NEWSTRENDING

ബൈക്കിലെ പെട്രോൾ തീർന്നു, വഴിയിൽ കണ്ട കാറും കൊണ്ട് കടന്നുകളഞ്ഞ ഡച്ചുകാരിയെ അറസ്റ്റുചെയ്തു

റോഡരികിൽ നിർത്തിയിട്ട കാർ മോഷ്ടിച്ചതിന് ഡച്ചുകാരിയെ മുംബൈയിൽ അറസ്റ്റ് ചെയ്തു. ഇരുപത്തിനാലുകാരിയായ പൗലീനെ കോർണിലിയയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അമിത വേഗതയിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിനും ഇവർക്കെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ യുവതി കോവിഡ് പോസിറ്റീവ് ആയിരുന്നുവെന്ന് തിരിച്ചറിഞ്ഞതിനാൽ ആശുപത്രിയിലേക്ക് മാറ്റി.

സത്താറ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ ആയിരുന്നു സംഭവം. പൂനെയിലേക്ക് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു യുവതി. എന്നാൽ വഴിയിൽ വച്ച് ബൈക്കിലെ പെട്രോൾ തീർന്നു. മുന്നിൽകണ്ട കാർ മോഷ്ടിച്ച യുവതി യാത്ര തുടർന്നു.

തൊട്ടടുത്ത കടയിൽ സാധനം വാങ്ങിക്കാൻ പോയതായിരുന്നു കാറുടമ. വിദേശവനിത കാറുമായി കടന്നുകളഞ്ഞത് കണ്ട് അദ്ദേഹം ബഹളം വെച്ചു. സമീപത്തുണ്ടായിരുന്ന രണ്ട് പോലീസുകാർ ബൈക്കിൽ യുവതിയെ പിന്തുടർന്നു.

കാരാഡ് ടൗണിൽ വെച്ച് യുവതി മറ്റു വാഹനങ്ങളെ ഇടിച്ചിട്ട ശേഷം മുന്നോട്ടു പോകാൻ ശ്രമിച്ചു. എന്നാൽ അമിതവേഗത ആയതിനാൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കീഴ്മേൽ മറിഞ്ഞു. പിന്തുടർന്നിരുന്ന പോലീസ് സംഘം ഉടൻ യുവതിയെ പുറത്തിറക്കി കസ്റ്റഡിയിലെടുത്തു. ടൂറിസ്റ്റ് വിസയിൽ ആണ് ഇന്ത്യയിൽ യുവതി എത്തിയത്.

Back to top button
error: