LIFENEWS

തദ്ദേശഭരണ തെരഞ്ഞെടുപ്പിനുശേഷം മാണി സി കാപ്പന്റെ നേതൃത്വത്തിൽ എൻസിപി യുഡിഎഫിലേക്ക്

ദ്ദേശഭരണ തെരഞ്ഞെടുപ്പിനു ശേഷം മാണി സി കാപ്പന്റെ നേതൃത്വത്തിൽ എൻസിപി യുഡിഎഫിലേക്ക് എന്നു സൂചന. പാർട്ടി ഒന്നാകെ വരാൻ തയ്യാറായില്ലെങ്കിൽ മാണി സി കാപ്പൻ തന്നോട് അടുത്തുനിൽക്കുന്നവരുമായി യുഡിഎഫിൽ ചേക്കേറും എന്നാണ് വിവരം. പാലാ സീറ്റ് എൽഡിഎഫ് ജോസ് കെ മാണി വിഭാഗത്തിന് നൽകുമെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് നടപടി.

ഇതിന്റെ പ്രതിഫലനം എന്നോണം എൽഡിഎഫിനെതിരെ പരാതിയുമായി മാണി സി കാപ്പൻ പരസ്യമായി രംഗത്തുവന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എൻസിപിക്ക് എൽഡിഎഫിൽ കടുത്ത അവഗണന നേരിട്ടുവെന്ന് മാണി സി കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തിൽ ശക്തമായ പ്രതിഷേധം ഉണ്ട്. അറിയിക്കേണ്ടവരെ അറിയിക്കുമെന്നും മാണി സി കാപ്പൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

പാലാ ഉപതിരഞ്ഞെടുപ്പിൽ 9 പഞ്ചായത്തിലും നഗരസഭയിലും തനിക്ക് ലഭിച്ച ലീഡ് മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി. എന്നാൽ ഇവിടെ ഇത്തവണ രണ്ടു സീറ്റ് മാത്രമാണ് എൻസിപിക്ക് നൽകിയത്. കടുത്ത അവഗണനയാണ് ഇതെന്നും മാണി സി കാപ്പൻ പറഞ്ഞു. എൻസിപി മൊത്തം മത്സരിച്ച സീറ്റുകളുടെ എണ്ണത്തിൽ വലിയ തോതിൽ കുറവ് വന്നു. നാനൂറോളം സീറ്റുകളാണ് കഴിഞ്ഞ തവണ മത്സരിച്ചത്. ഇത്തവണ ലഭിച്ചതാകട്ടെ 165 സീറ്റും.

ജോസ് കെ മാണി വിഭാഗം ഇടതുപക്ഷത്തേക്ക് വന്നതോടുകൂടി മുന്നണിയിൽ എൻസിപിക്ക് പ്രാധാന്യം കുറയുന്നു എന്ന പരാതി നേതാക്കൾക്കിടയിൽ ഉണ്ട്. കോട്ടയം ജില്ലയിൽ മാത്രം വലിയ വിട്ടുവീഴ്ചകൾ ആണ് എൻസിപി നടത്തേണ്ടി വന്നത്. ഇതിൽ എൻസിപി നേതാക്കൾക്ക് അമർഷമുണ്ട്.

26 ഇടത്താണ് കോട്ടയം ജില്ലയിൽ എൻ സിപി കഴിഞ്ഞ തവണ മത്സരിച്ചത്. എന്നാൽ ഇത്തവണ ലഭിച്ചത് ഏഴ് സീറ്റുകൾ മാത്രം. അവഗണന സഹിച്ച് എന്തിന് എൽഡിഎഫിൽ നിൽക്കണമെന്നാണ് എൻസിപിയുടെ ഒരുവിഭാഗം ചോദിക്കുന്നത്. എന്നാൽ മറുവിഭാഗം എൽഡിഎഫിനൊപ്പം നിൽക്കണമെന്ന നിലപാടിൽ തന്നെയാണ്.

പാലാ സീറ്റ് തങ്ങൾക്ക് തന്നെ വേണമെന്നാണ് എൻ സി പി നിലപാട്. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് മാണി സി കാപ്പനൊപ്പം നിൽക്കുന്നവർ പറയുന്നു. പാലാ സീറ്റിന്റെ കാര്യത്തിൽ ഉറപ്പു ലഭിച്ചില്ലെങ്കിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ പാലായിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും.

Back to top button
error: