സിൽക്ക് സ്മിതയുടെ 60-ാം പിറന്നാള്‍

ന്ന് നടി സില്‍ക്ക് സ്മിതയുടെ 60-ാം ജന്മവാര്‍ഷികം. ആന്ധ്രാപ്രദേശിലെ വരണ്ട പൊടിമണ്ണുള്ള ഗ്രാമത്തില്‍ നിന്നും തെന്നിന്ത്യന്‍ സിനിമയുടെ മാസ്മരിക വര്‍ണ്ണത്തിലേക്ക് മാത്രമല്ല, പുരുഷത്വത്തിന്റെ ഉര്‍വ്വരതയിലേക്ക് കടന്നുവന്ന നടിയായിരുന്നു സില്‍ക് സ്മിത. പേര് വിജയലക്ഷമി പക്ഷേ അറിയപ്പെട്ടത് മറ്റൊരു പേരിലും.

ഒരു എക്‌സ്ട്രാ നടിയായി സിനിമാ വ്യവസായ രംഗത്തേക്ക് കടന്ന അവര്‍ 1979 ല്‍ തമിഴ് ചലച്ചിത്രമായ വണ്ടിച്ചക്രത്തിലെ ‘സില്‍ക്ക്’ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തില്‍ ഒരു ബാര്‍ ഡാന്‍സറുടെ വേഷമായിരുന്നു സ്മിതയ്ക്ക്. അതിന് ശേഷമാണ് സ്മിത സില്‍ക്ക് സ്മിത എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. സിലുക്ക് സിലുക്ക് സിലുക്ക് എന്ന സിനിമയിലെ അഭിനയവും കൂടിയായപ്പോള്‍ സ്മിതയ്ക്ക് സില്‍ക്ക് എന്ന പേരു ഉറച്ചു.

ഒരു സെക്‌സ് സിംബലായി മാറിയ അവര്‍ 1980 കളില്‍ ഇത്തരം വേഷങ്ങളില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള അഭിനേത്രിയായി ആയി. 17 വര്‍ഷക്കാലം നീണ്ടുനിന്ന തന്റെ അഭിനയജീവിതത്തില്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഏകദേശം 450 ലധികം ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു.

മൂന്നാം പിറ എന്ന സിനിമയിലെ ധീരമായ വേഷവും, നൃത്തവും സില്‍ക്കിനെ പ്രശസ്തിയിലേക്കുയര്‍ത്തി. തുടര്‍ന്നുള്ള പതിനഞ്ച് വര്‍ഷത്തോളം സില്‍ക്ക്, തെന്നിന്ത്യന്‍ മസാല പടങ്ങളില്‍ അഭിനയിച്ചു. അക്കാലത്ത് സില്‍ക്കിന്റെ അത്ര പ്രശസ്തിയുള്ള മറ്റൊരു മാദക നടിയും ദക്ഷിണേന്ത്യയില്‍ ഉണ്ടായിരുന്നില്ല. കാലത്തിന്റെ ഒരോ റീടേക്കുകളേ…1960 ല്‍ തുടങ്ങി 1996 സെപ്തംബര്‍ 23ന് തന്റെ 36-ാം വയസ്സില്‍ ചെന്നൈയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ അവസാനിച്ച ജീവിതം..

പുതിയ കാലം അല്ലെങ്കില്‍ സിനിമയുടെ നവ-വാണിജ്യഭാഷ ഇത്തരം പ്രതിനിധാനങ്ങളെ ഐറ്റം നമ്പര്‍ താരമായി മാത്രം അടയാളപ്പെടുത്തുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്ന ഈ കാലത്ത് ഇത്തരം കഥാപാത്രങ്ങള്‍ / സാന്നിദ്ധ്യങ്ങള്‍ സൃഷ്ടിച്ച സാംസ്‌കാരികമായ കീഴാളപ്രതിനിധാനമാണ് സ്മിതയടക്കമുള്ളവരുടെ പ്രസക്തി. ഇനിയും മരിക്കാത്ത ആ വശ്യമായ ചിരിയും നെഞ്ചിടിപ്പിക്കുന്ന ഉടലിനുമൊപ്പം അത് എത്രപേര്‍ ഓര്‍ക്കും…

Exit mobile version