ഒട്ടിച്ചേര്‍ന്ന് ജനിച്ച പൂച്ചക്കുട്ടികള്‍; പിന്നീട് സംഭവിച്ചത്

ണ്ട് എലിയെ പിടിക്കുക എന്ന ചരിത്രദൗത്യത്തില്‍ നിന്ന് ഇപ്പോള്‍ വീടിന് അലങ്കാരവും സ്റ്റാറ്റസ് സിംബലുമായി മാറിയിരിക്കുകയാണ് പൂച്ചകള്‍. വീട്ടിലെ ഒരംഗത്തെപ്പോലെ വീടിനുള്ളില്‍ വളര്‍ത്തപ്പെടുന്ന അരുമയായതിനാല്‍ അവരുടെ പരിപാലനത്തെക്കുറിച്ചുള്ള അറിവ് പൂച്ചപ്രേമികള്‍ക്ക് ഏറെ പ്രധാനമാണ്.

ലോകത്താകമാനം അന്‍പതോളം പൂച്ച ജനുസുകളുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. നാടന്‍ എന്നോ സങ്കരയിനം എന്നോ വിളിക്കാവുന്ന പൂച്ചകളാണ് കേരളത്തില്‍ ബഹുഭൂരിപക്ഷവും. എന്നാല്‍ ഇപ്പോഴിതാ ഒരു പൂച്ചയുടെ വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്. പൊക്കിള്‍ കൊടിയുടെ ഭാഗം ഒട്ടിചേര്‍ന്ന് ജനിച്ച അഞ്ച് പൂച്ചക്കുട്ടികള്‍.

മണലൂര്‍ പാലാഴി ആലത്തി ശോഭനയുടെ വീട്ടിലെ കുഞ്ഞിമണിപൂച്ചയുടെ മൂന്നാം പ്രസവത്തില്‍ അഞ്ച് പൂച്ചക്കുട്ടികളാണ് പൊക്കിള്‍ക്കൊടിയുടെ ഭാഗം ഒട്ടിച്ചേര്‍ന്ന നിലയില്‍ ജനിച്ചത്.

ശസ്ത്രക്രിയയിലൂടെയല്ലാതെ ഒട്ടിച്ചേര്‍ന്നുകിടക്കുന്ന കുട്ടികളെ സാധാരണ പുറത്തെടുക്കാനാകില്ല. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ കുഞ്ഞുമണിപ്പൂച്ചയുടേത് സുഖപ്രസവമായിരുന്നു. മണ്ണുത്തി വെറ്ററിനറി ആശുപത്രിയിലെ ഡോ. അനൂപിന്റെ നിര്‍ദേശപ്രകാരം അന്തിക്കാട് വെറ്ററിനറി പോളിക്ലിനിക്കിലെ സര്‍ജനും തെക്കുംപാടം സ്വദേശിയുമായ ഡോ. സുശീല്‍കുമാറും സംഘവും ചേര്‍ന്ന് നടത്തിയ ശസ്ത്രക്രിയയിലൂടെ ഇവയെ വേര്‍പെടുത്തിയെടുക്കുകയായിരുന്നു.

പ്രസവ ശേഷം ശരീരം ഒട്ടിച്ചേര്‍ന്നു കിടക്കുന്നതിനാല്‍ പൂച്ചക്കുട്ടികള്‍ നിര്‍ത്താതെ കരച്ചിലായിരുന്നു. തുടര്‍ന്ന് ശോഭന സമീപത്തെ വെറ്ററിനറി ഡോക്ടര്‍മാരെ ഫോണില്‍ വിളിച്ച് തിരക്കി എന്നാല്‍ രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന മറുപടിയായിരുന്നു ലഭിച്ചത്. എന്നാല്‍ മണ്ണുത്തി വെറ്ററിനറി കോളേജിലെ വിദ്യാര്‍ഥി ഗൗരി വേണുഗോപാല്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ മുഹമ്മദ് റാഫി, കാര്‍ത്ത്യായനി, ആശുപത്രി ജീവനക്കാരി സുജാത എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ശസ്ത്രക്രിയ വിജയിക്കുകയായിരുന്നു.

നാലുവര്‍ഷം മുമ്പ് റോഡരികില്‍ നിന്നാണ് ശോഭനയുടെ മക്കളായ ആര്‍ദ്രയ്ക്കും അമല്‍കൃഷ്ണയ്ക്കും ഹിമാലയന്‍ ഇനത്തില്‍പ്പെട്ട ഈ പൂച്ചയെ കിട്ടിയത്. അവശയായി റോഡില്‍ കിടന്ന പൂച്ചയെ ഇവര്‍ വീട്ടില്‍ കൊണ്ടുവന്ന് കുഞ്ഞുമണിയെന്ന് പേരിട്ട് വിളിച്ച് വളര്‍ത്താന്‍ തുടങ്ങി. ഹിമാലയന്‍ ഇനത്തില്‍പ്പെട്ട പൂച്ചയായതിനാല്‍ ഇവയ്ക്ക് വലുപ്പവും പ്രതിരോധശേഷിയും കൂടുതലാണെന്ന് വെറ്റിനറി ഡോക്ടറും പറയുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version