‘ബുറേവി’ ചുഴലിക്കാറ്റിനെ നേരിടാൻ സംസ്ഥാനസർക്കാർ സജ്ജം: മുഖ്യമന്ത്രി പിണറായി വിജയൻ

‘ബുറേവി’ ചുഴലിക്കാറ്റിനെ നേരിടാൻ സംസ്ഥാനസർക്കാർ സജ്ജമാണെന്ന് മുഖ്യമന്ത്രി. സംസ്ഥാനസർക്കാർ സ്വീകരിച്ച നടപടികൾ മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

മുഖ്യമന്ത്രിയുടെ വാക്കുകൾ:

”ബുറേവി ചുഴലിക്കാറ്റ് മാന്നാർ കടലിടുക്കിൽ എത്തിയിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത് ഇന്ന് അർദ്ധരാത്രിയോടെയോ നാളെ പുലർച്ചെയോടെയോ ചുഴലിക്കാറ്റ് തെക്കൻ തമിഴ്നാട്ടിലെ തൂത്തുക്കുടി തീരം വഴി കരയിലെത്തും. ഇന്ത്യൻ തീരത്ത് പ്രവേശിക്കുമ്പോൾ ചുഴലിക്കാറ്റിന്‍റെ അകത്തെ കാറ്റിന്‍റെ പരമാവധി വേഗത 70 മുതൽ 80 കിമീ വരെയാകാം.

കരയിലൂടെ സഞ്ചരിക്കുന്നതോടെ ചുഴലിക്കാറ്റ് ശക്തി കുറ‍ഞ്ഞ് അതിതീവ്രന്യൂനമർദ്ദമായിട്ടാകും കേരളത്തിലെത്തുക. ഇവിടെ നിന്ന് അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് പ്രവചനം. ഈ സഞ്ചാരപഥത്തിലൂടെ തന്നെ ചുഴലിക്കാറ്റ് സഞ്ചരിച്ചാൽ, കൊല്ലം, തിരുവനന്തപുരം അതിർത്തി പ്രദേശങ്ങളിലൂടെ നാളെ പകൽ അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് കണക്കുകൂട്ടൽ.

കരയിലൂടെ സഞ്ചരിക്കുമ്പോൾ ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞ് കേരളത്തിലെത്തുമ്പോൾ മണിക്കൂറിൽ 60 കിമീ-യിൽ താഴെയാകും. ചുഴലിക്കാറ്റ് കടന്നുപോകുന്നതിന്‍റെ വടക്കുഭാഗത്താണ് കൂടുതൽ മഴ പെയ്യുക.

സഞ്ചാരപഥത്തിന് പുറമേ കൊല്ലത്തിന്‍റെ വടക്കൻ മേഖലയിലും പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലും കൂടുതൽ മഴ പെയ്തേക്കും. തിരുവനന്തപുരം, കൊല്ലം ആലപ്പുഴ, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ടാണ്. മണിക്കൂറിൽ 50 മുതൽ 60 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റുണ്ടാകും.

താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടാകാം. മലയോരമേഖലയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും പ്രതീക്ഷിക്കുന്നു. വലിയ പ്രളയസാഹചര്യം ഉണ്ടായേക്കില്ല. മേൽക്കൂര ശക്തമല്ലാത്ത വീടുകൾക്ക് നാശം വന്നേക്കും. മരം, വീടുകൾ, പോസ്റ്റുകൾ, ഫ്ലക്സുകൾ ഒക്കെ പൊട്ടിവീണേക്കാം. ചുഴലിക്കാറ്റ് കേരളം കടന്ന് പോകുന്നത് വരെ അതീവജാഗ്രത വേണം.

ചുഴലിക്കാറ്റ് രൂപീകരണ സാധ്യത നേരത്തേ തന്നെ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മനസ്സിലാക്കി മുന്നറിയിപ്പ് നൽകിയിരുന്നു. നവംബർ 30-ന് അർദ്ധരാത്രിയോടെ മത്സ്യബന്ധനം പൂർണമായി നിരോധിച്ചു.

കടലിൽ പോകാൻ വേണ്ട നടപടികൾ ഫിഷറീസ്, മറൈൻ എൻഫോഴ്സ്മെന്‍റ്, കോസ്റ്റ്ഗാർഡ് എന്നിവർ നടത്തി. മത്സ്യബന്ധനഗ്രാമങ്ങളിൽ അനൗൺസ്മെന്‍റുകൾ നടത്തി. കളക്ടർമാരുടെ നേതൃത്വത്തിൽ മുന്നൊരുക്കങ്ങൾ വിലയിരുത്തി. എൻഡിആർഎഫിന്‍റെ എട്ട് ടീമുകളെ ഓരോ ജില്ലകളിലായി വിന്യസിച്ചു.

വ്യോമസേനയോട് ഹെലികോപ്റ്ററും ഫിക്സഡ് വിങ് എയർക്രാഫ്റ്റും ആവശ്യപ്പെട്ടു. അടിയന്തരസാഹചര്യങ്ങളിൽ കടലിൽ രക്ഷാപ്രവർത്തനം നടത്താൻ നാവികസേനയോട് കപ്പലുകൾ തയ്യാറാക്കാൻ ആവശ്യപ്പെട്ടു. ആർമിയോടും അർദ്ധസൈനികവിഭാഗങ്ങളോടും സജ്ജരായിരിക്കാൻ ആവശ്യപ്പെട്ടു.

മുന്നറിയിപ്പുള്ള ജില്ലകളിൽ ആളുകളെ മാറ്റാൻ 2891 ദുരിതാശ്വാസക്യാമ്പുകൾ സജ്ജമാണ്. തിരുവനന്തപുരം 310, കൊല്ലം 358, പത്തനംതിട്ട 585, ആലപ്പുഴ 418, കോട്ടയം 129, ഇടുക്കി 350, എറണാകുളം 741 എന്നിങ്ങനെയാണ് ക്യാമ്പുകളുള്ളത്.

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്‍ററുകളും ജില്ലാ തലത്തിൽ താലൂക്ക് കൺട്രോൾ റൂമുകളും 24 മണിക്കൂറും പ്രവർത്തിക്കുന്നു. പൊതുജനങ്ങൾക്ക് ഇവർ 24 മണിക്കൂറും വിവരം നൽകുന്നു.

വൈദ്യുതി വിതരണം, അണക്കെട്ടുകൾ, ശബരിമല തീർത്ഥാടനം എന്നിവയ്ക്ക് കൃത്യമായ നിർദേശങ്ങളുണ്ട്. തദ്ദേശസ്ഥാപനങ്ങളുമായി ഏകോപിപ്പിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും സംസാരിച്ചു. അവർ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. കേന്ദ്രസർക്കാരിനെ സർക്കാർ നടത്തിയ ഒരുക്കങ്ങളെല്ലാം അറിയിച്ചു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version