LIFETRENDING

വരികൾക്കും ട്യൂണിനും ഇഷ്ടമുള്ള വഴിക്കു പോകാം… ഭരണഘടന അത് അനുവദിക്കുന്നുണ്ട്….: വൈറലായി ചാക്കോച്ചന്റെ പ്രചരണ ഗാനം

കേരളമൊട്ടാകെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണ ചൂടിലാണ്‌. കഴിഞ്ഞ വര്‍ഷങ്ങളില്‍ ചെയ്ത വികസനപ്രവര്‍ത്തനങ്ങളും മുന്നോട്ടുള്ള വാഗ്ദാനങ്ങളും ചൂണ്ടി കാണിച്ച്‌ കൊണ്ടുളള പ്രചരണമാണ് നടന്ന് കൊണ്ടിരിക്കുന്നത്. എല്ലാ തവണയും തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പാരഡി ഗാനങ്ങള്‍ ഇറങ്ങാറുണ്ട്.

ഇപ്പോഴിതാ കുഞ്ചാക്കോ ബോബന്‍ സ്വന്തം ശബ്ദത്തില്‍ പാടുന്ന പ്രചരണ ഗാനം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. നടനും സംവിധായകനുമായ രമേഷ് പിഷാരടിയാണ് കുഞ്ചാക്കോ ബോബന്റെ വീഡിയോ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ‘വരികള്‍ക്കും ട്യൂണിനും ഇഷ്ടമുള്ള വഴിക്ക് പോകാം. ഭരണഘടന അത് അനുവദിക്കുന്നുണ്ട്’ എന്ന ക്യാപ്ഷന്‍ കൊടുത്തിരിക്കുന്ന വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്.

രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ പിറന്ന ആദ്യ ചിത്രം പഞ്ചവര്‍ണതത്തയില്‍ ജനപ്രതിനിധിയായ കലേഷ് എന്ന വേഷത്തിലെത്തിയ കുഞ്ചാക്കോ ബോബന്‍ ഇലക്ഷന് മുന്‍പ് താന്‍ ചെയ്ത വികസനങ്ങളെ കുറിച്ച്‌ വോട്ടര്‍മാരോട് പാരഡി ഗാനത്തിലൂടെ പറയുകയാണ്. പഴശ്ശിരാജയിലെ ഹിറ്റ് പാട്ടിന്റെ സംഗീതത്തിനൊപ്പം വരികള്‍ മാറ്റി സ്റ്റുഡിയോയില്‍ നിന്നും സ്വന്തം ശബ്ദത്തില്‍ പാടുകയാണ് കലേഷ്.

പിഷാരടിയുടെ പോസ്റ്റുകളും അതിന് നല്‍കുന്ന ക്യാപ്ഷനും എല്ലായിപ്പോഴും ഹിറ്റാണ്. അതുപോലെ കുഞ്ചാക്കോ ബോബനെ വെട്ടിലാക്കിയ പുതിയ വീഡിയോയ്ക്കും വമ്പന്‍
പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

ജയറാം, കുഞ്ചാക്കോ ബോബന്‍, അനുശ്രീ തുടങ്ങി നിരവധി താരങ്ങളെ മുന്‍നിര്‍ത്തി രമേഷ് പിഷാരടി സംവിധാനം ചെയ്ത ചിത്രമാണ് പഞ്ചവര്‍ണതത്ത. 2018 ല്‍ പുറത്തിറങ്ങിയ ഈ സിനിമയിലൂടെയാണ് പിഷാരടി ആദ്യമായി സംവിധായകനാവുന്നത്. ആ വര്‍ഷം കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്ത മനോഹരമായ സിനിമകളിലൊന്നാണ് പഞ്ചവര്‍ണതത്ത. ജയറാമിന്റെ ശക്തമായ തിരിച്ച്‌ വരവ് കൂടിയായിരുന്നു ആ സിനമ.

Back to top button
error: