NEWS

വൈറസ് തളർത്തിയെങ്കിലും; പൊരുതാനുറച്ച് യുവ ഡോക്ടർ

എറണാകുളം: കോവിഡിനെ ചെറുക്കാൻ മുന്നിട്ടിറങ്ങിയ യുവ ഡോക്ടർക്ക് മഹാമാരി വരുത്തി വച്ചത് കടുത്ത ശാരീരിക പ്രശ്നങ്ങൾ. ഹൃദയത്തിൻ്റെ പ്രവർത്തനം തകരാറിലാക്കുന്ന മയോകാർഡിയാറ്റിസ് എന്ന രോഗാവസ്ഥയിലൂടെ മരണമുഖത്തു വരെ ചെന്ന നാളുകൾ. ദുരിതം നിറഞ്ഞ കോവിഡ് കാലത്തിനെ അതിജീവിക്കാനായത് സ്വന്തം മനക്കരുത്തു കൊണ്ടും സഹപ്രവർത്തകരുടെ സഹകരണം കൊണ്ടും മാത്രം. അസുഖങ്ങളെയെല്ലാം തുരത്തി വീണ്ടും കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ പങ്കാളിയാകുകയാണ് 33 കാരിയായ തൃപ്പൂണിത്തുറ സ്വദേശി ഡോ.രാശി കുറുപ്പ്.

കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി 2020 ഒക്ടോബർ 23 നാണ് രാശി കലൂർ പി.വി.എസ് കോവിഡ് അപെക്സ് സെൻ്ററിൽ എത്തുന്നത്. സംസ്ഥാന സർക്കാരിൻ്റെ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത്, സന്നദ്ധ പ്രവർത്തകയായിട്ടായിരുന്നു പ്രവേശനം. ഒന്നര വയസുള്ള മകളുടെ സംരക്ഷണം വീട്ടുകാരെ ഏൽപ്പിച്ച് സന്നദ്ധ പ്രവർത്തനത്തിനിറങ്ങിയതിൽ ഭർത്താവ് ശ്യാംകുമാറിൻ്റെ പൂർണ പിന്തുണയും ഉണ്ടായിരുന്നു. ജോലിയിൽ പ്രവേശിച്ച് രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് ചെറിയ പനി പോലെ തോന്നിയത്. ആൻ്റിജൻ ടെസ്റ്റിൽ കോവിഡ് നെഗറ്റീവ് ആയിരുന്നു ഫലം. പനി മാറിയെങ്കിലും കനത്ത ശ്വാസതടസവും നെഞ്ചുവേദനയും വിട്ടുമാറിയില്ല. തുടർന്ന് ആർ.ടി.പി.സി.ആർ ടെസ്റ്റ് ചെയ്തു. അതിൽ കോവിഡ് പോസിറ്റീവായി. പി.വി.എസ് ആശുപത്രിയിൽ തന്നെ കോവിഡ് രോഗിയായി രാശിയെത്തി. രണ്ട് ശ്വാസകോശത്തിലും ന്യൂ മോണിയ ബാധിച്ച് അസുഖം കൂടുതൽ ഗുരുതരമായി. സി കാറ്റഗറിയിൽ പെട്ട കോവിഡ് രോഗിയായിട്ടാണ് രാശിയെ പരിഗണിച്ചത്. പത്തു ദിവസം ഐസിയുവിൽ ചികിത്സ. ആശുപ ത്രിയിലെ മുഴുവൻ ഡോക്ടർമാരുടെയും പൂർണ പിന്തുണ ആ സമയത്തു ലഭിച്ചെന്ന് രാശി പറയുന്നു. ഒന്നിനും ഒരു കുറവും ഇല്ലാതെയാണ് സംരക്ഷിച്ചത്. ഒരു ഡോക്ടർ ചെയ്യുന്ന സേവനത്തിൻ്റെ വില മനസിലാക്കിയത് രോഗിയായപ്പോഴാണ്.

പിന്നീട് റൂമിലേക്ക് മാറ്റി അഞ്ച് ദിവസം കഴിഞ്ഞാണ് വീട്ടിലേക്ക് പോയത്.
വീട്ടിലെത്തിയപ്പോഴാണ് കോവിഡ് ശരീരത്തിൽ അവശേഷിപ്പിച്ച മറ്റ് അസുഖങ്ങൾ പുറത്തു വരുന്നത്. സംസാരിക്കാനോ നടക്കാനോ പറ്റാത്ത അവസ്ഥ. നെഞ്ചുവേദനയും ശ്വാസം മുട്ടും വിട്ടുമാറുന്നില്ല. വിശദമായ ഹൃദയ പരിശോധനയിൽ മൈനർ ഹൃദയാഘാതത്തിലേക്ക് എത്തിപ്പെടാനുള്ള സാധ്യതയാണ് മനസിലായത്. കോവിഡ് ഭേദമായ ചിലരിലെങ്കിലും കാണുന്ന അവസ്ഥ. കുഞ്ഞിനെ താലോലിക്കാൻ പോലും കഴിയാതെ മുഴുവൻ സമയ വിശ്രമവുമായി പിന്നീട് കഴിച്ചുകൂട്ടി. മരുന്നുകൾ കൊണ്ട് ആശ്വാസം കിട്ടിയെങ്കിലും പൂർണമായും ഭേദമായില്ല. ഇപ്പോഴും സംസാരിക്കുമ്പോഴും കിതപ്പാണ്. നെഞ്ചുവേദന കുറഞ്ഞു വരുന്നു. മരുന്നുകൾ തുടരുകയാണ്.

വീണ്ടും ജോലിയിൽ തുടരണോ എന്ന് നിരവധി പേർ സംശയം ചോദിച്ചു. പക്ഷേ രാശി സംശയമില്ലാതെ തീരുമാനമെടുത്തു. വീണ്ടും ജോലിയിൽ പ്രവേശിക്കണം. രോഗിയായിരുന്നപ്പോൾ എനിക്കു ലഭിച്ച പരിചരണം തന്നെയാണ് തീരുമാനത്തിനു പിന്നിൽ. സഹപ്രവർത്തകർ തന്ന സാന്ത്വനം വളരെ വലുതാണ്. ഇനിയും അവരോടൊപ്പം നിന്ന് രോഗികളെ ശുശ്രൂഷിക്കണം. കോവിഡിനെതിരെയുള്ള പോരാട്ടം തുടരാൻ രാശി കഴിഞ്ഞ തിങ്കളാഴ്ച വീണ്ടും ജോലിയിൽ പ്രവേശിച്ചു.
ജയ്പൂരിൽ നിന്നും പഠനം പൂർത്തിയാക്കിയ രാശി ആലപ്പുഴ സ്വദേശികളായ എം.ജി.രാധാകൃഷ്ണൻ്റെയും ശോഭയുടെയും മകളാണ്. ഭർത്താവ് ശ്യാംകുമാർ എഞ്ചിനീയറാണ്.

Back to top button
error: