NEWS

ഇടത്-വലത് മുന്നണികൾ നിലനിൽപ്പിന് വേണ്ടി വർഗീയ പ്രചാരണം അഴിച്ചുവിടുന്നു: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തോൽവി ഉറപ്പായതോടെ എൽ.ഡി.എഫും യു.ഡി.എഫും വർഗീയ പ്രചാരണം അഴിച്ചുവിടുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കള്ളപണം, സ്വർണ്ണക്കടത്ത്, കിഫ്ബി, ലൈഫ് തുടങ്ങിയ അഴിമതികളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാൻ ഇടതുമുന്നണിയും മുഖ്യമന്ത്രിയും ശ്രമിക്കുകയാണ്. രാജീവ് ​ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി (ആർജിസിബി) തിരുവനന്തപുരത്ത് ആരംഭിക്കുന്ന അത്യാധുനിക രണ്ടാം കാമ്പസിന് ​ഗുരുജി ​ഗോൾവാൽക്കറുടെ പേര് ഇടുന്നത് സംബന്ധിച്ച വിവാദം അനാവശ്യമാണെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് പരസ്യമായി വർഗീയ ശക്തികളുമായി കൂട്ടുകെട്ട് ഉണ്ടാക്കിയിരിക്കുകയാണ്. വെൽഫെയർ പാർട്ടിക്ക് വേണ്ടി പ്രചരണം നടത്തിയ മുല്ലപ്പള്ളി അവരുമായി ധാരണയില്ലെന്ന് കള്ളം പറയുകയാണ്. തിരുവനന്തപുരം കോർപ്പറേഷനിൽ ഉൾപ്പെടെ പല സ്ഥലങ്ങളിലും എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ ധാരണയാണ്. ഒരമ്മ പെറ്റ മക്കളെ പോലെയാണ് ഇരുമുന്നണികളും ബി.ജെ.പിക്കെതിരെ പ്രവർത്തിക്കുന്നത്. പാലക്കാട് ഇടതുമുന്നണിയും ഐക്യമുന്നണിയും ഒരേ വാട്സാപ്പ് ഗ്രൂപ്പിലാണ് പ്രചരണം നടത്തുന്നത്. വളരെ വിചിത്രമായ കാര്യങ്ങളാണ് കേരളത്തിൽ നടക്കുന്നത്.
രണ്ട് മുന്നണികൾക്കും പരാജയഭീതിയിലാണ്.

രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പേരിൽ കച്ചിത്തുരുമ്പ് ലഭിച്ച സന്തോഷത്തിലാണ് അവർ. ഹവാലയിലും റിവേഴ്സ് ഹവാലയിലും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന് വ്യക്തമായി. അഡീഷണൽ സെക്രട്ടറി സി.എം രവീന്ദ്രൻ പാർട്ടിയും സർക്കാരും തമ്മിലുള്ള പാലമാണ്.

ഊരാളുങ്കൽ ലേബർ സൊസൈറ്റി സിപിഎമ്മിൻ്റെ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ബി.ജെ.പി നേരത്തെ തന്നെ പറഞ്ഞിരുന്നു. ഊരാളുങ്കലിന് കൊടുത്ത ഓരോ ടെൻഡറിലും സി.പി.എം നേതാക്കൾ കമ്മീഷൻ അടിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഊരാളുങ്കലിനെതിരായ അഴിമതിയിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു. പല മന്ത്രിമാർക്കും അവരുമായി ഇടപാടുകൾ ഉണ്ട്. രവീന്ദ്രൻ്റെ ഭാര്യക്കടക്കം ലക്ഷക്കണക്കിന് രൂപ ഊരാളുങ്കൽ കമ്മീഷൻ നൽകിയിട്ടുണ്ട്. അഴിമതിക്കെതിരായ ജനവിധിയാണ് കേരളത്തിൽ സംഭവിക്കുക. സി.പി.എം സൗജന്യറേഷന്റെ പിതൃത്വം ഏറ്റെടുക്കുന്നത് അപഹാസ്യമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. പാവപ്പെട്ടവർക്ക് കഴിഞ്ഞ ഒൻപത് മാസമായി സൗജന്യ റേഷൻ കൊടുക്കുന്നത് കേന്ദ്രസർക്കാരാണ്. സംസ്ഥാനം കൊടുക്കുന്ന റേഷനിൽ സംസ്ഥാന സർക്കാരിന്റെ ചെലവ് എത്രയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അതിലും ഒരു കിലോ അരിക്ക് 25 രൂപ കേന്ദ്രം കൊടുക്കുന്നതാണ്. പോസ്റ്റൽ വോട്ട് എത്തിക്കാൻ ആരോ​ഗ്യവകുപ്പ് സിപിഎം പ്രവർത്തകരെ ഒപ്പം കൂട്ടുകയാണ്. സി.പി.എമ്മിന് കിട്ടാത്ത വോട്ടുകൾ എത്തിക്കാൻ ആരോ​ഗ്യവകുപ്പ് അധികൃതർ മടിക്കുകയാണ്. താമരക്ക് സമാനമായ റോസാപൂവ് ചിഹ്നം അപര സ്ഥാനാർത്ഥികൾക്ക് നൽകി ഇലക്ഷൻ കമ്മീഷൻ പക്ഷഭേദം കാണിച്ചു. അന്ന് ബി.ജെ.പി ജനാധിപത്യരീതിയിലാണ് പ്രതിഷേധിച്ചത് എന്നാൽ പോസ്റ്റൽ വോട്ടിലെ അട്ടിമറി അനുവദിക്കില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷൻ വി.വി രാജേഷും പങ്കെടുത്തു.

Back to top button
error: