NEWS

135 ദിവസത്തെ ഇളവ് അനുവദിക്കണം: അപേക്ഷ നല്‍കി ശശികല

ചെന്നൈ: ചട്ടപ്രകാരമുള്ള ഇളവ് നല്‍കി തന്നെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കി അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ.ശശികല.ഉന്നത ഉദ്യോഗസ്ഥർക്കു അപേക്ഷ കൈമാറിയതായി ജയിൽ അധികൃതർ അറിയിച്ചു.

അനധികൃത സ്വത്തുകേസില്‍ 4വര്‍ഷത്തെ ശിക്ഷ അനുഭവിക്കുന്ന ശശികലയുടെ ജയില്‍ വാസം നിയമപ്രകാരം ജനുവരി 27നാണു തീരുക. കര്‍ണാടക ജയില്‍ ചട്ടങ്ങള്‍ പ്രകാരം നല്ല നടപ്പിന് ഒരു മാസം 3 ദിവസത്തെ ശിക്ഷയിളവ് നല്‍കാം. ഇതുപ്രകാരം തനിക്ക് 135 ദിവസത്തെ ഇളവിന് അവകാശമുണ്ടെന്നും ഇതനുവദിക്കണമെന്നാണ് ശശികല അപേക്ഷയില്‍ അഭ്യര്‍ഥിച്ചിരിക്കുന്നത്.

ശിക്ഷയുടെ ഭാഗമായ 10 കോടി രൂപ പിഴ രണ്ടാഴ്ച മുന്‍പ് ശശികല കോടതിയില്‍ അടച്ചിരുന്നു. ഇതിന്റെ വിവരം ബെംഗളൂരു ജയില്‍ അധികൃതര്‍ക്കു കൈമാറുകയും ചെയ്തിരുന്നു.

ഇതോടെ, ശശികല ഏതു നിമിഷവും ജയില്‍ മോചിതയാകാമെന്ന അഭ്യൂഹം നിലനിന്നെങ്കിലും ജനുവരി 27നു മുന്‍പ് ശശികലയെ മോചിപ്പിക്കില്ലെന്നാണ് കര്‍ണാടക ആഭ്യന്തര മന്ത്രി വ്യക്തമാക്കിയത്.

ജയലളിതയുടെ മരണത്തിനു ശേഷം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് 2016 ഫെബ്രുവരിയില്‍ ശശികല ജയിലിലായത്.

Back to top button
error: