NEWS

എന്ത് കൊണ്ട് ഗോൾവാൾക്കറും ആർ എസ് എസും എതിർക്കപ്പെടണം ?പേര് വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഒരന്വേഷണം

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ പുതിയ ക്യാമ്പസിനു ആർ എസ് എസ് നേതാവ് ഗോൾവാൾക്കറിന്റെ പേരിടാനുള്ള തീരുമാനം ഏറെ വിവാദങ്ങൾ ഉണ്ടാക്കിയിരിക്കുകയാണ് .ഈ പശ്ചാത്തലത്തിൽ ആർ എസ് എസിന്റെയും ഗോൾവാൾക്കറിന്റെയും പ്രവർത്തനവും വിചാരധാരയും വിലയിരുത്തുകയാണിവിടെ .

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം എന്ന് പറഞ്ഞത് ഏതെങ്കിലും ഒരു മതവിഭാഗം ഏറ്റെടുത്ത നടത്തിയ ഒരു പ്രക്ഷോഭമല്ല .അത് ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും സിഖുകളും മറ്റുള്ള വിഭാഗങ്ങളും എല്ലാം തോളോട് തോൾ ചേർന്ന് നടത്തിയ ഒരു ബൃഹത് സമരമാണ് .എല്ലാവരും മഹത്തായ ഏകോപിത ഇന്ത്യയ്ക്കായാണ് നിലകൊണ്ടത് .എന്നാൽ സംഘ പരിവാർ മതത്തിലൂടെ തങ്ങളിലേക്ക് അധികാരം ചുരുക്കാൻ ഉള്ള ശ്രമങ്ങൾ ആണ് നടത്തിയത് .

1925 സെപ്റ്റംബറിലെ വിജയദശമി ദിവസമാണ് മുൻ കോൺഗ്രസുകാരൻ ആയ കേശവ് ബലിറാം ഹെഡ്ഗേവാർ ആർ എസ് എസ് രൂപീകരിക്കുന്നത് .എന്തിനാണ് ഈ ഭൂമിയിൽ ആർ എസ് എസ് രൂപം കൊണ്ടത് ?അത് ആർ എസ് എസിന്റെ ഇതുവരെയുള്ള ചരിത്രം പറയും .

1925 എന്ന് പറയുന്നത് ഗാന്ധിജിയുടെ കീഴിൽ സ്വാതന്ത്ര്യ സമര പ്രസ്ഥാനം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം ആണ് .പഴയ ചിന്താഗതിക്കാർ നിയമ ലംഘനം പോലുള്ള പുതിയ സങ്കേതങ്ങളെ എതിർത്ത് നിയമാനുസൃതം സമരം ചെയ്യാൻ ആവശ്യപ്പെട്ടു .ഭഗത് സിംഗിനെ പോലുള്ളവർ ഈ രണ്ടു രീതികളെയും തള്ളി രക്തരൂക്ഷിത വിപ്ലവത്തിൽ വിശ്വസിച്ചു .

ഈ മൂന്നു മാര്ഗങ്ങളെയും എതിർത്തല്ല ആർ എസ് എസ് രൂപം കൊണ്ടത് .സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ വേഗതയിലും ആശയത്തിലും അവർ ആശങ്കാകുലർ ആയിരുന്നു .ബ്രിട്ടീഷ് ഭരണം കഴിഞ്ഞാൽ ഹിന്ദു രാഷ്ട്രം എന്നതായിരുന്നു അവരുടെ ആശയം .ബ്രിട്ടീഷുകാർ വഴി തന്നെ അങ്ങിനെയൊരു അധികാര കൈമാറ്റം ആണ് അവർ ആഗ്രഹിച്ചത് .ആർ എസ് എസ് സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തോട് ചേർന്നില്ല എന്ന് മാത്രമല്ല ഹിന്ദു മഹാസഭയെ പോലെ അതിനെ എതിർത്തിരുന്നു .ജനാധിപത്യ -മതനിരപേക്ഷ ഇന്ത്യൻ ദേശീയതയോട് ആർഎസ്എസ് ഒരിക്കലും ഐക്യപ്പെട്ടില്ല .

ഇന്ത്യൻ ദേശീയതയിൽ നിന്ന് മാറി നിന്ന് ആ ദേശീയതയുടെ ഭാഗമായുള്ള മറ്റു സമുദായങ്ങളെ അന്യവൽക്കരിക്കാൻ ആയിരുന്നു അവരുടെ ശ്രമം .അത്ഭുതകരമെന്നു പറയട്ടെ ആർ എസ് എസിനെ ബ്രിട്ടീഷുകാർ ഒരിക്കൽ പോലും നിരോധിച്ചിട്ടില്ല .സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ മൂന്നു തവണ ആർ എസ് എസ് നിരോധിക്കപ്പെട്ടു എന്നതാണ് എടുത്തു പറയേണ്ടത് .

ഇന്ത്യൻ ദേശീയതയുടെ ഭാഗമാകുക എന്നത് തന്നെ ആർഎസ്എസിനെ സംബന്ധിച്ചിടത്തോളം പ്രഖ്യാപിത ആശയങ്ങളിൽ നിന്നുള്ള തിരിഞ്ഞു നടത്തമാണ് .പിന്നെന്തിനാണ് ആർ എസ്എസ് രൂപം കൊണ്ടത് .ആർഎസ്എസ് രൂപം കൊണ്ട രാഷ്ട്രീയ അന്തരീക്ഷത്തെ പ്രലായ് കനുംങ്ങോ ഇങ്ങനെ രേഖപ്പെടുത്തുന്നു .

“1923 മുതൽ 28 വരെ ഇന്ത്യയിൽ ഹിന്ദു തീവ്ര ആശയങ്ങൾ ചർച്ച ചെയ്യപ്പെട്ട വർഷങ്ങൾ ആണ് .ഉത്തരേന്ത്യയിൽ ആര്യ സമാജ് ആണ് ഇതിനു ചുക്കാൻ പിടിച്ചത് .പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം തന്നെ “വർഗ ശുദ്ധി “യിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങൾ ആണ് ആര്യ സമാജ് നടത്തിയത് .ഇക്കാലയളവിൽ സ്വാമി ശ്രദ്ധാനന്ദയുടെ നേതൃത്വത്തിൽ വ്യാപകമായി മതപരിവർത്തനത്തിന് ശ്രമം ഉണ്ടായി .മറ്റു മതങ്ങളിലേക്ക് മാറിപ്പോയവർ ആയിരുന്നു ഉന്നം .ഈ വർഗീയ അന്തരീക്ഷം നിലനിൽക്കവെയാണ് നാഗ്പൂരിൽ വിജയദശമി ദിനത്തിൽ 1925 ൽ ആർ എസ് എസ് രുപം കൊള്ളുന്നത് .”

ചേതൻ ഭട്ടിന്റെ “ഹിന്ദു നാഷണലിസം” എന്ന പുസ്തകത്തിൽ ഇങ്ങനെ പറയുന്നു ,”കോൺഗ്രസും അനുബന്ധ സംഘടനകളും പ്രവർത്തകരും വ്യാപകമായി പീഡിപ്പിക്കപ്പെടുകയോ നിരോധിക്കപ്പെടുകയോ ജയിലിൽ അടയ്ക്കപ്പെടുകയോ ചെയ്യുമ്പോൾ ബ്രിട്ടീഷുകാർ ആർ എസ് എസിനെ ഒരു ശത്രു ആയി കണ്ടില്ല .മാത്രമല്ല “പൗര” സംരക്ഷണത്തിനായി രംഗത്തിറങ്ങാൻ ആർ എസ് എസിനു അനുവാദവും കൊടുത്തു .ബ്രിട്ടീഷുകാർ ആർഎസ്എസിനെ തൊട്ടില്ല ,മറിച്ച് ഇന്ത്യ സ്വാതന്ത്ര്യാനന്തരം 3 തവണ ആർ എസ് എസിനെ നിരോധിച്ചു .ആർഎസ്എസ് നേതാക്കളായ ഹെഡ്ഗേവാറും ഗോൾവാൾക്കറും ബ്രിട്ടീഷ് ഭരണത്തിനെതിരായ പോരാട്ടത്തെ എതിർക്കുക ആണുണ്ടായത് .അവരുടെ ശ്രദ്ധ ഹിന്ദു രാഷ്ട്രം എങ്ങിനെ കെട്ടിപ്പടുക്കാം എന്നതിലായിരുന്നു .”

മാത്രമല്ല നിസഹകരണ പ്രസ്ഥാനത്തിലോ ,റൗലറ്റ് വിരുദ്ധ പോരാട്ടത്തിലോ ,ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിലോ ഭാഗമാകാൻ ആർഎസ്എസ് തയ്യാറായില്ല .മുസ്ലിങ്ങൾ സംഘടിച്ച് കരുത്തരാണെന്നും ഹിന്ദുക്കൾ സംഘടിക്കണം എന്നുമായിരുന്നു സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ ഹെഡ്ഗേവാർ പറഞ്ഞുകൊണ്ടിരുന്നത് .മറ്റു മതസ്ഥരുമായി ഹിന്ദുക്കൾ നടത്തുന്ന തോളോട് തോൾ ചേർന്ന പോരാട്ടമല്ല വേണ്ടത് എന്നാണ് ഹെഡഗേവാറിന്റെ അഭിപ്രായം .

ഹിന്ദി -മറാത്തി പ്രാർത്ഥന മാറ്റി 1939 ൽ സംസ്കൃത പ്രാർത്ഥന കൊണ്ട് വരുമ്പോൾ അതിൽ ആർഎസ്എസ് ആശയം സ്പഷ്ടമായിരുന്നു .ഹിന്ദുക്കളുടെ ഭൂമി ,ഹിന്ദു രാഷ്ട്രം തുടങ്ങിയ പ്രയോഗങ്ങൾ ആ പ്രാർത്ഥനയിൽ നിറഞ്ഞു നിന്നു .ഭാരതത്തിനും ഹിന്ദു മതത്തിനും ഹിന്ദു സമൂഹത്തിനും ഹിന്ദു സംസ്കാരത്തിനും തന്നാലാവുന്നത് ചെയ്യും എന്ന പ്രാർത്ഥന ഏറ്റുചൊല്ലിയാണ് ഒരു സ്വയംസേവകൻ സംഘടനയിൽ പ്രവർത്തനം ആരംഭിക്കുന്നത് തന്നെ .

ആർ എസ് എസിന്റെ രണ്ടാം സർസംഘ് ചാലക് മാധവ് സദാശിവ് ഗോൾവാൾക്കറും ഹെഡ്ഗേവാറിൽ നിന്ന് ഒരു തരത്തിലും വ്യത്യസ്തൻ അല്ല .ബനാറസ് ഹിന്ദു സർവകലാശാലയിലെ ഒരു വിദ്യാർത്ഥിയിൽ നിന്നാണ് ഹെഡ്ഗേവാർ ഗോൾവാൾക്കറെ കുറിച്ച് കേൾക്കുന്നത് .1932 ൽ ഇരുവരും പരസ്പരം കണ്ടു .പന്നീട് ഗോൾവാൾക്കർ ബി എച്ച് യുവിലെ സംഘചാലക് ആയി .ആ വളർച്ച മുപ്പത്തിനാലാം വയസിൽ ആർ എസ് എസ് സർസംഘചാലക് ആകുന്നതിൽ വരെയെത്തി .

സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തോട് സഹകരിക്കാൻ ഗോൾവാൾക്കറിന്റെ കാലത്തും ആർ എസ് എസ് തയ്യാറായില്ല എന്ന് ചരിത്രം രേഖപ്പെടുത്തുന്നു .പങ്കെടുത്തില്ലെന്നു മാത്രമല്ല പ്രവർത്തകരെ വിലക്കുകയും ചെയ്തു .ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടം ആർ എസ് എസ് ലക്ഷ്യമല്ല എന്ന് ഗോൾവാൾക്കർ അക്കാലത്ത് പറഞ്ഞിരുന്നതായി റിപ്പോർട്ടുകൾ ഉണ്ട് .

1947 സെപ്റ്റംബറിൽ ഗാന്ധിജി ഗോൾവാൾക്കറിനെ കാണുന്നുണ്ട് .ഇന്ത്യ വിഭജിക്കപ്പെട്ട കാലം .വർഗീയ സംഘർഷങ്ങളിൽ ആർ എസ് എസിനു പങ്കുണ്ടെന്നു കേൾക്കുന്നുണ്ടെന്നും പ്രവർത്തകരെ തിരുത്തണമെന്നും ഗാന്ധിജി ഗോൾവാൾക്കറിനോട് അഭ്യർത്ഥിക്കുന്നു .അക്രമങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്നും മുസ്ലീങ്ങൾക്കെതിരെയുള്ള അക്രമങ്ങളിൽ തങ്ങൾ ഉൾപ്പെടില്ലെന്നും ഗോൾവാൾക്കർ ഗാന്ധിജിയോട് പറഞ്ഞു .പിന്നീട് പട്ടേലിനെഴുതിയ കത്തിൽ ഗോൾവാൾക്കറിന്റെ ഉറപ്പ് തനിയ്ക്ക് ബോധ്യപ്പെട്ടില്ല എന്ന് ഗാന്ധിജി തന്നോട് പറഞ്ഞതായി നെഹ്‌റു രേഖപ്പെടുത്തിയിട്ടുണ്ട് .

1948 ജനുവരി 30 ന് ഗാന്ധിജി കൊല്ലപ്പെടുന്നു .ആർ എസ് എസുകാരൻ എന്ന് പറയപ്പെടുന്ന നാഥുറാം വിനായക് ഗോഡ്‌സെ ആയിരുന്നു കൊലയാളി .എന്നാൽ കൊലയ്ക്ക് മുമ്പ് തന്നെ നാഥുറാം ആർ എസ് എസ് വിട്ടു എന്നാണ് ആർ എസ് എസിന്റെ വിശദീകരണം .പിന്നാലെ 1948 ഫെബ്രുവരിയിൽ ഗോൾവാൾക്കർ അടക്കമുള്ളവർ അറസ്റ്റ് ചെയ്യപ്പെടുന്നു .ആഭ്യന്തര മന്ത്രി സർദാർ വല്ലഭായ് പട്ടേൽ ആർ എസ് എസ് നിരോധിക്കുന്നു .

“വിചാര ധാര “ആണ് ഗോൾവാൾക്കറിന്റെ അറിയപ്പെടുന്ന പുസ്തകം .ആർ എസ് എസ് ശാഖകളിൽ ഗോൾവാൾക്കർ നടത്തിയ പ്രസംഗങ്ങൾ ക്രോഡീകരിച്ച് പുസ്തകമാക്കിയതാണ് അത് .നാലുഭാഗങ്ങൾ ആണ് ഈ പുസ്തകത്തിനുള്ളത് .ദൗത്യം ,രാജ്യവും പ്രശ്നങ്ങളും വിജയത്തിലേക്കുള്ള വഴി ,സ്വയംസേവകരെ വാർത്തെടുക്കൽ എന്നിങ്ങനെ നാല് ഭാഗങ്ങൾ .

പുണ്യഭൂമിയെ കുറിച്ചും പ്രധാന മതമായ ഹിന്ദൂവിനെ കുറിച്ചും ഗോൾവാൾക്കർ വാചാലമാകുന്നു .മാനവമുക്തിക്കുള്ള ഏക വഴി ഹിന്ദു മതമാണെന്ന് ആർ എസ് എസ് തലവൻ വിസ്തരിക്കുന്നു .ജാതിവ്യവസ്ഥയെ അനുകൂലിക്കുന്ന ഗോൾവാൾക്കർ ഹിന്ദുവിനെ കെട്ടുറപ്പുള്ള മതമാക്കുന്നത് ജാതിവ്യവസ്ഥയാണെന്ന് വിവരിക്കുന്നു .

വിദേശികളേക്കാൾ ആഭ്യന്തര ശത്രുക്കളാണ് പുണ്യഭൂമിയ്ക്ക് ഭീഷണി എന്നും ഗോൾവാൾക്കർ വിവരിക്കുന്നുണ്ട് .മൂന്ന് പ്രധാന ആഭ്യന്തര ശത്രുക്കളെ ഗോൾവാൾക്കർ ചൂണ്ടിക്കാട്ടുന്നുമുണ്ട് .മുസ്ലീങ്ങൾ ,ക്രിസ്ത്യാനികൾ ,കമ്മ്യൂണിസ്റ്റുകൾ എന്നിങ്ങനെ ആണ് ആ പട്ടിക .

വ്യക്തികൾക്ക് സ്വാതന്ത്ര്യം നൽകുന്നുവെന്ന പേരിൽ ജനാധിപത്യവും ഗോൾവാൾക്കറിന് ഇഷ്ടമല്ലായിരുന്നു .ഹൈന്ദവ രാഷ്ട്രത്തിന്റെ ഏകത്വത്തിൽ വിശ്വാസമില്ലാത്തവർ എന്നാണ് ഗോൾവാൾക്കർ ഭരണഘടനാ ശില്പികളെ വിശേഷിപ്പിച്ചത് .

ആരോഗ്യം മോശമായി തുടങ്ങിയപ്പോൾ ഗോൾവാൾക്കർ അദ്ദേഹത്തിന്റെ അവസാന ഭാരത പര്യടനം 1972 -73 ൽ നടത്തി .പാകിസ്താനുമായുള്ള യുദ്ധത്തിൽ ഇന്ത്യ വിജയിച്ചു നിൽക്കുന്ന സമയം ആയിരുന്നു .പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ ഗോൾവാൾക്കർ അഭിനന്ദിച്ചു .1973 മാർച്ചിൽ അദ്ദേഹം നാഗ്പൂരിൽ മടങ്ങിയെത്തി .മൂന്ന് മാസങ്ങൾക്ക് ശേഷം ജൂൺ 5 ന് ഗോൾവാൾക്കർ മരണമടഞ്ഞു .അപ്പോഴേക്കും ആർ എസ് എസിനെ ശക്തിയുള്ള പ്രസ്ഥാനമാക്കാൻ ഗോൾവാൾക്കറിന് കഴിഞ്ഞിരുന്നു .അതിന്റെ രാഷ്ട്രീയ രൂപം ബിജെപി ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയാണ് .ആ ബിജെപിയാണ് ഇന്ന് കേന്ദ്രം ഭരിക്കുന്നത് .ആ കേന്ദ്ര സർക്കാർ ആണ് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ പുതിയ ക്യാമ്പസിനു ഗോൾവാൾക്കറിന്റെ പേരിടാൻ തീരുമാനിച്ചിരിക്കുന്നത് .

Back to top button
error: