NEWS

ദുരൂഹത മാറാതെ പ്രദീപിന്റെ മരണം

ന്തും തുറന്നടിക്കുന്ന പ്രകൃതം. നേരിന് വേണ്ടി നിലകൊള്ളുമ്പോള്‍ സുഹൃത്തുക്കളായാലും മുഖം നോക്കാതെ വിമര്‍ശിക്കും. ഇതായിരുന്നു അത്യുത്സാഹിയായ മാധ്യമപ്രവര്‍ത്തകന്‍ എസ്.വി.പ്രദീപ്. വാര്‍ത്തകളോടും വിഷയങ്ങളോടും നിരന്തരം സംവദിച്ച് ആകാശവാണി മുതല്‍ ഓണ്‍ലൈന്‍ മാധ്യമരംഗം വരെ തന്റേതായ ശൈലിയില്‍ കാര്യങ്ങള്‍ പറഞ്ഞുപോയ ഒരാള്‍. അതുകൊണ്ട് തന്നെ നിരവധി ശത്രുക്കളെയും പള്ളിച്ചല്‍ സ്വദേശിയായ പ്രദീപ് സമ്പാദിച്ചുവെന്ന് പറയാം. മരിച്ചാലും നിലപാട് നിലപാട് തന്നെ ഇതായിരുന്നു പലപ്പോഴും പ്രദീപിന്റെ തൊഴില്‍ മന്ത്രം.

കൊല്ലാം, കൊന്നോളൂ…പക്ഷേ തളര്‍ത്താന്‍ ആകില്ല… സമ്മതിക്കില്ല”; മരിച്ചാലും നിലപാട് നിലപാട് തന്നെ എന്നായിരുന്നു പ്രദീപ് തന്നെ പലപ്പോഴും പറഞ്ഞിരുന്നത്.

മംഗളം ഹണട്രാപ് കേസില്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ രാജി വയ്ക്കേണ്ടി വന്നിരുന്നു. ഇതിനെ തുടര്‍ന്നുള്ള കേസില്‍, മംഗളത്തിലെ അഞ്ച് മാധ്യമ പ്രവര്‍ത്തകരാണ് ആഴ്ചകളോളം ജയിലില്‍ കിടന്നത്. അന്ന് മംഗളം ടെലിവിഷന്റെ ന്യൂസ് എഡിറ്ററായിരുന്ന പ്രദീപിന് ജസ്റ്റിസ് പി.എസ്. ആന്റണി കമ്മീഷന് മുമ്പില്‍ ഹാജരാകേണ്ടി വന്നു. പിന്നീട് ഹര്‍ജി പിന്‍വലിച്ചത് ഇപ്പോള്‍ ദുരൂഹതയ്ക്ക് കാരണമാകുന്നു. ബിലിവേഴ്‌സ് ചര്‍ച്ചില്‍ നടന്ന റെയ്ഡിലും മാധ്യമപ്രവര്‍ത്തനത്തിലെ പ്രദീപിന്റെ മികവുണ്ടായിരുന്നു.

ബിലീവേഴ്‌സ് ചര്‍ച്ച് റെയ്ഡില്‍ മംഗളം ടിവിയുടെ ഓഫീസിലും ഉദ്യോഗസ്ഥരെത്തി. ഇതിന് സഹായകരമായ രേഖകള്‍ കണ്ടെത്തിയതിന് പിന്നില്‍ പ്രദീപിന്റെ ഇടപെടലുണ്ടായിരുന്നുവെന്നാണ് സൂചന. അതേസമയം, ബിലീവേഴ്‌സ് ചര്‍ച്ചിന് മംഗളം ടിവിയില്‍ നിക്ഷേപമുണ്ടെന്ന സൂചന ലഭിച്ചതിന് പിന്നാലെയായിരുന്നു റെയ്ഡ്. പിന്നീട് മംഗളം ടിവിയുടെ മേധാവി ആര്‍. അജിത്തിന്റെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. എന്നാല്‍ ഇതിനെല്ലാം പിന്നില്‍ താനാണെന്ന് പറയാന്‍ പ്രദീപിന് ഒട്ടും മടിയുണ്ടായിരുന്നില്ല. ഇതോടെ പ്രദീപിന് ശത്രുക്കള്‍ കൂടുകയും ചെയ്തു. എന്നാല്‍ സൗഹൃദങ്ങളുമായി പ്രദീപ് ചേര്‍ന്ന് പോന്നു,, എല്ലാം എല്ലാവരോടും പറഞ്ഞു. എന്നാല്‍ ഹണിട്രാപ് കേസ് പിന്‍വലിച്ച കാര്യം ആരോടും പറഞ്ഞിരുന്നില്ല. ഏത് സാഹചര്യത്തിലാണ് പ്രദീപ് കേസ് പിന്‍വലിച്ചത് എന്നതില്‍ ആര്‍ക്കും വ്യക്തതയില്ല. രാഷ്ട്രീയത്തിന് അപ്പുറമുളള ഏതോ ഒരു ശത്രു പ്രദീപിനെ വകവരുത്താനുളള ശ്രമം സുഹൃത്തുക്കള്‍ തളളിക്കളയുന്നില്ല.

പ്രദീപിന്റെ മരണത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളും പ്രതിപക്ഷവും ഒരുപോലെ ദുരൂഹത ആരോപിക്കുമ്പോള്‍ അന്വേഷണ സംഘത്തിന്റെ ചുമതലയ്ക്ക് കാഠിന്യം ഏറുകയാണ്.

ഇന്നലെ ഉച്ച തിരിഞ്ഞ് 3.15 നും 3.30 നും ഇടയില്‍ തിരുവനന്തപുരത്ത് നിന്ന് പള്ളിച്ചലിലേക്ക് പോകുന്നതിനിടയിലായിരുന്നു അപകടം. പ്രദീപ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ടിപ്പര്‍ തട്ടിയതോടെ പ്രദീപ് റോഡിന് നടുവിലേക്ക് വീഴുകയായിരുന്നു. അപകടം നടന്ന സ്ഥലത്ത് സി.സി.ടി.വി. ക്യാമറകള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ലോറിയുടെ പിന്‍ ചക്രങ്ങള്‍ പ്രദീപിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. അപകടത്തിന് ഇടയാക്കിയ ലോറിയും ലോറിഡ്രൈവറേയും പിടികൂടി. ഫോര്‍ട്ട് എസി പ്രതാപന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ഈഞ്ചക്കല്ലില്‍ നിന്നാണ് ലോറി ഡ്രൈവര്‍ ജോയിയെ പിടികൂടിയത്. അപകടം നടന്ന് അറിഞ്ഞിരുന്നതായി ജോയി സമ്മതിച്ചു.

സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി ഭീഷണികള്‍ പ്രദീപിന് തന്റെ ജോലിയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു എന്നുള്ളത് പ്രദീപ് തന്നെ പലപ്പോഴായി ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റുകളിലൂടെ വ്യക്തമാണ്. അമ്മയും അത്തരത്തിലുള്ള മൊഴി മാധ്യമങ്ങള്‍ക്കു മുമ്പില്‍ പറയുകയുണ്ടായി.

തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന് പ്രദീപ് ഒരിക്കല്‍ പറഞ്ഞിരുന്നുവെന്നും കുടുംബം ആരോപിച്ചു. രാഷ്ട്രീയക്കാരും മത നേതാക്കളും ബിസിനസ് പ്രമുഖരുമടക്കം നിരവധി ശത്രുക്കള്‍ പ്രദീപിനുണ്ടായിരുന്നു. എല്ലാവരും അതിശക്തര്‍. അതുകൊണ്ട് തന്നെ പ്രദീപിന്റെ അസ്വാഭാവിക മരണത്തില്‍ സംശയങ്ങള്‍ ഏറെയാണ്.

ഈ സാഹചര്യത്തിലാണ് പ്രദീപിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ ഉന്നത തല അന്വേഷണം നടത്തണമെന്നും വസ്തുതകള്‍ പുറത്തു കൊണ്ടുവരണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇതുകൊണ്ടാണ് പ്രദീപിന്റെ മരണത്തില്‍ സിബിഐ അന്വേഷണമെന്ന ആവശ്യം ശക്തമാകുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാകും അതിനിര്‍ണ്ണായകം. നിലവില്‍ ഫോര്‍ട്ട് എസിയാണ് അന്വേഷണം നടത്തുന്നത്. സ്വപ്നാ സുരേഷിന്റെ ശബ്ദ രേഖ ചോര്‍ന്നത് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിനെ പോലും അന്വേഷണത്തിന് നിയോഗിച്ചില്ലെന്നതും സംശയങ്ങള്‍ക്ക് ഇട നല്‍കുന്നു.

പ്രദീപ് വാഹനാപകടത്തിന് മുമ്പ് ഒടുവിലായി ചെയ്ത വാര്‍ത്ത സ്വര്‍ണക്കടത്തില്‍ സ്വപ്നയുമായി ബന്ധമുള്ള ബുദ്ധിജീവിയായ സിനിമ പ്രവര്‍ത്തകന്റെ പങ്കിനെ പറ്റിയായിരുന്നു. സ്വപ്നയ്ക്ക് ബംഗളൂരുവില്‍ അടക്കം ഒളിത്താവളം ഒരുക്കി നല്‍കുന്നതില്‍ പ്രധാനിയായ ഇയാള്‍ സിപിഎം നോമിനേഷനില്‍ നിയമസഭയിലേക്കോ രാജ്യസഭയിലേക്കോ മത്സരിക്കാന്‍ തയ്യാറെടുക്കുന്ന ആളാണെന്നും പ്രദീപ് വാര്‍ത്തയില്‍ വെളിപ്പെടുത്തിയിരുന്നു.

ഈ സിനിമ വമ്പന്‍ ബംഗളൂരു അടക്കം സ്ഥലങ്ങളില്‍ വലിയ സ്വാധീനമുണ്ടെന്നും വാര്‍ത്തയില്‍ വ്യക്തമാക്കുന്നു.

ജയ്ഹിന്ദ്, കൈരളി ടിവി, മനോരമ ന്യൂസ്, ന്യൂസ് 18 കേരളം, മംഗളം ടിവി, കലാകൗമുദി തുടങ്ങി വിവിധ പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും എസ്.വി പ്രദീപ് പ്രവര്‍ത്തിച്ചു.

ഒന്നാന്തരം വാഗ്മി,നല്ല അഭിഭാഷകന്‍,നാടക പ്രവര്‍ത്തകന്‍,കറകളഞ്ഞ കമ്യൂണിസ്റ്റുകാരന്‍ വധഭീഷണികള്‍ വകവെക്കാതെ സധൈര്യം ജീവിച്ച പോരാളി. അദ്ദേഹത്തിന്റെ ഈ ശൈലിയില്‍ ധാരാളം പേര്‍ക്ക് വിയോജിപ്പുണ്ടായിരുന്നിരിക്കണം.

Back to top button
error: