞ്ഞെടുപ്പു പരാജയത്തിനു പിന്നാലെ കോൺഗ്രസിൽ കലാപം, എല്ലാ അമ്പുകളും മുല്ലപ്പള്ളിക്ക്‌ നേരെ

തെരഞ്ഞെടുപ്പ് പരാജയം കോൺഗ്രസിൽ ആഭ്യന്തര കലഹത്തിൽ വഴിയൊരുക്കുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് എതിരെയാണ് ആരോപണ ശരങ്ങൾ. യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കുന്നതിനും അതിനനുസരിച്ച് പ്രവർത്തിക്കുന്നതിനും നേതൃത്വം പരാജയപ്പെട്ടു എന്നാ ആരോപണമാണ് ഉയരുന്നത്.

സംഘടന അടിസ്ഥാനപരമായി ദുർബലമായിരിക്കുന്നതും ഗുണമില്ലാത്തവരെ ഉൾപ്പെടുത്തി ജംബോ കമ്മിറ്റികൾ രൂപീകരിച്ചതുമാണ് പാർട്ടിക്ക് തിരിച്ചടിയായത് എന്ന നിലയിൽ ഉള്ള പ്രതികരണങ്ങൾ ആണ് വരുന്നത്. കെ സുധാകരനും ടി എൻ പ്രതാപനും പരസ്യമായിത്തന്നെ പ്രതികരണം നടത്തിക്കഴിഞ്ഞു. കോൺഗ്രസിന് സംഘടനയെ ഇല്ല എന്ന മട്ടിലായിരുന്നു കെ സുധാകരന്റെ പ്രതികരണം. താൻ ഇത് നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നുവെന്നും നേതൃത്വത്തിന് സാധാരണ ജനങ്ങളുമായി ബന്ധമില്ല എന്നും ആണ് ടി എൻ പ്രതാപന്റെ പ്രതികരണം.

വിഡി സതീശൻ, കെ വി തോമസ്, കെ മുരളീധരൻ, പി ജെ കുര്യൻ തുടങ്ങിയവരും പരസ്യ പ്രതികരണമായി രംഗത്ത് വരുമെന്നാണ് സൂചന. സ്വന്തം തട്ടകത്തിൽ തിരിച്ചടിയേറ്റത് ഉമ്മൻചാണ്ടിയെ ദുർബലനാക്കുന്നു. സ്വന്തം വാർഡിൽ പോലും യു ഡി എഫ് സ്ഥാനാർഥി തോറ്റു എന്നത് രമേശ്‌ ചെന്നിത്തലയ്ക്ക് ശക്തിക്ഷയം ഉണ്ടാക്കുന്നു. അതുകൊണ്ടുതന്നെ നേതാക്കളുടെ ആക്രമണത്തിൽനിന്ന് മുല്ലപ്പള്ളി രക്ഷിക്കാൻ ഇവർ ഒരുമ്പെടില്ല.

നാളെ കെപിസിസിയുടെ രാഷ്ട്രീയകാര്യ സമിതി യോഗം ചേരുകയാണ്. ഈ യോഗത്തിൽ മുല്ലപ്പള്ളിക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉണ്ടാകും. മുല്ലപ്പള്ളിയെ പിന്തുണച്ച് നേതാക്കളാരും തന്നെ രാഷ്ട്രീയ സമിതിയിൽ രംഗത്ത് വരാൻ സാധ്യതയില്ല.

Back to top button
error: