NEWS

വളര്‍ത്തുനായയെ കെട്ടിയിട്ട് വലിച്ച സംഭവം; പ്രതിക്കെതിരെ കര്‍ശന നടപടിയാവശ്യപ്പെട്ട് മനേക ഗാന്ധി

കൊച്ചി: വളര്‍ത്തുനായയെ കാറിന്റെ പിന്നില്‍ കെട്ടിവലിച്ചിഴച്ച സംഭവത്തില്‍ ഇടപെട്ട്
കേന്ദ്രമന്ത്രി മനേക ഗാന്ധി. ഡിജിപിയെയും ആലുവ റൂറല്‍ എസ്പിയെയും ഫോണില്‍ വിളിച്ച്‌ വിവരങ്ങള്‍ തേടി. പ്രതിക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഹൈക്കോടതിയിലെ അഭിഭാഷകനായ ബി എസ് മന്‍സൂറാണ് സംഭവം മനേക ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. പ്രതിയെപ്പറ്റിയുളള കൂടുതല്‍ വിവരങ്ങളും മനേക ചോദിച്ചറിച്ചു. ഇത്തരം ക്രൂരതകള്‍ക്ക് എതിരെ കേരളത്തിലെ ജനങ്ങള്‍ രംഗത്തിറങ്ങണമെന്നും അവര്‍ ആഹ്വാനം ചെയ്‌തു.

മൃഗങ്ങള്‍ക്ക് എതിരായ അതിക്രമങ്ങള്‍ക്കെതിരെ ബോധവത്ക്കരണം നടത്തണമെന്നും അതിന് ആവശ്യമായ സഹായം നല്‍കാമെന്നും മനേക അധികൃതരെ അറിയിച്ചിട്ടുണ്ട്.

നെടുമ്പാശ്ശേരി അത്താണിക്ക് സമീപം ചാലക്കയില്‍ ഇന്നലെ രാവിലെ 11 മണിയോടെയാണ് മനുഷ്യത്യരഹിതമായ സംഭവം അരങ്ങേറിയത്. ചാലയ്ക്ക സ്വദേശി യൂസഫാണ് തന്റെ വളര്‍ത്തുനായയെ കാറില്‍ക്കെട്ടി അര കിലോമീറ്ററോളം വലിച്ചത്. നായയെ കാറില്‍ കെട്ടി വലിച്ചിഴച്ചത് കാറിന് പിന്നാലെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന നെടുമ്പാശ്ശേരി സ്വദേശി അഖിലാണ് തന്റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചത്. പിന്നാലെ ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ പങ്കുവെക്കുകയും പ്രതിഷേധമുയരുകയും ചെയ്തിരുന്നു.

റോഡിലൂടെ വലിച്ചിഴച്ചതിലൂടെ നായയുടെ ശരീരം മുഴുവന്‍ മുറിഞ്ഞിരുന്നു. ഒപ്പം കാലിലെ എല്ലുകള്‍ കാണാവുന്ന തരത്തില്‍ തൊലി അടര്‍‌ന്നും പോയിരുന്നു. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ കുത്തുകര ചാലാക്ക സ്വദേശി യൂസഫിനെ (62) പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടിരുന്നു. നായ തന്റേതാണെന്നും വീട്ടില്‍ ശല്യമായതിനെ തുടര്‍ന്ന് കാറില്‍ കെട്ടി വലിച്ച്‌ കളയാന്‍ കൊണ്ടുപോയതാണെന്നും ഇയാള്‍ സമ്മതിച്ചു.

Back to top button
error: