NEWS

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടി സി.എം രവീന്ദ്രന്‍

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടി മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍. രണ്ടാഴ്ച സാവകാശം വേണമെന്നാവശ്യപ്പെട്ട് എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റിന് അഭിഭാഷകന്‍ മുഖേന രവീന്ദ്രന്‍ കത്തയച്ചു.

കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തനിക്ക് കടുത്ത ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടെന്നും ചികിത്സയിലാണെന്നും കത്തില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു. ശക്തമായ കഴുത്തുവേദനയും തലവേദനയും അനുഭവപ്പെടുന്നുണ്ട്. ഇത്തരം രോഗങ്ങള്‍ ഉണ്ടെന്ന മെഡിക്കല്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടും കത്തില്‍ നല്‍കിയിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ 11 മണിക്ക് കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയക്ടറേറ്റ് സോണല്‍ ഓഫീസില്‍ ഹാജരാകണമെന്നായിരുന്നു നേരത്തെ ഇ.ഡി നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്. നോട്ടീസ് കിട്ടിയതിനു ശേഷമാണ് ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി രവീന്ദ്രന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി പ്രവേശിച്ചത്.

ഇത് മൂന്നാം വട്ടമാണ് ചോദ്യംചെയ്യലിന് തൊട്ടുമുന്‍പ് രവീന്ദ്രന്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നത്.

രണ്ടാംതവണയും രവീന്ദ്രന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നതിനു പറഞ്ഞ കാരണം കോവിഡനന്തര ചികിത്സ എന്നായിരുന്നു.ടെലിഫോണ്‍ ലൈഫ് മിഷന്‍ തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ടാണ് സി എം രവീന്ദ്രനെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്.

ശിവശങ്കറിനും ടീമിനും സ്വര്‍ണക്കടത്തിനെ കുറിച്ച് അറിയാമായിരുന്നുവെന്ന് കോടതി പറഞ്ഞിരുന്നു. ആ ടീം പ്രവര്‍ത്തിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ആണെന്ന് ഇ ഡി കോടതിയെ ബോധിപ്പിച്ചിരുന്നു. രവീന്ദ്രന്റെ ആശുപത്രി വാസം ഇഡിക്ക് മുന്നില്‍ ഹാജരാകാതെ ഇരിക്കാനുളള ഒളിച്ചുകളിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

അതേസമയം, രവീന്ദ്രന്റെ കത്തിനോട് ഇഡി എന്ത് തീരുമാനമാകും എടുക്കുക എന്ന് വ്യക്തമല്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം അറിഞ്ഞ ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക എന്നാണ് പുറത്ത് വരുന്ന വിവരം.

Back to top button
error: