NEWS

ഹൈദരാബാദ് മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അമിത് ഷാ പോയി, കേരളത്തിൽ തദ്ദേശഭരണ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപിയുടെ കേന്ദ്ര നേതാക്കളാരും എത്തിയില്ല

തെലങ്കാനയിലെ ഹൈദരാബാദ് മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിന് ബിജെപിയുടെ പ്രചാരണം നയിച്ചത് അമിത്ഷായും യോഗി ആദിത്യനാഥും ഒക്കെ ആണ്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ കേരളത്തിൽ പ്രചാരണത്തിന് ബിജെപിയുടെ കേന്ദ്ര നേതാക്കളാരും തന്നെ വന്നില്ല. സംസ്ഥാന ബിജെപിയിലെ വിഭാഗീയതയും തമ്മിലടിയും ആണ് ഇതിന് കാരണമെന്നാണ് സൂചന.

മുൻ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള നേതാക്കൾ എല്ലാം വരുമായിരുന്നു. എന്നാൽ ഇത്തവണ വി മുരളീധരൻ,എ പി അബ്ദുള്ളക്കുട്ടി,സുരേഷ് ഗോപി തുടങ്ങിയവരാണ് ബിജെപിയുടെ താര പ്രചാരകർ.

ബിജെപിയിലെ തന്നെ ഒരു വിഭാഗം പ്രചാരണ രംഗത്ത് നിന്ന് വിട്ടു നിൽക്കുകയാണ്. പാർട്ടി പുനസംഘടന യിലൂടെ നേതൃത്വത്തിലുണ്ടായിരുന്ന ആയിരത്തിലേറെ സംസ്ഥാന -പ്രാദേശിക നേതാക്കളെയാണ് വെട്ടി നിരത്തിയത് എന്നാണ് ആക്ഷേപം. ഇതിൽ പ്രതിഷേധിച്ചാണ് നേതാക്കളും പ്രവർത്തകരും അടക്കം തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിന്ന് വിട്ടു നിൽക്കുന്നത്.

പ്രശ്നപരിഹാരത്തിന് കേന്ദ്രനേതൃത്വം ശ്രമിക്കുന്നുണ്ടെങ്കിലും മൂർത്തമായ പ്രശ്ന പരിഹാര ഫോർമുല ഉയർന്നു വരുന്നില്ല. നേതാക്കൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസം കൂടിവരികയാണ് താനും.

Back to top button
error: