വി ജെ ചിത്രയെ മരണത്തിലേക്ക് തള്ളിവിട്ടത് മാനസിക സമ്മര്‍ദ്ദം

മിഴ് സീരിയല്‍ താരവും അവതാരകയുമായ വിജെ ചിത്രയുടെ മരണവാര്‍ത്ത ഏറെ ഞെട്ടലോടെയായിരുന്നു തമിഴ് ജനത കേട്ടത്. ടെലിവിഷന്‍ ഷോകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷക പ്രീതി നേടിയ താരമായിരുന്നു ചിത്ര. ചിത്രയെ സ്‌നേഹിക്കുന്ന ഒരുപാട് ആരാധകരെ കണ്ണീരിലാഴ്ത്തിയാണ് താരത്തിന്റെ പെട്ടെന്നുള്ള വിടവാങ്ങല്‍. ഹോട്ടല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ താരത്തിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അമ്മയും ചിത്രയെ അടുത്തറിയുന്ന സുഹൃത്തുക്കളും പോലീസിന് മൊഴി നല്‍കിയിരുന്നു.

ചിത്രയ്‌ക്കൊരിക്കലും ആത്മഹത്യ ചെയ്യാന്‍ സാധിക്കില്ലെന്നായിരുന്നു അമ്മയുടെ മൊഴി. ചിത്രയുടെ മുഖത്ത് കണ്ട പാടുകളും മരണത്തില്‍ ദുരൂഹതയുണ്ടെന്ന് തോന്നിപ്പിക്കുന്ന ഘടകങ്ങളായിരുന്നു. ചിത്രയ്‌ക്കൊപ്പം ഹോട്ടലില്‍ താമസിച്ചിരുന്ന പ്രതിശ്രുത വരന്‍ ഹേംനാഥിലേക്കാണ് അന്വേഷണത്തിന്റെ ആദ്യഘട്ടം നീങ്ങിയത്. ഹേംനാഥിനെതിരെയാണ് ചിത്രയുടെ അമ്മ മൊഴി നല്‍കിയത്.

എന്നാല്‍ ചിത്രയുടെ മരണം ആത്മഹത്യ തന്നെയാണെന്നും അതിന് കാരണം കടുത്ത മാനസിക സമ്മര്‍ദ്ദവുമാണെന്നാണ് പോലീസിന്റെ പുതിയ വെളിപ്പെടുത്തല്‍. അമ്മയുടേയും ഹേംനാഥിന്റെയും പെരുമാറ്റം കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് കാരണമാക്കിയിരുന്നുവെന്ന് പോലീസ് പറയുന്നു. ഹേംനാഥ് പലതവണ ചിത്രയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയിരുന്നതായി പോലീസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഹേംനാഥിന്റെ പെരുമാറ്റത്തെപ്പറ്റി അമ്മയോട് പറഞ്ഞപ്പോള്‍ അയാളെ ഒഴിവാക്കി മറ്റാരെയെങ്കിലും വിവാഹം കഴിക്കാന്‍ അമ്മ നിര്‍ദേശിച്ചിരുന്നു. ഹേംനാഥും അമ്മയും ഒരുപോലെ താരത്തിനെ മാനസികമായി തളര്‍ത്തിയിരുന്നതായും ഇതിന്റെ പേരില്‍ ചിത്ര വലിയ മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായുമാണ് പോലീസ് നിഗമനം.

തുടര്‍ച്ചയായി മൂന്ന് ദിവസവും ഹേംനാഥിനെയും ഹോട്ടല്‍ ജീവനക്കാരനേയും പോലീസ് ചോദ്യം ചെയ്തു. ഹേംനാഥിന്റെ മൊഴികളിലെ വൈരുദ്ധ്യം പോലീസ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതേ തുടര്‍ന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ ദീപ സത്യന്‍ ഹേംനാഥിനെ നേരിട്ട് ചോദ്യം ചെയ്തു.

മരിക്കുന്നതിന് മുന്‍പ് ചിത്ര അവസാനമായി വിളിച്ചത് അമ്മയെ ആണെന്ന് കോള്‍ ഡീറ്റെയില്‍സില്‍ നിന്നും പോലീസ് ഉറപ്പിച്ചിട്ടുണ്ട്. ചിത്രീകരണസ്ഥലത്ത് ഹേംനാഥ് മദ്യപിച്ചെത്തി പ്രശ്‌നമുണ്ടാക്കിയരുന്നതായി ചിത്രയുടെ സഹപ്രവര്‍ത്തകരില്‍ നിന്നുമാണ് പോലീസ് മനസിലാക്കിയത്. വിവാഹം നിശ്ചയത്തിന് ശേഷം ചിത്രയും ഹേംനാഥും രഹസ്യമായി വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത് ആരുടെ നിര്‍ബന്ധപ്രകാരമാണെന്നോ, എന്തിന് വീട്ടുകാര്‍ അറിയാതെ രഹസ്യമാക്കി വെച്ചു എന്നതിനോ ഇതുവരെ വ്യക്തത വന്നിട്ടില്ല. അടുത്ത ഫെബ്രുവരിയില്‍ ഇരുവരുടേയും വിവാഹം ഔപചാരികമായി നടത്താനിരിക്കെയാണ് ചിത്ര ആത്മഹത്യ ചെയ്തത്. ഹേംനാഥുമായുള്ള വഴക്കും അമ്മയുടെ ഭാഗത്ത് നിന്നുണ്ടായ നിര്‍ബന്ധവും താരത്തെ മാനസിക സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിട്ടേക്കാം എന്നാണ് പോലീസിന്റെ ഭാഷ്യം.

ചിത്രയുടെ ഫോണിലെ കോളുകള്‍, വാട്‌സപ്പ് സന്ദേശങ്ങള്‍, മെസേജുകള്‍ തുടങ്ങിയവയെല്ലാം പരിശോധിക്കാനുള്ള നീക്കത്തിലാണ് പോലീസ്. ഹേംനാഥിന്റെ മൊഴിയിലെ വൈരുദ്ധ്യമാണ് പോലീസിനെ ഇപ്പോള്‍ കേസില്‍ കുഴപ്പിക്കുന്നത്. ചിത്രീകരണം കഴിഞ്ഞെത്തിയ ചിത്ര തനിക്ക് കുളിക്കണമെന്നും തന്നോട് പുറത്ത് കാത്തിരിക്കാനുമാണ് പറഞ്ഞതെന്നായിരുന്നു ഹേംനാഥിന്റെ ആദ്യത്തെ മൊഴി. എന്നാല്‍ കാറില്‍ മറന്നു വെച്ച വസ്തു എടുത്തുകൊണ്ട് വരാന്‍ ചിത്ര ആവശ്യപ്പെട്ടപ്പോഴാണ് താന്‍ പുറത്തേക്ക് പോയതെന്നാണ് പിന്നീട് ഹേംനാഥ് മൊഴി നല്‍കിയത്. ചിത്രയുടെ മരണത്തിന് പിന്നിലാരായാലും അവരെ നിയമത്തിന് മുന്നിലെത്തിക്കുമെന്ന് മന്ത്രി ഡി.ജയകുമാര്‍ പറഞ്ഞു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version