NEWS

ശിവശങ്കറിന് കുരുക്കിടാന്‍ ഇ.ഡി; ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട്‌ അറസ്‌റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

ഒക്‌ടോബര്‍ 28ന് അറസ്‌റ്റിലായ ശിവശങ്കറിന് 60 ദിവസം കഴിഞ്ഞാല്‍ സ്വാഭാവിക ജാമ്യം ലഭിക്കും. ഇത് തടയാനായി ഡിസംബര്‍ 24 മുന്‍പ് ഒരു അനുബന്ധ കു‌റ്റപത്രം കൂടി നല്‍കാനാണ് ഇ.ഡിയുടെ ശ്രമം.

എം.ശിവശങ്കറിനെതിരെ കള‌ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ സ്വപ്‌നയെയും സരിത്തിനെയും ചോദ്യം ചെയ്‌താല്‍ ലഭിക്കുമെന്നാണ് ഇ.ഡിയുടെ അനുമാനം. ഇതിനായി ഇവരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇ.ഡി അപേക്ഷ നല്‍കിയിരുന്നു. മൂന്ന് ദിവസത്തേക്ക് ഇവരെ വിട്ടുകിട്ടണമെന്നാണ് അപേക്ഷയിലുള‌ളത്. തിങ്കളാഴ്‌ചയാണ് കോടതി ഈ അപേക്ഷ പരിഗണിക്കുക.

ഇങ്ങനെ ചോദ്യം ചെയ്യുമ്ബോള്‍ ശിവശങ്കറിനെതിരെ ലഭിക്കുന്ന വിവരങ്ങള്‍ ചേര്‍ത്താകും ശിവശങ്കറിനെതിരെ കു‌റ്റപത്രം തയ്യാറാക്കുക. ഇ.ഡി മുന്‍പ് സ്വപ്‌നയ്‌ക്കും സരിത്തിനുമെതിരായ ആദ്യഘട്ട കു‌റ്റപത്രം കോടതിയില്‍ നല്‍കിയിരുന്നു. ഇതിനുപുറമെയാണ് ശിവശങ്കറിനെതിരായ കു‌റ്റപത്രം സമര്‍പ്പിക്കുക.

Back to top button
error: