NEWS

ഫ്‌ളാറ്റില്‍ നിന്നും വീണ വേലക്കാരിക്ക് എതിരെ കേസെടുക്കും

മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റിലെ ആറാം നിലയില്‍ നിന്നും വേലക്കാരി താഴേക്ക് വീണ സംഭവത്തില്‍ ദൂരുഹതകള്‍ ബാക്കി നില്‍ക്കേ വേലക്കാരിക്കെതിരെ ആത്മഹത്യ ശ്രമത്തിന് കേസെടുക്കുമെന്ന് പോലീസ്. ഫ്‌ളാറ്റില്‍ നിന്നും താഴേക്ക് വീണ വേലക്കാരി കുമാരി അപകടനില തരണം ചെയ്തിട്ടില്ല. സേലത്തുള്ള കുമാരിയുടെ ബന്ധുക്കളെ വിളിച്ച് വരുത്താനുള്ള നീക്കങ്ങള്‍ പോലീസ് നടത്തുന്നുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലുള്ള കുമാരിയുടെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തുന്നത്.

അഡ്വക്കേറ്റ് ഇംത്യാസ് അലിയുടെ വീട്ടിലാണ് കുമാരി ജോലി ചെയ്യുന്നത്. കാര്‍പോര്‍ച്ചിന് മുകളില്‍ വീണ് കിടക്കുന്ന നിലയിലാണ് കുമാരിയെ കണ്ടെത്തിയത്. ആറാം നിലയില്‍ നിന്നും രണ്ട് സാരികള്‍ കൂട്ടിക്കെട്ടിയ നിലയില്‍ കിടക്കുന്നത് കണ്ടിരുന്നു. ഇതാണ് സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിച്ചത്. ഫ്‌ളാറ്റില്‍ നിന്നും സാരി കൂട്ടിക്കെട്ടി താഴേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് കുമാരിക്ക് അപകടം സംഭവിച്ചതെന്നാണ് പോലീസ് കരുതുന്നത്. പത്തടിയിലേറെ ഉയരമുള്ള കാര്‍പോര്‍ച്ചിന്റെ മുകളിലെ കോണ്‍ക്രീറ്റ് മേല്‍ക്കൂരയിലാണ് കുമാരി വീണ് കിടന്നിരുന്നത്. പോര്‍ച്ചിന്റെ മുകളില്‍ കിടക്കുന്ന കുമാരിയെ തൊട്ടടുത്ത ഫ്‌ളാറ്റിലെ താമസക്കാരാണ് കണ്ടത്. എറണാകുളം ക്ലബ്ബ് റോഡിലെ അഗ്മിശമന സേനാംഗങ്ങള്‍ എത്തിയാണ് കുമാരിയെ ആശുപത്രിയിലേക്ക് മാറ്റിയത്. കുമാരി ഉണ്ടായിരുന്ന മുറി അകത്ത് നിന്നും പൂട്ടിയ നിലയിലാണ് പോലീസ് കണ്ടെത്തിയതെന്ന് പറയുന്നു. കുമാരി എന്തിനായിരിക്കും സാരിയില്‍ തൂങ്ങി താഴേക്ക് ഇറങ്ങിയത് എന്നതിന് പിന്നിലെ ദുരൂഹത നീക്കാനാണ് പോലീസ് ശ്രമിക്കുന്നത്.

Back to top button
error: