ഐസക്കിനെ തള്ളി സുധാകരൻ, മുഖ്യമന്ത്രിയ്ക്ക് പിന്തുണ

കെ എസ് എഫ് ഇ റെയ്ഡ് വിഷയത്തിൽ ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി മന്ത്രി ജി സുധാകരൻ. കെ എസ് എഫ് ഇയിലെ പരിശോധന സാധാരണവും സ്വാഭാവികവും. റെയ്ഡിൽ ദുഷ്ടലാക്കില്ല. തന്റെ വകുപ്പുകളിലും റെയ്ഡ് നടന്നിട്ടുണ്ട്. അതൊന്നും തന്നെ അറിയിച്ചല്ല നടന്നത്.താൻ അതിനെ കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. റെയ്ഡ് വിവരം മന്ത്രി അറിയണം എന്ന് ഒരു നിർബന്ധവും ഇല്ല.മുഖ്യമന്ത്രി പറഞ്ഞതാണ് ശരിയെന്നും സുധാകരൻ വ്യക്തമാക്കി.

കെ എസ് എഫ് ഇയിൽ പരിശോധനയ്ക്ക് നിർദേശം കൊടുത്തത് ഏത് മണ്ടൻ ആണെന്ന് തോമസ് ഐസക് ചോദിച്ചിരുന്നു. റെയ്ഡിന് നിർദേശം നൽകിയത് വിജിലൻസ് ഡയറക്ടർ സുധേഷ്‌ കുമാർ ആണെന്നും റെയ്ഡ് സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു.

പോലീസ് ഉപദേഷ്ടാവ് രമൺ ശ്രീവസ്തവയ്ക്ക് റെയ്ഡുമായി ബന്ധമില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. ഇതിനു മുമ്പും കെ എസ് എഫ് ഇയിൽ റെയ്ഡ് നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Exit mobile version