NEWS

കോവിഡ് വാക്സിനുകൾ ഒരുങ്ങുന്നു, ഇന്ത്യയുടെ വാക്സിൻ വിതരണ പദ്ധതി ഇങ്ങനെ

ഡ്രഗ് കൺട്രോളർ ജനറൽ ഇന്ത്യയുടെ പരിഗണനയിൽ നിലവിൽ നിരവധി വാക്സിനുകൾ ഉണ്ട്‌. 30 കോടി ജനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ വിതരണം ചെയ്യാൻ വേണ്ടി ആലോചിക്കുന്നത്.

സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് വാക്‌സിൻ അടിയന്തര വിതരണത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഭാരത് ബയോടെക്കിന്റെ കൊവാക്സിനും അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുകയാണ്.

കാഡില ഹെൽത്ത്കെയർ വാക്സിൻ രണ്ടാം ഘട്ട പരീക്ഷണത്തിലാണ്. ഇന്ത്യയിലെ ഡോക്ടർ റെഡ്‌ഡിസ് ലാബുമായി സഹകരണത്തിൽ ഏർപ്പെട്ടിരിക്കുന്ന റഷ്യൻ വാക്സിൻ സ്പുട്നിക് ഫൈവിന്റെ മൂന്നാം ഘട്ട പരീക്ഷണം അടുത്തയാഴ്ച തുടങ്ങും.നോവ വാക്സുമായി സഹകരിച്ച് സീറം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറങ്ങാനിരിക്കുന്ന വാക്സിനും മൂന്നാം ഘട്ട പരീക്ഷണത്തിലാണ്. ഹൈദരാബാദിലെ ബയോളജിക്കൽ ഇ ലിമിറ്റഡ് പുറത്തിറക്കുന്ന വാക്സിൻ ഒന്നും രണ്ടും പരീക്ഷണങ്ങൾ ആരംഭിച്ചുകഴിഞ്ഞു. തോമസ് ജഫേഴ്സൺ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് ഭാരത് ബയോടെക്ക് പുറത്തിറക്കാനിരിക്കുന്ന വാക്സിൻ പ്രാഥമിക ഘട്ടത്തിൽ ആണ്. അർബിന്ദോ ഫാർമയുടെ വാക്സിനും പരീക്ഷണഘട്ടത്തിലാണ്.

സമ്പൂർണ്ണ വാക്സിനൈസേഷന് ഒരു കൊല്ലം വേണ്ടിവരും എന്നാണ് കണക്ക്.ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ ആകും വിതരണം. യൂണിവേഴ്സൽ ഹെൽത്ത് ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമിന്റെ ഭാഗമായി കുട്ടികൾക്കും ഗർഭിണികൾക്കുള്ള 13 വാക്സിനുകളുടെ വിതരണം മുടക്കില്ല.

ലോക്സഭാ -നിയമസഭാ തിരഞ്ഞെടുപ്പുകളുടെയും വിവിധ പ്രതിരോധ പദ്ധതികളുടെയും അനുഭവം വാക്സിൻ വിതരണത്തിന് കരുത്താവുമെന്നാണ് സർക്കാർ കരുതുന്നത്.

ആർക്കൊക്കെയാണ് പ്രാഥമികഘട്ടത്തിൽ വാക്സിൻ നൽകുന്നത് എന്ന് നോക്കാം.. പൊതു -സ്വകാര്യ മേഖലയിലുള്ള ഒരു കോടി ആരോഗ്യപ്രവർത്തകർക്ക്. രണ്ടു കോടിയോളം വരുന്ന പൊലീസ് അടക്കമുള്ള പ്രതിരോധ പദ്ധതികളുടെ മുന്നണി പോരാളികൾക്ക്. 50 വയസ്സിനു മുകളിലുള്ളർക്കും ആരോഗ്യ പ്രശ്നങ്ങൾ ഉള്ള 50 വയസിന് താഴെയുള്ളവർക്കും. ഇവരുടെ സംഖ്യ 27 കോടിയോളം വരും.

പൊതു-സ്വകാര്യ മേഖലയിലുള്ള ആരോഗ്യ പ്രസ്ഥാനങ്ങളിൽ നിന്നാണ് സർക്കാർ വിവരങ്ങൾ ശേഖരിക്കുന്നത്. കൊ വിൻ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിലാണ് ഡാറ്റ അപ്ലോഡ് ചെയ്യുന്നത്. ഇതിന് വിവിധ തലങ്ങളിലുള്ള പരിശോധന ഉണ്ടായിരിക്കും.

കേന്ദ്ര വിദഗ്ധ സമിതിയുടെ മേൽനോട്ടത്തിൽ സംസ്ഥാനതല സ്റ്റീയറിങ് കമ്മിറ്റികളുടെ സഹായത്തോടെ സംസ്ഥാനങ്ങളാണ് വാക്സിൻ പദ്ധതി നടപ്പാക്കുക. ചീഫ് സെക്രട്ടറിയും ആരോഗ്യവകുപ്പ് സെക്രട്ടറി നയിക്കുന്ന ഒരു ടീമിന് ആയിരിക്കും ഇതിന്റെ നടത്തിപ്പ് ചുമതല. വാക്സിനേഷൻ പ്രക്രിയ ആരംഭിച്ചുകഴിഞ്ഞാൽ സംസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം നിലവിൽ വരും. ജില്ലാതല കമ്മിറ്റികൾക്ക് നേതൃത്വം നൽകുന്നത് കളക്ടർമാർ ആയിരിക്കും. മുംബൈ പോലുള്ള വലിയ മുൻസിപ്പൽ കോർപ്പറേഷനുകളുടെ ചുമതല പ്രത്യേക ടാസ്ക് ഫോഴ്സിനു ആയിരിക്കും. ബ്ലോക്ക് തലത്തിലും ഇങ്ങനെ ഒരു സംവിധാനം ഉണ്ടായിരിക്കും. ബ്ലോക്ക് തല യോഗങ്ങൾ ഡിസംബർ 15ന് തുടങ്ങും.

85,634 ശീതീകരണ സംവിധാനങ്ങൾ രാജ്യത്തുണ്ട്. വാക്സിനു ചൂട് ഒരു പ്രശ്നം ആകയാൽ ഇവ ഉപയോഗിച്ചായിരിക്കും വിതരണം. കൊ വിൻ ആപ്പ് ഡൗൺലോഡ് ചെയ്യാൻ നിർദ്ദേശിക്കുകയും വിവരശേഖരണം അതിലൂടെ നടത്തുകയും ചെയ്യും. വാക്സിൻ എടുത്തയാൾക്ക് സർട്ടിഫിക്കറ്റും നൽകും.

Back to top button
error: