NEWS

കർഷക പ്രക്ഷോഭ ജ്വാലയിൽ കേന്ദ്രത്തിന് പനിക്കുന്നു

ൽഹി വലയം ചെയ്ത കർഷക പ്രക്ഷോഭം മറ്റൊരു ഘട്ടത്തിലേക്ക് കടക്കുമ്പോൾ കേന്ദ്ര സർക്കാരിന് മേൽ സമ്മർദ്ദം ഏറുകയാണ് .പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങൾക്ക് ശേഷം കർഷക പ്രക്ഷോഭത്തിൽ കേന്ദ്രം വലയുകയാണ് .പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ സമരത്തെ ഒരു പരിധിവരെ രാഷ്ട്രീയ പ്രേരിതം എന്ന് വിളിച്ച് നേരിടാൻ ആയെങ്കിൽ കർഷക സമരത്തിന് മുമ്പിൽ അന്ധാളിച്ച് നിൽക്കുകയാണ് ഭരണകൂടം .

പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കും വരെയാണ് സമരം എന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചു കഴിഞ്ഞു .ഉപാധികളോടെ ചർച്ച ആവാമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശം സംഘടനകൾ പുല്ലു പോലെ തള്ളിക്കളഞ്ഞു .

കർഷകരുടെ പ്രതിഷേധം അഞ്ചാം ദിവസവും തുടരുകയാണ് .സോണിപത്, റോത്തക്, ജയ്പുര്‍, ഗാസിയാബാദ്-ഹപുര്‍, മഥുര എന്നിവിടങ്ങളിൽ നിന്നുള്ള പ്രവേശനം തടസപ്പെടുത്തുമെന്നു കർഷകർ പ്രഖ്യാപിച്ചിട്ടുണ്ട് .ബുറാടിയിലെ നിരങ്കാര മൈതാനത്ത് എത്തിച്ചേർന്ന കർഷകർ അവിടെ പ്രതിഷേധിക്കുകയാണ് .നഗരത്തിലേക്കുള്ള ഗതാഗത സംവിധാനങ്ങൾ ആകെ താറുമാറായി കിടക്കുകയാണ് .

ബുറാടി പാർക്ക് തുറന്ന ജയിൽ ആക്കാൻ ആണ് കേന്ദ്ര സർക്കാർ പദ്ധതി എന്ന് കർഷകർ ആരോപിക്കുന്നു .അതുകൊണ്ട് തന്നെ അവിടേയ്ക്ക് മാറാൻ ഉദ്ദേശിക്കുന്നില്ലെന്ന് കർഷകർ വ്യക്തമാക്കി കഴിഞ്ഞു .നാല് മാസം ഡൽഹിയിൽ താമസിച്ച് സമരം ചെയ്യാനുള്ള എല്ലാവിധ സംവിധാനവുമായാണ് കർഷകർ തലസ്ഥാനത്ത് എത്തിയിട്ടുള്ളത് .രാത്രി കൊടും തണുപ്പിൽ ട്രാക്ടറിൽ വൈക്കോൽ വിരിച്ച് കമ്പിളി പുതച്ചാണ് കർഷകർ ഉറങ്ങുന്നത് .ധാന്യങ്ങളും ഭക്ഷ്യ വസ്തുക്കളും ട്രാക്ടറുകളിൽ സംഭരിച്ചിട്ടുണ്ട് .

തലസ്ഥാനത്തേയ്ക്കുള്ള ആറ് അതിർത്തികളിലും കർഷകർ തമ്പടിച്ചിട്ടുണ്ട് .ഇവർക്കെതിരെ ഹരിയാന പോലീസും ഡൽഹി പോലീസും നൂറുകണക്കിന് കേസുകൾ ആണ് രജിസ്റ്റർ ചെയ്തിട്ടുള്ളത് .ഏതാണ്ട് 12,000 കേസുകൾ രജിസ്റ്റർ ചെയ്തതായാണ് വിവരം .

രണ്ടു മാസമാണ് കർഷകർ സമരത്തിനായി തയ്യാറെടുപ്പുകൾ നടത്തിയത് .അഞ്ഞൂറോളം കർഷക സംഘടനകളിൽ നിന്നായി മൂന്നു ലക്ഷത്തോളം കർഷകർ ആണ് സമരത്തിൽ പങ്കെടുക്കുന്നത് .ഉത്തരേന്ത്യയെ കൂടാതെ രാജ്യത്തെ വിവിധ ഇടങ്ങളിൽ നിന്നുള്ള കർഷകരെ ഡൽഹിയിൽ എത്തിക്കാനുള്ള നീക്കം നടക്കുന്നുണ്ട് .

Back to top button
error: