പിഡബ്ല്യുഡി അഴിമതി വാർത്ത: ഐസക് സുധാകരന് വെച്ച പണിയോ? അഴിമതിക്കാർക്കെതിരെ നടപടിയെടുക്കാനുള്ള ഫയലിൽ പൊതുമരാമത്ത് മന്ത്രി ഒപ്പിട്ടിട്ടും ധനവകുപ്പിൽ നിന്ന് വാർത്ത ചോർന്നു

പിഡബ്ല്യുഡി റോഡ് പണികളിൽ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നെന്ന വാർത്ത പുറത്ത് വന്നത് ആലപ്പുഴയിലെ സിപിഐഎമ്മിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമെന്ന് സൂചന.ജില്ലയിൽ വർഷങ്ങളായി പൊതുമരാമത്ത് മന്ത്രി ജി സുധാകരനും ധനമന്ത്രി തോമസ് ഐസക്കും രണ്ട് ഗ്രൂപ്പുകൾ നയിക്കുകയാണ്. കെഎസ്എഫ്ഇ വിവാദത്തിൽ ധനമന്ത്രിയെ തള്ളി ജി സുധാകരൻ രംഗത്തുവന്നിരുന്നു.

വിഎസ്- പിണറായി ഗ്രൂപ്പ് പോരിൽ ഐസക്കും ജി സുധാകരൻ രണ്ടു തട്ടിൽ ആയിരുന്നു. ജി സുധാകരൻ പിണറായിക്കൊപ്പം അടിയുറച്ചു നിന്നപ്പോൾ വിഎസിന്റെ പിന്തുണയോടെ ജില്ലയിൽ ഗ്രൂപ്പ് സംവിധാനം ശക്തമാക്കാൻ ആയിരുന്നു ഐസക്കിന്റെ നീക്കം. പിന്നീട് വിഎസിന്റെ ശക്തി പാർട്ടിയിൽ ക്ഷയിക്കുകയും പിണറായി പാർട്ടി പിടിച്ചെടുക്കുകയും ചെയ്ത ഘട്ടത്തിൽ ഐസക് കൂറുമാറി പിണറായി പക്ഷത്തെത്തി. എങ്കിലും ആലപ്പുഴയിലെ ഗ്രൂപ്പ് സമവാക്യങ്ങളിൽ മാറ്റം വന്നില്ല.

കെഎസ്എഫ്ഇ വിവാദത്തിന്റെ പശ്ചാത്തലത്തിൽ പിണറായിയുമായി തുറന്ന പോരിന് തയ്യാറായ ഐസക് പിന്നീട് പാർട്ടി ആവശ്യപ്രകാരം വഴങ്ങിയെങ്കിലും സമവായത്തിന് തയ്യാറായിട്ടില്ല. ജില്ലയിലെ തദ്ദേശഭരണ തെരഞ്ഞെടുപ്പ് ചുമതല പാർട്ടി ഏൽപ്പിച്ചിരിക്കുന്നത് ജി സുധാകരനെ ആണ്. ഇക്കാര്യത്തിൽ ഐസക്കിനെ വിശ്വാസത്തിലെടുത്തില്ല എന്ന അമർഷം ആ ഗ്രൂപ്പിലുണ്ട്. ഈ പശ്ചാത്തലത്തിലാണ് പൊതുമരാമത്ത് വകുപ്പിനെതിരെ ധനവകുപ്പിന്റെ രേഖകൾ വെച്ച് വാർത്ത വരുന്നത്.

കൊല്ലം ജില്ലയിലെ അഞ്ചാലുംമൂട്,കുരീപ്പുഴ, നീരാവില്‍ റോഡുകളുടെ പേരില്‍ അഴിമതി നടത്തിയതിലൂടെ സര്‍ക്കാരിനു 21.44 ലക്ഷംരൂപയുടെ നഷ്ടം സംഭവിച്ചതായാണ് ധനകാര്യപരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.

മുദ്രപത്രങ്ങളിലെ തീയതി തിരുത്തിയും വ്യാജരേഖകള്‍ സൃഷ്ടിച്ചുമാണ് റോഡ് നിര്‍മാണ കരാറുകള്‍ നല്‍കിയിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കരാർ വ്യാജമായി സൃഷ്ടിച്ച് ചെയ്യാത്ത പ്രവൃത്തിക്ക് അനർഹമായി കരാറുകാരനു തുക നൽകി. ബില്ല് സെക്‌ഷനിൽ ലഭിക്കുമ്പോൾ കരാർ ഉണ്ടാക്കിയിരുന്നില്ല. കരാറിനു മുൻകൈ എടുത്ത എൻജിനീയർ സ്ഥലം മാറി പോയശേഷം പഴയ ഓഫിസിലെത്തി വ്യാജ കരാർ സൃഷ്ടിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

യഥാർത്ഥത്തിൽ അഴിമതിക്കാരായ ജീവനക്കാർക്കെതിരെ നടപടിവേണമെന്ന ഫയലിൽ രണ്ടാഴ്ച മുമ്പു തന്നെ പൊതുമരാമത്ത് മന്ത്രി ഒപ്പിട്ടതാണ്. എന്നാൽ ഈ ഉദ്യോഗസ്ഥർ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ ചുമതലകൾ വഹിക്കുന്നവർ ആയതിനാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാത്രമേ നടപടി എടുക്കാൻ സാധിക്കുമായിരുന്നുള്ളൂ. മാത്രമല്ല നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു താനും.

ഈ സാഹചര്യത്തിലാണ് പൊതുമരാമത്ത് മന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്തി ഒരു പ്രമുഖ മാധ്യമത്തിൽ ഇത് സംബന്ധിച്ച വാർത്തകൾ വരുന്നത്. പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് ഫയൽ മുക്കി എന്നാണ് വാർത്തയുടെ കാതൽ.ധനവകുപ്പിൽ നിന്ന് ചോർന്ന റിപ്പോർട്ട് ഐസക് -സുധാകരൻ പോരിനെ വേറൊരു തലത്തിൽ എത്തിച്ചിരിക്കുകയാണ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version