NEWS

പ്രദീപിനെ ഇടിച്ച വണ്ടി പോലീസ് കണ്ടെത്തിയത് എങ്ങനെ? ദുരൂഹതകള്‍ ഒഴിയുന്നില്ല

മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്റെ മരണം ഞെട്ടലോടെയാണ് കേരളം കേട്ടത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ എസ്.വി പ്രദീപിന്റെ അപകട മരണത്തില്‍ നിലനിന്നിരുന്ന ദുരൂഹതകള്‍ക്ക് ഇടിച്ചിട്ട വാഹനം പോലീസ് കസ്റ്റടിയിലെടുത്തതോടെ വിരാമമായെന്ന് വിചാരിക്കവേ ലോറി ഡ്രൈവര്‍ ജോയിയുടെ മൊഴിയിലെ വൈരുദ്ധ്യം പോലീസിനെ കുഴപ്പിച്ചിരിക്കുകയാണ്. ജോയിയെ കസ്റ്റഡിയിലെടുത്തതോടെയാണ് അപകടത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. ഫോര്‍ട്ട് എ സി പ്രതാപന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജോയിയെ കസ്റ്റഡിയിലെടുത്തത്. നെയ്യാറ്റിന്‍കര ഭാഗത്തേക്ക് മണ്ണുമായി പോയ ലോറിയാണ് പ്രദീപിനെ ഇടിച്ചിട്ടത്. സംഭവസ്ഥലത്ത് ലോറി നിര്‍ത്താതെ പോയ ജോയി പിന്നീട് മരണവാര്‍ത്തയറിഞ്ഞ് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

പ്രദീപിനെ ലോറി ഇടിച്ചത് താന്‍ അറിഞ്ഞിരുന്നുവെന്ന് ജോയി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. അപകടം നടക്കുമ്പോള്‍ ലോറിയുടമ മോഹനനും തനിക്കൊപ്പം ലോറിയിലുണ്ടായിരുന്നുവെന്ന് ജോയി മൊഴി നല്‍കി. ഉടമയെയും വിശദമായി ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. പ്രദീപിനെ ഇടിച്ച ശേഷം എന്തുകൊണ്ട് ലോറി നിര്‍ത്താതെ പോയി എന്നതാണ് പോലീസിനെ കുഴപ്പിക്കുന്നത്. സ്‌കൂട്ടറിന്റെ പിന്നിലേക്ക് ലോറി ഇടിക്കുകയും തുടര്‍ന്ന് നിലത്തേക്ക് വീഴുകയും ചെയ്ത പ്രദീപിന്റെ ശരീരത്തിലൂടെ ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങുകയുമായിരുന്നു. ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

മണലിറക്കിയ ശേഷം മറ്റൊരു വഴിയിലൂടെയാണ് ഡ്രൈവര്‍ ലോറിയുമായി തിരികെ പോയത്. ഇന്ന് പ്രദീപിനെ ഇടിച്ച വാഹനം വ്യക്തമല്ല എന്നുള്ള വാര്‍ത്തകള്‍ പുറത്ത് വന്നതിന് ശേഷമാണ് ലോറി പുറത്തിറക്കിയത്. എന്നാല്‍ ഈ ലോറി ഇഞ്ചക്കല്ലിലൂടെ പോവുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നെത്തിയ പോലീസ് ലോറി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് അപകടം നടന്നത്. അപകടം നടന്ന സ്ഥലത്ത് സിസിടിവി ഇല്ലാത്തത് പോലീസിനെ കുഴപ്പിച്ചിരുന്നു. സമീപത്തെ കടയില്‍ നിന്നുള്ള സിസിടിവി ദൃശ്യം മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. എന്നാല്‍ എങ്ങനെയാണ് പോലീസ് വാഹനം കണ്ടെത്തിയതെന്നുള്ള കാര്യം ഇപ്പോഴും രഹസ്യമായി തുടരുകയാണ്.

സംഭവസ്ഥലം പരിശോധിച്ച ഫോറന്‍സിക് വിദഗ്ധര്‍ ടയര്‍ മാര്‍ക്കുകളില്‍ നിന്നും അതൊരു ടിപ്പറിന്റെയാവാമെന്ന് സൂചന നല്‍കിയിരുന്നു. പോലീസ് കസ്റ്റടിയിലെടുത്ത ലോറിയുടെയും ടയര്‍ മാര്‍ക്‌സ് ഫോറന്‍സിക് സംഘം പരിശോധിക്കും. ഇത് ശാസ്ത്രീയമായി തെളിയിക്കാന്‍ സാധിച്ചാല്‍ പ്രദീപിനെ ഇടിച്ചത് ജോയി ഓടിച്ച ലോറി തന്നെയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാനാവും. ഡ്രൈവര്‍ ജോയി പ്രാഥമികമായി കുറ്റം സമ്മതിച്ചതായും അറിയാന്‍ സാധിച്ചിട്ടുണ്ട്. നേമം പോലീസ് സ്‌റ്റേഷിനിലാണ് ഇപ്പോള്‍ ജോയിയുള്ളത്. ജോയിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പ്രദീപിന്റെ ബന്ധുക്കളും പ്രതിപക്ഷവും സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിക്കുന്ന പശ്ചാത്തലത്തില്‍ പോലീസ് കാര്യക്ഷമമായ അന്വേഷണത്തിലാണ്.

Back to top button
error: