രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം; എന്റെ തീരുമാനം ഉടനെ അറിയിക്കും: രജനീകാന്ത്‌

ചെന്നൈ: രജനീകാന്തിന്റെ പാര്‍ട്ടിപ്രഖ്യാപനത്തെ സംബന്ധിച്ച് ഊഹൗപോഹങ്ങള്‍ ഇപ്പോഴും നിലനില്‍ക്കെ ഇപ്പോഴിതാ തന്റെ തീരുമാനം ഉടനറിയിക്കും എന്ന് താരം. ഇന്ന് നടന്ന രജനി മക്കള്‍ മണ്‍ട്രത്തിന്റെ യോഗത്തിന് ശേഷമാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

”ഞാന്‍ സംഘടനയുടെ ജില്ലാ സെക്രട്ടറിമാരെ കണ്ടു. അവര്‍ അവരുടെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞു. ഞാന്‍ എന്ത് തന്നെ തീരുമാനിച്ചാലും എനിക്കൊപ്പം നില്‍ക്കുമെന്ന് അവര്‍ പറഞ്ഞു. എന്റെ തീരുമാനം ഉടനെ അറിയിക്കും”- രജനി പറഞ്ഞു.

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെപ്പറ്റിയുളള ഊഹാപോഹങ്ങള്‍ നിലനിന്ന സാഹചര്യത്തിലാണ് താരം ഇന്ന് തന്റെ ഉടമസ്ഥാവകാശത്തിലുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ രജനി മക്കള്‍ മണ്‍ട്രത്തിന്റെ യോഗം വിളിച്ചത്.

യോഗത്തിലൂടെ രജനീകാന്ത് തന്റെ രാഷ്ട്രീയ നിലപാടുകളും പാര്‍ട്ടി പ്രഖ്യാപനവും സംബന്ധിച്ചുള്ള സുപ്രധാന തീരുമാനം അറിയിക്കുമെന്നും മക്കള്‍ മണ്‍ഡ്രത്തിന്റെ സംസ്ഥാന ഭാരവാഹികള്‍ പങ്കെടുക്കുന്ന യോഗത്തില്‍ ഓരോ നേതാക്കളുമായി നേരിട്ട് സംസാരിച്ച് അഭിപ്രായം ആരായുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

2017 ഡിസംബറിലാണ് താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും രജനീകാന്ത് പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് അസുഖങ്ങളെ തുടര്‍ന്ന് തീരുമാനത്തില്‍ നിന്ന് പിന്‍മാറുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്നമുണ്ട്, പക്ഷേ പാര്‍ട്ടി പ്രഖ്യാപനത്തെക്കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കും എന്ന് രജനി പിന്നീട് പ്രതികരിച്ചു. അതിനുശേഷം ആദ്യമായാണ് ഇന്ന് രജനി മക്കള്‍ മണ്‍ഡ്രത്തിന്റെ യോഗം നടന്നത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version