വി. ജെ ചിത്രയുടെ ഭര്‍ത്താവ് അറസ്റ്റില്‍

ചെന്നൈ: തമിഴിലെ പ്രശസ്ത ടെലിവിഷന്‍ താരവും അവതാരകയുമായ വിജെ ചിത്രയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് ഹേമന്ദിനെ പോലിസ് അറസ്റ്റ് ചെയ്തു. ഹേമന്ദിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. ചിത്രയുടെ മരണത്തില്‍ ഹേമന്ദിനെ സംശയമുണ്ടെന്ന് അമ്മ ആരോപിച്ചിരുന്നു.

ചിത്ര അവതരിപ്പിക്കുന്ന ഷോയിലെ ചില രംഗങ്ങളെച്ചൊല്ലി നടിയും ഹേമന്ദും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ചിത്ര അവതരിപ്പിച്ച ഒരു രംഗം ഹേമന്ദിനെ ഇഷ്ടപ്പെട്ടില്ലെന്നും അതിനെച്ചൊല്ലി വഴക്കുണ്ടായതായും അസിസ്റ്റന്റ് കമ്മീഷണര്‍ സുദര്‍ശന്‍ പറഞ്ഞു.

ആഗസ്തിലായിരുന്നു ചിത്രയുടെയും ഹേമന്ദിന്റെയും വിവാഹനിശ്ചയം നടന്നത്. ജനുവരിയിലേക്കായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. എന്നാല്‍ രണ്ട് മാസം മുന്‍പ് ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു.

ഡിസംബര്‍ 9നാണ് നടിയെ ചെന്നൈ നസ്രത്ത്‌പേട്ടിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇ.വി.പി. ഫിലിം സിറ്റിയില്‍ ഒരു പരിപാടിയുടെ ഷൂട്ട് കഴിഞ്ഞ് പുലര്‍ച്ചെ ഒരു മണിയോടെയാണ് ചിത്ര ഹോട്ടല്‍ മുറിയില്‍ തിരിച്ചെത്തിയത്. ഹേമന്ദും അതേ ഹോട്ടലില്‍ ചിത്രയ്‌ക്കൊപ്പം ഉണ്ടായിരുന്നു. കുളിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് റൂമില്‍ കയറിയ ചിത്രയെ ഏറെ നേരം കാണാഞ്ഞിട്ടും സംശയം തോന്നിയപ്പോള്‍ ഹോട്ടല്‍ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്ന് ഹേംനാഥ് പറയുന്നു. ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് റൂം തുറന്നപ്പോള്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version