NEWS

പോളിംഗ് ശതമാനത്തിലെ ഈ കുതിപ്പ് ആർക്കു തുണയാകും?

തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ ആദ്യഘട്ടത്തിനെ അപേക്ഷിച്ച് രണ്ടാം ഘട്ടത്തിൽ പോളിംഗ് കൂടിയത് ആർക്ക് തുണയാകും എന്നതിനെക്കുറിച്ച് കൂലംങ്കഷമായി ആലോചിക്കുകയാണ് രാഷ്ട്രീയപാർട്ടികൾ. ആദ്യഘട്ടത്തിൽ 72.67 ശതമാനമായിരുന്നു പോളിംഗ്. എന്നാൽ രണ്ടാം ഘട്ടത്തിൽ അത് 76 ശതമാനം ആയി. പോളിങ് ശതമാനം ഉയരുന്നത് തങ്ങൾക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് ഓരോ മുന്നണിയും.

ഏറ്റവും കടുത്ത മത്സരം നടക്കുന്നത് കോട്ടയം ജില്ലയിൽ തന്നെയാണ്. ജോസ് കെ മാണിയ്ക്കും ജോസഫിനും തങ്ങളുടെ ശക്തി തെളിയിച്ചേ മതിയാകൂ. തളർന്നാൽ രണ്ടുകൂട്ടർക്കും മുന്നണിയിലെ വിലപേശൽ ശക്തി നഷ്ടമാകും.

തൃശ്ശൂരിൽ എൽഡിഎഫ് അനുകൂല ട്രെൻഡ് ആയിരുന്നു കഴിഞ്ഞ തവണ. ലൈഫ് മിഷൻ വിവാദത്തിന്റെ ഒക്കെ പശ്ചാത്തലത്തിൽ ഇത്തവണ എങ്ങനെ ആയിരിക്കും എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വയനാട്ടിൽ ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തുകളും യുഡിഎഫ് ആധിപത്യത്തിൽ ആണ് നീങ്ങിയത് എങ്കിൽ നഗരസഭയിലും പഞ്ചായത്ത് തലത്തിലും എൽഡിഎഫിനാണ് മുന്നേറ്റം കഴിഞ്ഞതവണ ഉണ്ടായത്. ഇത്തവണ വയനാട് മാറി ചിന്തിക്കുമോ എന്നുള്ളതാണ് ഏവരും ഉറ്റുനോക്കുന്നത്.

പാലക്കാട് ജില്ലയിൽ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്,പഞ്ചായത്ത് തലങ്ങളിൽ എൽഡിഎഫ് മുന്നിട്ടു നിന്നപ്പോൾ ഏഴിൽ 4 നഗരസഭയും യുഡിഎഫ് ആണ് പിടിച്ചത്. ഇത്തവണ മാറ്റം ഉണ്ടാകുമോ എന്നുള്ളതാണ് മുന്നണികൾ കണക്കുകൂട്ടുന്നത്. എൽഡിഎഫ് അനുകൂല തരംഗം ഉണ്ടായപ്പോഴും എറണാകുളവും കോട്ടയവും യുഡിഎഫിനൊപ്പം വന്നിട്ടുണ്ട്. ഇത്തവണ സ്ഥിതി ഏറെ മെച്ചപ്പെടുമെന്നാണ് യുഡിഎഫ് കരുതുന്നത്. എന്നാൽ കേരള കോൺഗ്രസ് പാർട്ടിയുടെ എൽഡിഎഫിലേക്കുള്ള കടന്നുവരവ് സ്ഥിതിഗതികൾ മാറ്റിമറിക്കും എന്നാണ് എൽഡിഎഫിന്റെ അവകാശവാദം.

സർക്കാരിന്റെ വികസന നേട്ടങ്ങൾ ആണ് തുറുപ്പുചീട്ട് എന്ന് എൽഡിഎഫ് കരുതുന്നു. എന്നാൽ വിവാദങ്ങൾ സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന്‌ യുഡിഎഫ് കരുതുന്നു. മലപ്പുറം, കോഴിക്കോട്,കണ്ണൂർ, കാസർകോട് ജില്ലകളിൽ ആണ് മൂന്നാംഘട്ട തിരഞ്ഞെടുപ്പ്. 14നാണ് മൂന്നാംഘട്ടം. 16ന് വോട്ടെണ്ണലും.

Back to top button
error: