LIFENEWS

രജനികാന്തിന്റെ ലക്‌ഷ്യം ബിജെപിയ്ക്ക് വഴിയൊരുക്കുകയോ ?അങ്ങിനെ പറയാൻ കാരണം ഇതാണ്

2021 ജനുവരിയിൽ താൻ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കും എന്ന പ്രഖ്യാപനത്തിലൂടെ രണ്ടര പതിറ്റാണ്ടായി നിലനിന്ന അനിശ്ചിതത്വത്തിന് വിരാമമിടുകയാണ് ശിവാജി റാവു ഗെയ്ക്വാദ് എന്ന രജനികാന്ത് .സിനിമയിൽ കാണും പോലെ തന്റെ ബംഗ്ളാവിന്റെ മട്ടുപ്പാവിൽ നിന്ന് രജനികാന്ത് ആത്മപ്രകാശനം നടത്തുമ്പോൾ ആരാധകർ വിളിച്ചു പറഞ്ഞു “ചരിത്രപരമായ തീരുമാനം” എന്ന് .

“തമിഴ്നാട് രാഷ്ട്രീയത്തിലെ അഴിമതി തുടച്ചു നീക്കുന്ന ആത്മീയ രാഷ്ട്രീയം “എന്നാണ് തന്റെ രാഷ്ട്രീയത്തെ രജനികാന്ത് വിശേഷിപ്പിക്കുന്നത് .”ഇപ്പോൾ ഇല്ലെങ്കിൽ ഒരിക്കലുമില്ല” 70 കാരൻ പ്രഖ്യാപിച്ചു .തമിഴ് മക്കൾക്ക് വേണ്ടി മരിക്കാനും തയ്യാറെന്നും രജനികാന്ത് പ്രഖ്യാപിച്ചു .

എന്തായിരിക്കും വേണമോ വേണ്ടയോ എന്ന തന്റെ ഹാംലെറ്റിയൻ ചിന്ത മാറ്റി വച്ച് രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങാൻ കാരണം ?രണ്ടു കാര്യങ്ങൾ ആണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് .ഒന്ന് ,തമിഴ്നാട് സർക്കാരിനെതിരെയുള്ള ഭരണ വിരുദ്ധ വികാരം മുതലാക്കുക .രണ്ട് ,തമിഴ്‍നാട് രാഷ്ട്രീയത്തിലെ കൊടുമുടികൾ ആയിരുന്ന കരുണാനിധിയും ജയലളിതയും സൃഷ്ടിച്ച ശൂന്യത നികത്തുക .

1996 മുതൽ രജനികാന്തിലെ രാഷ്ട്രീയ ഭിക്ഷാംദേഹിയെ നമ്മൾ കാണുന്നുണ്ട് .അന്ന് ജയലളിത സർക്കാരിനെ പുറത്താക്കാൻ ഡി എം കെ -ടി എം സി സഖ്യത്തിന് വോട്ട് ചെയ്യാൻ രജനി ആഹ്വാനം ചെയ്തു .”ജയലളിത ഭരണം തുടരുക ആണെങ്കിൽ ദൈവത്തിന് പോലും തമിഴ്‌നാടിനെ രക്ഷിക്കാൻ ആകില്ല’ എന്ന് രജനി പ്രഖ്യാപിച്ചു .

പിന്നീട് എപ്പോഴൊക്കെ തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പ് വന്നിട്ടുണ്ടോ അപ്പോഴൊക്കെ രജനിയിലെ രാഷ്ട്രീയ മോഹിയെ കാണാനായി .1998 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അണ്ണാ ഡി എം കെക്കെതിരെ വോട്ട് ചെയ്യാൻ രജനികാന്ത് ആവശ്യപ്പെട്ടു ,പക്ഷെ ജനം തിരസ്കരിച്ചു .

താൻ ബിജെപിയ്ക്കാണ് വോട്ട് ചെയ്തത് എന്നും ആരാധകർക്ക് അവർക്കിഷ്ടമുള്ള പാർട്ടിയ്ക്ക് വോട്ട് ചെയ്യാമെന്നും ഒരവസരത്തിൽ രജനി പറഞ്ഞു .മറ്റൊരു അവസരത്തിൽ പിഎംകെയ്ക്ക് വോട്ട് ചെയ്യാൻ ആയിരുന്നു രജനികാന്തിന്റെ ആഹ്വാനം .ഇതൊക്കെ അനുയായികളിൽ ആശയക്കുഴപ്പം ആണ് സൃഷ്ടിച്ചത് .ഇടയ്ക്ക് ആരോഗ്യം മോശമായതും സിനിമയിലെ തിരക്കുമെല്ലാം രജനിയുടെ രാഷ്ട്രീയ ആഗ്രഹങ്ങളിൽ കരിനിഴൽ വീഴ്ത്തി .

നിർണായക നിയമസഭാ തെരഞ്ഞെടുപ്പിന് ആറു മാസം മാത്രം മുമ്പേ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച രജനി തമിഴ്‌നാട്ടിലെ 234 അസ്സംബ്ലി മണ്ഡലങ്ങളിലും തന്റെ പാർട്ടി മത്സരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട് .”ഇതൊരു ഒഴിഞ്ഞ മൈതാനം അല്ല .കേഡർ സ്വഭാവമുള്ള രണ്ട് ദ്രാവിഡ പാർട്ടികൾ ആകെ വോട്ടിന്റെ 50 % കയ്യടക്കി വെച്ചിരിക്കുകയാണ് .പി എം കെ പോലുള്ള പ്രാദേശിക കക്ഷികളും വിജയകാന്തിന്റെ ഡിഎംഡികെയുമൊക്കെ സജീവമായി രംഗത്തുണ്ട് .ഏതെങ്കിലും ഒരു ദ്രാവിഡ കക്ഷിയുടെ സാധ്യത ഇല്ലാതാക്കാൻ മാത്രമേ രജനീകാന്തിന് ആവൂ .”ഒരു രാഷ്ട്രീയ നിരീക്ഷകൻ വിലയിരുത്തി .

എംജിആറിനോടാണ് ആരാധകർ രജനിയെ താരതമ്യം ചെയ്യുന്നത് .എന്നാൽ ദ്രാവിഡ രാഷ്ട്രീയത്തിലെ മുടിചൂടാ മന്നൻ ആണ് അണ്ണാ ഡിഎംകെയുടെ സ്ഥാപകൻ ആയ എംജിആർ .എംജിആറിനെ പോലെ ശക്തമായ ആരാധകവൃന്ദം രജനിയ്ക്കുണ്ട് എന്നത് ശരിയാണ് .എന്നാൽ ഫലഭൂവിഷ്ടമായ തമിഴ്മണ്ണിൽ ദ്രാവിഡ രാഷ്ട്രീയം ആണ് എംജിആർ കളിച്ചത് .എന്നാൽ രജനി അങ്ങനെയല്ല .ബിജെപി കളിച്ച് രക്ഷപ്പെടാത്ത ആത്മീയ രാഷ്ട്രീയമാണ് രജനികാന്ത് മുന്നോട്ട് വെയ്ക്കുന്നത് .

“രജനിയെ എംജിആറുമായി താരതമ്യം ചെയ്യാൻ ആകില്ല .എംജിആറിന്റെ ആരാധകർ ഡിഎംകെ അംഗങ്ങൾ ആയിരുന്നു .എന്നാൽ രജനിയ്ക്കുള്ളത് എല്ലാ പാർട്ടിയിലുമായി ചിതറിക്കിടക്കുന്ന ആരാധകർ ആണ് .ശിവാജി ഗണേശനുമായി വേണമെങ്കിൽ രജനിയെ താരതമ്യം ചെയ്യാം .ശിവാജി ഗണേശൻ രാഷ്ട്രീയത്തിൽ പരാജയപ്പെട്ടത് നാം കണ്ടതാണല്ലോ .1996 ലെ ഡിഎംകെ – ടിഎംസി കൂട്ടുകെട്ടിനെ ജയിപ്പിച്ചത് രജനിയുടെ പ്രസ്താവന അല്ല .ജയലളിത തന്നെ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും തോറ്റ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്ന തെരഞ്ഞെടുപ്പ് ആണത് .”ഡി എം കെ വക്താവ് ടി കെ എസ് ഇളങ്കോവൻ പറഞ്ഞു .

തമിഴ്‌നാട്ടിലെ ജാതി രാഷ്ട്രീയം അപൂർവമായെ രാഷ്ട്രീയത്തിലെ പുതുമുഖങ്ങളെ പിന്തുണച്ചിട്ടുള്ളൂ .മുക്കുളത്തോർ ,വെള്ളാള ഗൗണ്ടർ തുടങ്ങിയ പിന്നാക്ക വിഭാഗങ്ങളും മുതലിയാർ അടക്കമുള്ള മുന്നാക്ക വിഭാഗങ്ങളും ദ്രാവിഡ പാർട്ടികളുടെ വോട്ട് ബാങ്കായി കിടക്കുന്നു .1967 മുതൽ സ്ഥിതി ഇതാണ് .വണ്ണിയാർ വിഭാഗം പിന്തുണയ്ക്കുന്ന പി എം കെ ,വിജയകാന്തിന്റെ ഡി എം ഡി കെ ,വൈക്കോയുടെ എം ഡി എം കെ ,കോൺഗ്രസ് ,രണ്ട് ഇടതു പാർട്ടികൾ ,കമൽ ഹാസൻറെ മക്കൾ നീതി മയ്യം എന്നിവക്കൊക്കെ വിവിധ ജാതി വിഭാഗങ്ങളിൽ ആയി വോട്ടോഹാരി ഉണ്ട് .എന്നാൽ എല്ലാം ഒറ്റയക്ക ശതമാനം മാത്രമാണെന്ന് മാത്രം .

അണ്ണാ ഡി എം കെ ,ഡി എം കെ എന്നിവക്കെതിരെ ഒരു മൂന്നാം മുന്നണി നിലവിൽ സാധ്യമായ ഒരു കാര്യം അല്ല .മുൻ അനുഭവങ്ങൾ അതാണ് പറയുന്നത് താനും .പക്ഷെ ഏതെങ്കിലും ഒരു മുന്നണിയുടെ വീഴ്ചയ്ക്ക് ആക്കം കൂട്ടാൻ ഇത്തരം പാർട്ടികൾക്ക് കഴിയും .2016 ൽ ഡി എം കെ യെ വീഴ്ത്തിയത് വിസികെ ,ഡിഎംഡികെ ,എംഡിഎംകെ ,സിപിഐ ,സിപിഐഎം മറ്റ് ചെറിയ പാർട്ടികൾ തുടങ്ങിയവയുടെ സഖ്യം ആയിരുന്നു .

ഇനി തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കാണ് രജനികാന്ത് പോകുന്നതെങ്കിൽ ആറു മാസം കൊണ്ട് എണ്ണയിട്ട യന്ത്രം കണക്ക് പ്രവർത്തിക്കുന്ന ദ്രാവിഡ പാർട്ടികളുമായി മത്സരിച്ച് പിടിച്ചുനിൽക്കുക എളുപ്പമല്ല .ബിജെപിക്കാരൻ എന്ന ഹാങ്ങ് ഓവർ ഇപ്പോൾ തന്നെ രജനിക്കുണ്ട് .ഒപ്പം രജനി അണ്ണാ ഡിഎംകെ -ബിജെപി സഖ്യത്തിൽ ചേരുമെന്ന ഉപമുഖ്യമന്ത്രി പനീർസെൽവത്തിന്റെ പ്രസ്താവനയുമുണ്ട് .

തന്റെ പാർട്ടിയുടെ ചീഫ് കോർഡിനേറ്റർ രാ .അർജുനമൂർത്തി ആണെന്നാണ് രജനി വ്യക്തമാക്കുന്നത് .ബിജെപിയുടെ തമിഴ്‌നാട്ടിലെ ബൗദ്ധിക ശാഖയെ നയിച്ചിരുന്നത് അർജുന മൂർത്തിയാണ് .അമിത് ഷാ നവംബർ 22 ന് വിളിച്ചു ചേർത്ത സംഘപരിവാർ സംഘടനകളുടെ യോഗത്തിൽ പങ്കെടുത്തയാളാണ് അർജുനമൂർത്തി .ഡിസംബർ 3 നാണ് അർജുനമൂർത്തിയുടെ രാജി ബിജെപി സ്വീകരിച്ചത് .ദ്രാവിഡ രാഷ്ട്രീയത്തെ ശക്തമായി എതിർക്കുന്ന എഴുത്തുകാരൻ തമിഴരുവിമന്യൻ ആണ് രജനിയുടെ പാർട്ടിയുടെ മറ്റൊരു ഭാരവാഹി ആകുക .ദ്രാവിഡ തട്ടകത്തിൽ ബിജെപിയുടെ തേരാളി ആകുകയാണോ രജനികാന്ത് എന്നാണ് ഏവരും ഇപ്പോൾ സംശയിക്കുന്നത് .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker