NEWS

ബിജെപി ദേശീയ അധ്യക്ഷന് എതിരായ ആക്രമണം: ബംഗാളിൽ ഗുണ്ടാരാജ് എന്ന് ബിജെപി, നാടകം എന്ന് മമത

ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ പശ്ചിമബംഗാളിൽ ആക്രമണം നടന്നത് കേന്ദ്രവും ബംഗാളും തമ്മിലുള്ള ഏറ്റുമുട്ടലിൽ എത്തിയിരിക്കുകയാണ്. ബംഗാളിലെ മുഖ്യ ഉദ്യോഗസ്ഥരെ കേന്ദ്രം വിളിച്ചു വരുത്തിയിരിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ജെപി നദ്ദയുമായും ബംഗാളിന്റെ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി കൈലാസ് വിജയ് വർഗീയയുമായും കാര്യങ്ങൾ ചർച്ച ചെയ്തു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ മരുമകൻ അഭിഷേക് ബാനർജിയുടെ മണ്ഡലമായ ഡയമണ്ട് ഹാർബറിലേക്ക് പോകുന്ന വഴിക്കാണ് ബിജെപി നേതാക്കളുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്.

ആക്രമണത്തിൽ കേന്ദ്രസർക്കാർ ബംഗാൾ സർക്കാരിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ജെപി നദ്ദ അടക്കമുള്ളവർക്ക് വേണ്ട സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരുന്നില്ല എന്ന് ഗവർണർ ജഗദീപ് ദങ്കർ കേന്ദ്രത്തിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

ബംഗാൾ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരെയാണ് കേന്ദ്രം വിളിച്ചുവരുത്തിയിട്ടുള്ളത്. അരാജകത്വമാണ് ബംഗാളിൽ നടക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കുറ്റപ്പെടുത്തി. എന്നാൽ ആക്രമണം ബിജെപിക്കാർ ഒരുക്കിയ നാടകം ആണെന്നാണ് തൃണമൂൽ കോൺഗ്രസ് പറയുന്നത്. സിആർപിഎഫിന്റെയും സിഐഎസ്എഫിന്റെയും സംരക്ഷണം ഉള്ള നേതാക്കൾ എങ്ങനെ ആക്രമിക്കപ്പെട്ടു എന്ന് ബിജെപി വ്യക്തമാക്കണമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര ചോദിച്ചു.

Back to top button
error: