NEWS

കോവിഡ്‌ മഹാമാരിയെ തളക്കാൻ വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ തള്ളുന്നോ കൊള്ളുന്നോ എന്ന് യുഡിഎഫ് – ബിജെപി നേതൃത്വങ്ങൾ വ്യക്തമാക്കാൻ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ

കോവിഡ്‌ മഹാമാരിയെ തളക്കാൻ വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ തള്ളുന്നോ കൊള്ളുന്നോ എന്ന് യുഡിഎഫ് ബിജെപി നേതൃത്വങ്ങൾ വ്യക്തമാക്കാൻ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ ആവശ്യപ്പെട്ടു .അത് ചെയ്യാതെ കേരളത്തിലെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനുവേണ്ടി പ്രതിബദ്ധതയോടു ഇടപെടുന്ന മുഖ്യമന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം ആരോപിക്കുന്നത് മനുഷ്യത്വഹീനമാണ്. ഇക്കാര്യത്തിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി നേതാവ് കെ സുരേന്ദ്രനും സയാമീസ് ഇരട്ടകളെ പോലെ പിണറായിക്ക് എതിരെ രംഗത്ത് വന്നത് അപഹാസ്യമാണ്. ഒരാൾക്ക് വാക്സിന് ആയിരം രൂപ വരെ വില വരും എന്നാണ് വാർത്ത.

രാജ്യത്തെ എല്ലാ ജനങ്ങൾക്കും സൗജന്യമായി വാക്സിൻ നൽകുമെന്ന് വ്യക്തമാക്കാൻ ഇതുവരെ പ്രധാനമന്ത്രി തയ്യാറായിട്ടില്ല. ആ പശ്ചാത്തലത്തിലാണ് കേരളത്തിലെ എല്ലാവർക്കും സൗജന്യ വാക്സിൻ നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇത് ദേശീയതലത്തിൽതന്നെ പ്രതികരണങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

വാർത്താസമ്മേളനത്തിൽ ചോദ്യത്തിന് മറുപടിയായാണ് സൗജന്യമായി വാക്സിൻ നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. എൽഡിഎഫ് തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ ഇത് പറഞ്ഞിട്ടുണ്ട് . തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ പറയുന്ന ഒരു വാഗ്ദാനം മുന്നണിയുടെ നേതാവുകൂടിയായ മുഖ്യമന്ത്രി സൂചിപ്പിക്കുന്നത് ചട്ടലംഘനം അല്ല . പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സമയത്ത് മന്ത്രിസഭ കൂടി പുതിയ പദ്ധതികളിൽ തീരുമാനമെടുത്തു പ്രഖ്യാപിക്കാൻ പാടില്ല എന്ന് മാത്രമേയുള്ളൂ.

കോവിഡ് ചികിത്സ സമ്പൂർണ്ണമായി സൗജന്യമായി നൽകി ജനങ്ങളുടെ ആരോഗ്യവും ജീവനും രക്ഷിച്ചകേരള സർക്കാർ അതേ നയം വാക്സിൻറെ കാര്യത്തിലും പിന്തുടരുമെന്ന് എൽഡിഎഫ് പ്രകടനപത്രിക സംശയലേശമന്യേ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടേത് പൊള്ളയായ പ്രഖ്യാപനം അല്ല. വാക്സിൻ സൗജന്യമായി നൽകുമെന്ന് അറിയിക്കാൻ ഇതുവരെ പ്രധാനമന്ത്രി തയ്യാറായിട്ടില്ല . ഇക്കാര്യത്തിലെ ഒളിച്ചുകളി അവസാനിപ്പിക്കാൻ പ്രധാനമന്ത്രി തയ്യാറാകണം. അത് ചെയ്യാത്ത പ്രധാനമന്ത്രിക്കെതിരെ ശബ്ദിക്കുന്നതിനുപകരം ജനങ്ങളുടെ ജീവൻ വിലമതിക്കുന്ന മുഖ്യമന്ത്രിക്കെതിരെ എതിരെ നിലനിൽക്കാത്ത ചട്ടലംഘനം ആരോപിക്കുന്നത് ബാലിശമാണ് .ഇത് ജനങ്ങളുടെ ജീവൻ പന്താടലാണ്.

Back to top button
error: