NEWS

രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഉന്നതന്റെ പങ്ക് അതീവ ഗൗരവമുള്ളത്:മുല്ലപ്പള്ളി

സ്വര്‍ണ്ണക്കടത്തിലും റിവേഴ്‌സ് ഹവാലയിലും സംസ്ഥാനത്ത് ഭരണഘടനാ പദവി വഹിക്കുന്ന ഉന്നതര്‍ ഉള്‍പ്പെട്ടെന്ന വെളിപ്പെടുത്തല്‍ അതീവ ഗൗരവമുള്ളതാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് ദുരുപയോഗം ചെയ്‌തെന്നും അതിന് ഉന്നത പദവി വഹിക്കുന്നവര്‍ സൗകര്യം ചെയ്തു കൊടുത്തെന്നും ഇതിലൂടെ തന്നെ വ്യക്തമാണ്.സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലെന്നാണ് കോടതിപോലും നീരീക്ഷിച്ചത്. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങളാണിത്. മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും ഉള്‍പ്പെടെ നടത്തിയ വിദേശയാത്രകളെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണം. ഇവര്‍ക്ക് ലഭിക്കുന്ന ഗ്രീന്‍ചാനല്‍ പോലുള്ള സൗകര്യം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രിയുടെയും സിപിഎം നേതൃത്വത്തിന്റെയും അറിവില്ലാതെ ഉന്നതര്‍ ഇത്തരം നടപടികള്‍ക്ക് തുനിയില്ല.തുടക്കം മുതല്‍ സ്വര്‍ണ്ണക്കടത്ത് കേസിനെ ലഘൂകരിച്ച് ചിത്രീകരിക്കാനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിച്ചത്. ഒടുവില്‍ അന്വേഷണം തങ്ങളിലേക്ക് നീങ്ങുമെന്നായപ്പോള്‍ അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത തകര്‍ത്ത് അവയെ അസ്ഥിരപ്പെടുത്താനുള്ള നീക്കവും മുഖ്യമന്ത്രിയും സിപിഎമ്മും നടത്തി. പോലീസും ഇന്റലിജന്‍സും ഉള്‍പ്പെടെ ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്ക് ഇത്തരം ഒരു ഇടപാടിനെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞ് കൈകഴുകാനാകില്ല. രാജ്യദ്രോഹികളെ സഹായിച്ച ആ ഉന്നതരുടെ പങ്ക് മുഖ്യമന്ത്രി തന്നെ തുറന്ന് പറയണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Back to top button
error: