NEWS

ലോക്കറില്‍ കണ്ടെത്തിയ തുക ശിവശങ്കറിനുളള കമ്മീഷന്‍: ഇഡി ഹൈക്കോടതിയില്‍

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ഹൈക്കോടതിയില്‍.

പ്രതി സ്വപ്‌ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍ നിന്ന് കണ്ടെത്തിയ ഒരു കോടി അഞ്ച് ലക്ഷം രൂപ ശിവശങ്കറിനുളള കമ്മീഷനാണെന്ന് ഇഡി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഇന്ന് ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ സമര്‍പ്പിച്ച 102 പേജുളള സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

ലൈഫ് മിഷന്‍ ഇടപാടില്‍ കോഴയായി ലഭിച്ച തുകയാണ് ബാങ്ക് ലോക്കറുകളില്‍ നിന്ന് പിടിച്ചെടുത്തത് .ശിവശങ്കറാണ് ഈ തുക സ്വപ്ന സുരേഷിനെ ലോക്കറില്‍ സൂക്ഷിക്കാന്‍ ഏല്‍പിച്ചതെന്നും ഇഡി വ്യക്തമാക്കുന്നു. ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് കീഴ്‌കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ തന്നെയാണ് ഹൈക്കോടതിയിലും ഇഡി സമര്‍പ്പിച്ചിരിക്കുന്നത്.

സ്വപ്നയും ശിവശങ്കറും തമ്മില്‍ നടത്തിയ വാട്‌സപ്പ് ചാറ്റുകളില്‍ നിന്ന് ഇത് വ്യക്തമാണെന്നും, സ്വപ്നയെ മറയാക്കിയായിരുന്നു ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകളെന്നും അന്വേഷണം നിര്‍ണായക ഘട്ടത്തിലായതിനാല്‍ ജാമ്യം നല്‍കരുതെന്നുമാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, ഹര്‍ജി ഉച്ചക്ക് ശേഷമായിരിക്കും ഹൈക്കോടതി പരിഗണിക്കുക. നേരത്തെ തനിക്കെതിരേ തെളിവില്ല എന്നാണ് ശിവശങ്കര്‍ വ്യക്തമാക്കിയിരുന്നതെങ്കില്‍ അതിനെ മറികടക്കാനുള്ള തെളിവുകളാണ് ഇപ്പോള്‍ ഇഡി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

Back to top button
error: